തദ്ദേശ സ്ഥാപനങ്ങൾക്ക് വെല്ലുവിളി കാലം
text_fieldsതിരുവനന്തപുരം: പുതുതായി അധികാരേമറ്റ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മുന്നിലുള്ളത് വെല്ലുവിളികളുടെ കാലം. കഴിഞ്ഞ ഭരണസമിതി പാസാക്കിയ പദ്ധതികൾ പൂർത്തീകരിക്കുകയും പുതിയ പദ്ധതികൾ തയാറാക്കുകയുമാണ് മുഖ്യലക്ഷ്യം. അതേസമയം, ഭരണ സമിതികൾ മാറിയ പഞ്ചായത്തുകളിൽ മുൻപദ്ധതികളിൽ മാറ്റംവരുത്താൻ സർക്കാറിെൻറ കാരുണ്യത്തിന് കാത്തിരിക്കണം.
കഴിഞ്ഞ ഭരണസമിതികൾ പാസാക്കുകയും പകുതി വഴിയിലാകുകയും ചെയ്ത പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനൊപ്പം 2021-2022 സാമ്പത്തിക വർഷത്തെ പുതിയ പദ്ധതികൾ രണ്ട് മാസത്തിനുള്ളിൽ ആസൂത്രണം ചെയ്്ത് അംഗീകാരം നൽകണം. കഴിഞ്ഞ ഭരണ സമിതി പാസാക്കി ടെൻഡർ ചെയ്ത പ്രവൃത്തികൾ മാറ്റാൻ സാധിക്കാത്തതിനാൽ അവ തുടരും. എന്നാൽ രാഷ്ട്രീയമായി എതിർ ദിശയിൽ നിൽക്കുന്ന ഭരണസമിതികൾ അധികാരത്തിൽ വരുന്നതോടെ മുൻഗണനയിൽ വിരുദ്ധ താൽപര്യങ്ങൾ ഉടലെടുക്കുക പതിവാണ്. ചില പദ്ധതികൾക്ക് മുൻഗണന മാറ്റി ഭേദഗതി വരുത്തി പുതിയ പ്രവൃത്തികൾ കൊണ്ടുവരണമെങ്കിൽ ആസൂത്രണ ബോർഡ് കനിയണം.
പദ്ധതികൾ ഭേദഗതി ചെയ്യാൻ പുതിയ മാർഗനിർദേശം ബോർഡ് പുറപ്പെടുവിച്ചാൽ മാത്രമേ ജില്ല ആസൂത്രണ സമിതിക്ക് അംഗീകാരം നൽകാൻ കഴിയൂ. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് സാധാരണ ഭേദഗതി ചെയ്യാനുള്ള അനുമതി നൽകുന്നത്. പുതുതായി അധികാരമേറ്റ ഭരണസമിതികൾക്ക് സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പുകൾക്ക് ശേഷമേ ഇൗ വിഷയം പരിഗണിക്കാൻ സാധിക്കൂ.
മാർച്ചിന് മുമ്പ് പുതിയ പദ്ധതി തയാറാക്കി അംഗീകാരം നേടണമെന്നതാണ് തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി. പ്ലാനിങ് കലണ്ടർ തയാറാക്കി മാർഗനിർദേശം പുറപ്പെടുവിച്ച് വിവിധ വകുപ്പുകളുടെ വർക്കിങ് ഗ്രൂപ്പുകൾ രൂപവത്കരിച്ച് വേണം പദ്ധതി തയാറാക്കാൻ.
ഗ്രാമസഭ ചേർന്ന് അഭിപ്രായം ആരാഞ്ഞ്, വികസന സെമിനാർ സംഘടിപ്പിക്കേണ്ടതുണ്ട്. അതിന് ശേഷമേ അന്തിമ കരട് പദ്ധതി രേഖ തയാറാക്കാൻ കഴിയൂ. കുറഞ്ഞ സമയത്തിനുള്ളിൽ ഇൗ കടമ്പകൾ പൂർത്തീകരിച്ചാലേ ഭരണസമിതി ചേർന്ന് അംഗീകാരം നൽകാൻ കഴിയൂ. മാർച്ച് 31ന് മുമ്പ് അംഗീകാരം നൽകണം.
കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ പ്രവർത്തിക്കുന്ന പഞ്ചായത്തുകളാണ് വലിയ വെല്ലുവിളി നേരിടുന്നത്. ഇവ പ്രവർത്തിക്കാനുള്ള ചെലവ് ഇൗ തദ്ദേശ സ്ഥാപനങ്ങൾ സ്വന്തം ഫണ്ടിൽ നിന്നാണ് വഹിക്കുന്നത്. ഇത്തരത്തിൽ ചെലവഴിക്കുന്ന തുക ദുരന്ത നിവാരണ ഫണ്ടിൽനിന്ന് കൊടുക്കുമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളതെങ്കിലും ഇതുവരെ അവ ലഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.