ലക്ഷദ്വീപ് ജനതയുടെ ജീവിതത്തിന് വെല്ലുവിളി: അഡ്മിനിസ്ട്രേറ്റർക്കെതിരെ നിയമസഭ പ്രമേയം നാളെ
text_fieldsതിരുവനന്തപുരം: ലക്ഷദ്വീപ് ജനതയുടെ ജീവിതത്തിന് വെല്ലുവിളി ഉയർത്തുന്ന അഡ്മിനിസ്ട്രേറ്ററുടെ നടപടിക്കെതിരെ സംസ്ഥാന നിയമസഭ തിങ്കളാഴ്ച പ്രമേയം പാസാക്കും. ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവന മാർഗവും സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും. പൂർണപിന്തുണ നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കിയ സാഹചര്യത്തിൽ പ്രമേയം ഐകകണ്ഠ്യേന പാസാകുമെന്നുറപ്പാണ്.
ശ്യൂന്യവേളയിൽ ചരമോപചാരത്തിനുശേഷമാകും ചട്ടം 118 അനുസരിച്ചുള്ള പ്രമേയം മുഖ്യമന്ത്രി സഭയിൽ അവതരിപ്പിക്കുക. പ്രതിപക്ഷ നേതാവ് സംസാരിച്ചശേഷം ഭരണപക്ഷ, പ്രതിപക്ഷത്തുനിന്ന് രണ്ടുപേർ വീതം പ്രമേയത്തെ അധികരിച്ച് സംസാരിക്കും.
എൽ.ഡി.എഫിൽനിന്ന് സി.പി.െഎ, കേരള കോൺഗ്രസ് (എം) പ്രതിനിധികളും യു.ഡി.എഫിൽനിന്ന് മുസ്ലിം ലീഗ്, കേരള കോൺഗ്രസ് (ജോസഫ്) പ്രതിനിധികളും സംസാരിക്കും. ചർച്ചയും പാസാക്കൽ ഉൾപ്പെടെയുള്ള അനുബന്ധ നടപടികളും അരമണിക്കൂറിനകം പൂർത്തീകരിക്കാനാണ് കഴിഞ്ഞ ദിവസം ചേർന്ന കാര്യോപദേശക സമിതിയിലുണ്ടായ ധാരണ.
ശ്രദ്ധക്ഷണിക്കലും ഉപക്ഷേപവും തിങ്കളാഴ്ച ഒഴിവാക്കി. ഇൗയാഴ്ച ചോദ്യോത്തരവേളയും ഉണ്ടാകില്ല. അതേസമയം നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചക്ക് ഒരു വനിതാ അംഗം തുടക്കമിടും. സി.പി.എം നിയമസഭാ കക്ഷി വിപ്പും മുൻ ആരോഗ്യ മന്ത്രിയുമായ കെ.കെ. ശൈലജയാകും പ്രമേയം അവതരിപ്പിച്ച് ചർച്ചക്ക് തുടക്കമിടുക. നന്ദിപ്രമേയ ചർച്ച മൂന്നുദിവസം തുടരും. നിയമസഭയിൽ നന്ദിപ്രമേയം ശൈലജ അവതരിപ്പിക്കുന്നതോടെ ഇതിന് വനിതയെ നിയോഗിക്കുന്ന ആദ്യ രാഷ്ട്രീയ പാർട്ടി കൂടിയായി സി.പി.എം മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.