പ്രവൃത്തി തുടങ്ങി ഒന്നര വർഷം; ചമതച്ചാൽ റെഗുലേറ്റർ കം പാലം ഉദ്ഘാടനം ഇന്ന്
text_fieldsശ്രീകണ്ഠപുരം: മലയോര മേഖലയിലെ കാർഷിക ജലസേചനത്തിനും യാത്രാസൗകര്യത്തിനുമായി നിർമിച്ച ചമതച്ചാല്‍ -തിരൂർ റെഗുലേറ്റര്‍ കം പാലത്തിെൻറ ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് മൂന്നിന് മന്ത്രി കെ. കൃഷ്ണൻ കുട്ടി നിർവഹിക്കും. മന്ത്രി ഇ.പി. ജയരാജൻ അധ്യക്ഷത വഹിക്കും. ഒന്നര വർഷം മുമ്പ് ട്രയൽ പരിശോധനയടക്കം പൂർത്തിയാക്കി റെഗുലേറ്റർ പാലത്തിെൻറ പ്രവർത്തനം തുടങ്ങിയിരുന്നു. പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തെങ്കിലും ഔദ്യോഗിക ഉദ്ഘാടനം നടത്തിയിരുന്നില്ല. പണി പൂർത്തിയായിട്ടും ഉദ്ഘാടനം നടത്താത്തതിനെതിരെ രാഷ്ട്രീയ പാർട്ടികളും സമരം നടത്തിയിരുന്നു.
പയ്യാവൂര്‍, പടിയൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ചമതച്ചാല്‍ പുഴയിലാണ് പാലവും റെഗുലേറ്ററും സ്ഥാപിച്ചത്. നബാർഡ് വിഹിതം ഉപയോഗിച്ച് 19 കോടി രൂപ ചെലവിലാണ് നിർമാണം പൂർത്തിയായത്. ചെറുകിട ജലസേചന വിഭാഗത്തിൽപെടുന്ന പദ്ധതിയുടെ നിർമാണ ചുമതല കാസര്‍കോട് പ്ലാച്ചിക്കര ആസ്ഥാനമായ ഗുഡ് വുഡ് കോണ്‍ട്രാക്ട് കമ്പനിക്കായിരുന്നു. 94 മീറ്റര്‍ നീളത്തില്‍ രണ്ടുവരിപ്പാലവും റെഗുലേറ്ററും എട്ട് ഷട്ടറുകളുമാണ് നിർമിച്ചത്. കൂടാതെ 320 മീറ്റര്‍ നീളം വരുന്ന അനുബന്ധ റോഡും സ്വിച്ച് റൂം കെട്ടിടവും ഒരുക്കി. ആറ് മീറ്റര്‍ ഉയരത്തില്‍ വെള്ളം കെട്ടിനിര്‍ത്താനുള്ള സൗകര്യത്തോടെയാണ് ഷട്ടറുകൾ നിര്‍മിച്ചത്. വേനൽക്കാലത്ത് ഷട്ടർ അടച്ചാൽ നുച്യാട് പാലം വരെ ആറുമീറ്റർ ഉയരത്തിൽ വെള്ളം നിറയുമെന്നാണ് വിലയിരുത്തൽ.
ഷട്ടർ ഇട്ടുകൊണ്ടുള്ള ട്രയൽ പരിശോധനയും ഒന്നര വർഷം മുമ്പ് നടത്തിയിരുന്നു. ഏകദേശം അഞ്ചു മീറ്റർ ഉയരം വരെ വെള്ളമെത്തിയതോടെ ഷട്ടർ തുറന്നുവിടുകയായിരുന്നു. ആറ് കിലോമീറ്ററോളം പ്രദേശത്ത് ജലസംഭരണം സാധ്യമാകുമെന്ന് അധികൃതർ അറിയിച്ചു. പടിയൂർ, പയ്യാവൂർ പഞ്ചായത്തുകളിലെ കർഷകർക്ക് കാർഷിക ജലസേചനവും പദ്ധതി വഴി ലക്ഷ്യമാക്കുന്നുണ്ട്. ചമതച്ചാൽ, തിരൂർ പ്രദേശങ്ങളെ ബന്ധപ്പെടുത്തിയാണ് പാലം നിർമിക്കുന്നത്. തിരൂര്‍, കൊശവന്‍വയല്‍, കാഞ്ഞിലേരി, മഞ്ഞാങ്കരി നിവാസികള്‍ക്ക് മലയോര ഹൈവേയിലൂടെ ഇരിട്ടി ഭാഗത്തേക്ക് യാത്ര ചെയ്യാന്‍ പാലം സഹായിക്കും. നേരത്തെ ചമതച്ചാല്‍ പുഴയിലൂടെയുള്ള തോണി യാത്രയായിരുന്നു ജനങ്ങളുടെ ആശ്രയം. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്താണ് ചെറുകിട ജലസേചന വകുപ്പ് പദ്ധതിക്ക് അനുമതി നൽകിയത്.
നിലവിൽ തിരൂർ ഭാഗത്തുനിന്ന് പാലത്തിലേക്ക് വീതികുറഞ്ഞ പൊട്ടിപ്പൊളിഞ്ഞ റോഡാണുള്ളത്. ഈ റോഡുകൂടി നവീകരിച്ചാലേ ഗതാഗത സൗകര്യം പൂർണമായും മെച്ചപ്പെടുകയുള്ളു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.