അതിജാഗ്രതയിൽ ചാലക്കുടി; നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
text_fieldsചാലക്കുടി: കനത്ത മഴയും ഡാമുകളിൽനിന്നുള്ള അധിക നീരൊഴുക്കും മൂലമുള്ള അടിയന്തര സാഹചര്യം നേരിടാൻ ചാലക്കുടിയിൽ മുന്നൊരുക്കം. ആവശ്യമായ ഇടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന് നിരവധി കുടുംബങ്ങെള മാറ്റിപ്പാർപ്പിച്ചു. കാര്യങ്ങൾ വിലയിരുത്താൻ തിങ്കളാഴ്ച വൈകിട്ട് സനീഷ് കുമാർ ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു.
ആശങ്കജനകമായ തരത്തിൽ ജലനിരപ്പ് ഉയരാൻ സാധ്യതയില്ലെന്നും ജനം ജാഗ്രത പാലിക്കണമെന്നും യോഗം വിലയിരുത്തി. ചാലക്കുടി നഗരസഭ പരിധിയിലെ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നവർക്കായി തിരുമാന്ധാംകുന്ന് ക്ഷേത്രം ഹാൾ, കോട്ടാറ്റ് സ്കൂൾ, വി.ആർ പുരം ഹാൾ എന്നിവിടങ്ങളിൽ താമസസൗകര്യം ഒരുക്കി.
മേലൂർ ഗ്രാമ പഞ്ചായത്തിലെ വെള്ളം കയറാൻ സാധ്യതയുള്ള ഡിവൈൻ കോളനി, വെട്ടുകടവ് കോളനി എന്നിവിടങ്ങളിലെ മുഴുവൻ കുടുംബങ്ങളെയും ഡിവൈൻ സെൻററിലേക്ക് മാറ്റിപ്പാർപ്പിച്ചു. എളമ്പര കോളനി നിവാസികളെയും ക്യാമ്പിലേക്ക് മാറ്റി.
കൊടകര ഗവ. എൽ.പി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ കാവിൽപാടം, മരത്തംപിള്ളി, ശക്തിനഗർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് താമസിക്കുന്നത്. പരിയാരം പഞ്ചായത്തിൽ രണ്ടു ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. കൊന്നക്കുഴി ഗവ. എൽ.പി സ്കൂളിലും പരിയാരം സെൻറ് ജോർജ് സ്കൂളിലുമാണ് ക്യാമ്പുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.