വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനത്തിന് കൊടിയേറി
text_fieldsവ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് കോഴിക്കോട് കടപ്പുറത്തെ പൊതുസമ്മേളന നഗരിയിൽ സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മമ്മദ് കോയ
പതാക ഉയർത്തുന്നു
കോഴിക്കോട്: വ്യാപാരി വ്യവസായി സമിതി 11ാം സംസ്ഥാന സമ്മേളനത്തിന് തുടക്കംകുറിച്ച് പൊതുസമ്മേളനനഗരിയിൽ പതാക ഉയർന്നു. കടപ്പുറം ഫ്രീഡം സ്ക്വയറിലെ എം.പി. കൃഷ്ണൻ നഗറിൽ സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മമ്മദ് കോയയാണ് പതാക ഉയർത്തിയത്. ആലപ്പുഴയിലെ ഒ. അഷ്റഫിന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് പ്രയാണം തുടങ്ങിയ പതാകജാഥയും കൊയിലാണ്ടിയിലെ എം.പി. കൃഷ്ണന്റെ സ്മൃതി മണ്ഡപത്തിൽനിന്ന് പ്രയാണം തുടങ്ങിയ കൊടിമര ജാഥയും മുതലക്കുളത്ത് സംഗമിച്ച ശേഷമാണ് കടപ്പുറത്തെത്തിയത്. ഇരുചക്ര വാഹനങ്ങളുടെയും ബാൻഡ് വാദ്യങ്ങളുടെയും അകമ്പടിയോടെയാണ് ഇരു ജാഥകളെയും കടപ്പുറത്തേക്ക് ആനയിച്ചത്. സംസ്ഥാന വൈസ് പ്രസിഡന്റ് വി. പാപ്പച്ചൻ പതാക ജാഥക്കും സംസ്ഥാന ജോ.സെക്രട്ടറി സി. കെ. വിജയൻ കൊടിമര ജാഥക്കും നേതൃത്വം നൽകി. പൊതുസമ്മേളന നഗരിയിൽ വി. പാപ്പച്ചനിൽ നിന്ന് പതാക ജില്ല സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യനും കൊടിമരം സി.കെ. വിജയനിൽനിന്ന് ജില്ല പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂറും ഏറ്റുവാങ്ങി. സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു സംസാരിച്ചു. സ്വാഗതസംഘം രക്ഷാധികാരി എ. പ്രദീപ് കുമാർ, സംസ്ഥാന ട്രഷറർ എസ്. ദിനേഷ്, ബിന്നി ഇമ്മട്ടി എന്നിവർ പങ്കെടുത്തു. 23ന് ഫ്രീഡം സ്ക്വയറിൽ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.