കണ്ണീർക്കാഴ്ചകൾ നിറഞ്ഞൊഴുകി ചാലിയാർ
text_fieldsനിലമ്പൂർ: കവളപ്പാറയുടെ കണ്ണീരോർമ മായുംമുമ്പേ പോത്തുകല്ല് വീണ്ടും ദുരന്തഭൂമികയായി. കിലോമീറ്ററുകൾക്കപ്പുറം ചാലിയാറിന്റെ ഉത്ഭവത്തിൽ വയനാട് മുണ്ടക്കൈയിലാണ് ഇത്തവണ ദുരന്തമെങ്കിലും ചങ്കുതകർക്കുന്ന ദൃശ്യങ്ങൾക്കാണ് പോത്തുകല്ലും തേക്കിൻനാടും ദൃക്സാക്ഷികളായത്. പ്രകൃതിയുടെ താണ്ഡവത്തിൽ രൗദ്രഭാവവുമായെത്തിയ ചാലിയാർ കുഞ്ഞോമനയുടേത് ഉൾപ്പെടെ നിരവധി മൃതദേഹങ്ങളാണ് കൊണ്ടുവന്നത്.
മുണ്ടക്കൈ ദുരന്തത്തിലകപ്പെട്ട മനുഷ്യരുടെ ഛിന്നഭിന്നമായ ശരീരങ്ങൾ ഇരുട്ടുകുത്തി, അമ്പുട്ടാൻപൊട്ടി, കുനിപ്പാല, മച്ചിക്കൈ, ഭൂദാനം, വെള്ളിലമാട്, കമ്പിപ്പാലം കടവുകളിൽ പുഴ ഉപേക്ഷിച്ചു. ഉറ്റവരുടെ അലറിക്കരച്ചിൽ ഉണ്ടായിരുന്നില്ലെങ്കിലും കരൾ പിളർക്കുന്നതായിരുന്നു കാഴ്ചകൾ.
ചൊവ്വാഴ്ച രാവിലെ 7.30ഓടെ നാലു വയസ്സുകാരിയുടെ മൃതദേഹമാണ് ആദ്യം കിട്ടിയത്. കുത്തൊഴുക്കിലെത്തി കുനിപ്പാല കടവിലടിഞ്ഞ മരക്കമ്പുകൾക്കിടയിൽ ആ കുഞ്ഞുശരീരം തങ്ങിനിന്നു. ചാലിയാറിലൂടെ മൃതദേഹങ്ങൾ ഒഴുകിവരുന്ന നടുക്കുന്ന വാർത്ത പ്രചരിച്ചതോടെ രക്ഷാപ്രവർത്തകരും പൊലീസും അഗ്നിരക്ഷാസേനയും എമർജൻസി റെസ്ക്യൂ ഫോഴ്സും നാട്ടുകാരും പോത്തുകല്ലിലേക്ക് പാഞ്ഞെത്തി. പിന്നീടുള്ള തിരച്ചിലിലാണ് കൂടുതൽ മൃതശരീരങ്ങൾ ഒറ്റക്കും കൂട്ടമായും മറ്റു കടവുകളിൽനിന്ന് ലഭിച്ചത്.
പശ്ചിമഘട്ടത്തിലെ നീലഗിരി ഇളമ്പലേരി മലനിരകളിലെ 900 മീറ്ററോളം ഉയരത്തിൽനിന്നാണ് ചാലിയാറിന്റെ ഉത്ഭവം. കൈവരികളിൽ ഭൂരിഭാഗവും ഉത്ഭവിക്കുന്നത് കിഴക്ക് നീലഗിരി കുന്നുകളിലും വടക്ക് വയനാട് മലനിരകളിലുമാണ്. നിരവധി റാപ്പിഡുകളും വെള്ളച്ചാട്ടങ്ങളുമുണ്ട്. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ അപ്പാടെ തുടച്ചുനീക്കിയാണ് ചുളിക്കപുഴയിലൂടെ മലവെള്ളപ്പാച്ചിലുണ്ടായത്.
സൂചിപ്പാറ വെള്ളച്ചാട്ടവും താണ്ടി കമ്പളപ്പാറ വരെ കല്ലും പാറകളും നിറഞ്ഞ 30 മുതൽ 50 വരെ ഡിഗ്രി ചരിവുള്ള വനാന്തർഭാഗങ്ങളിലൂടെയാണ് കുതിച്ചെത്തുന്നത്. വാണിയപുഴയായി ഇവിടെനിന്ന് തെക്കോട്ടൊഴുകി പോത്തുകല്ല് ഇരുട്ടുകുത്തിയിലെത്തും. ഒന്നര മണിക്കൂറിനകം മുണ്ടക്കൈയിൽനിന്ന് മുണ്ടേരിയിലെത്തും. പോത്തുകല്ലിലെത്തുമ്പോൾ ഒഴുക്കിന്റെ ശക്തി കുറഞ്ഞ് പുഴ പരന്നൊഴുകുന്നു. ഇതുകൊണ്ടാവാം ജീവനറ്റ ദേഹങ്ങൾ പോത്തുകല്ലിലെ കടവുകളിൽ അടിഞ്ഞത്.
2019 ആഗസ്റ്റ് എട്ടിനാണ് കേരളത്തെ നടുക്കിയ പോത്തുകല്ല് കവളപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായത്. മുത്തപ്പന്‍കുന്ന് അപ്പാടെ ഒരു ഗ്രാമത്തിന് മുകളിലേക്ക് അമരുകയായിരുന്നു. താഴ്വാരത്തെ 45 വീടുകള്‍ മണ്ണിനടിയിലായി. 59 ജീവനുകൾ പൊലിഞ്ഞു. 48 മൃതദേഹങ്ങള്‍ കണ്ടെടുത്തു. 11 പേരെ വിട്ടുകൊടുക്കാതെ മുത്തപ്പന്‍കുന്ന് തന്റെ മണ്ണാഴങ്ങളിൽ പൊതിഞ്ഞു. നടുക്കുന്ന ഓർമകളിൽനിന്ന് മോചിതമാവുന്നതിന് മുമ്പാണ് ഒരു ദുരന്തത്തിനുകൂടി മലയോരം സാക്ഷിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.