ഒരേ വേദിയിൽ എട്ട് ഭാഷകളില്‍ ദേശഭക്തി ഗാനം അവതരിപ്പിച്ച് ചാലപ്പുറം ഗണപത് സ്‌കൂൾ
text_fieldsകോഴിക്കോട്: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഒരു വേദിയിൽ എട്ട് ഇന്ത്യൻ ഭാഷകളിൽ ദേശഭക്തി ഗാനം അവതരിപ്പിച്ച് ചാലപ്പുറത്തെ ഗവ. ഗണപത് മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ. 15 മിനിറ്റ് ദൈർഘ്യമുള്ള ഗാനത്തിൽ കന്നട, സംസ്‌കൃതം, തമിഴ്, തെലുങ്ക്, ഹിന്ദി, കൊങ്ങിണി, ബംഗാളി, മലയാളം ഭാഷകളാണ് ഉൾപ്പെടുത്തിയത്. ഗാനം ആലപിച്ചവരിൽ ഈ ഭാഷക്കാരായ വിദ്യാർഥിനികൾ ഉണ്ടെന്നതും മറ്റൊരു സവിശേഷതയായി. 1800ലേറെ വിദ്യാർഥികൾ പങ്കെടുത്ത സ്കൂളിലെ മെഗാ ദേശഭക്തി ഗാനത്തിന് ‘ഇന്ത്യ രാഗ് 2023’ എന്നാണ് പേരിട്ടിരുന്നത്. തിങ്കളാഴ്ച രാവിലെ 11ന് സ്‌കൂൾ അങ്കണത്തിൽ 'ഇന്ത്യ രാഗ്' ആലപിച്ചു. അഞ്ചാം ക്ലാസ് മുതല്‍ പ്ലസ്‌ടു വരെയുള്ള കുട്ടികളാണ് ഗാനം അവതരിപ്പിച്ചത്.
സ്കൂളിലെ സംഗീതാധ്യാപിക മിനി ടീച്ചറുടെ ഏറെ കാലത്തെ ആഗ്രഹമാണ് ഇതിലൂടെ പൂവണിഞ്ഞത്. ഡെപ്യൂട്ടി എച്ച്.എം ഇ.പി സജിത്, അധ്യാപിക തനൂജ എന്നിവർ ടീച്ചർക്കൊപ്പം നിന്നു. പ്രിൻസിപ്പൽ എ.കെ മധു, എച്ച്.എം കെ.ടി ഉമ്മുകുൽസു, മറ്റ് അധ്യാപകർ എന്നിവരുടെ പൂർണ പിന്തുണയും ലഭിച്ചതോടെയാണ് പരിപാടി യാഥാർഥ്യമായത്. ഗാനത്തിന് സംഗീതജ്ഞരായ ഡൊമിനിക് മാർട്ടിൻ (കീബോർഡ്), ശശികൃഷ്‌ണ (ബേയ്‌സ് ഗിറ്റാർ), സോമൻ (ലീഡ് ഗിറ്റാർ) പീതാംബരൻ (റിഥം പാഡ്) എന്നിവരാണ് തത്സമയ പശ്ചാത്തല സംഗീതം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.