ചാൻസലർ: ഗവർണറെ നീക്കാനുള്ള ബില്ലിൽ നിയമത്തിന്‍റെ തലനാരിഴ കീറി സംവാദം
text_fieldsതിരുവനന്തപുരം: ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കാനുള്ള ബില്ലിന്മേൽ നിയമസഭയിൽ നടന്നത് നിയമത്തിന്‍റെ തലനാരിഴ കീറിയുള്ള സംവാദം. സമീപകാലത്തെ കോടതിവിധികളും യു.ജി.സി നിയമവും റെഗുലേഷനും ഉദ്ധരിച്ചുള്ളതായി ബില്ലിന്മേലുള്ള തടസ്സവാദവും മറുപടിയും ചർച്ചയുമെല്ലാം.
ബിൽ യു.ജി.സി റെഗുലേഷന് വിരുദ്ധമാണെന്നും നിയമപരമായി നിലനിൽപില്ലെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ വാദം. ചാൻസലറുടെ നിയമനാധികാരിയായ സർക്കാറിന്‍റെ ഭാഗമായ ഉന്നത വിദ്യാഭ്യാസ മന്ത്രി ചാൻസലർക്കുകീഴിൽ പ്രോ-ചാൻസലറാകുന്നത് പ്രോട്ടോകോൾ ലംഘനമാണ്.
ഡിജിറ്റൽ സർവകലാശാലയുടെ പ്രോ-ചാൻസലർ മുഖ്യമന്ത്രിയാണെന്നും അവിടെ സർക്കാർ നിയമിക്കുന്ന ചാൻസലറുടെ ഉത്തരവ് മുഖ്യമന്ത്രിക്ക് അനുസരിക്കേണ്ടിവരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ചാൻസലർക്ക് സർവകലാശാലയിൽ ഓഫിസും ജീവനക്കാരുമുൾപ്പെടെ സംവിധാനങ്ങളൊരുക്കുന്നത് അധിക ചെലവ് വരുന്നതാണെന്നും അതിനായി ബില്ലിൽ ധനകാര്യ മെമ്മോറാണ്ടം ഉൾപ്പെടുത്തിയിട്ടില്ലെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ വിമർശനം.
എന്നാൽ, സംസ്ഥാന നിയമസഭ പാസാക്കിയ നിയമവുമായി യു.ജി.സി റെഗുലേഷൻ വൈരുധ്യം വരുമ്പോൾ റെഗുലേഷൻ നിലനിൽക്കണമെന്ന പ്രതിപക്ഷ പ്രസ്താവന അപകടകരമാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
ഭരണഘടനയുടെ സമാവർത്തി പട്ടികയിലുള്ള വിഷയങ്ങളിൽ നിയമസഭ പാസാക്കുന്ന ഏത് നിയമവും എക്സിക്യൂട്ടിവ് ഉത്തരവിലൂടെ കേന്ദ്രസർക്കാറിന് ഇല്ലാതാക്കാനുള്ള വഴിയാണ് ഒരുങ്ങുകയെന്ന് രാജീവ് ചൂണ്ടിക്കാട്ടി. ഈ നിലപാടാണ് കോൺഗ്രസ് എടുക്കുന്നതെങ്കിൽ ഇന്ത്യൻ ജനാധിപത്യത്തിന്‍റെ കുരുതിക്കുള്ള പ്രഖ്യാപനത്തിലേക്കുള്ള ചുവടുവെപ്പായിരിക്കും അത്.
വി.സിയുടെ കാലാവധി പൂർത്തിയാകുമ്പോഴാണ് പി.വി.സിയും ചുമതല ഒഴിയേണ്ടത്. അല്ലാത്ത സന്ദർഭത്തിൽ പി.വി.സിക്ക് തുടരാമെന്ന ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് വി.സിയുടെ അഭാവത്തിൽ പി.വി.സിക്ക് ചുമതല നൽകാൻ ബില്ലിൽ വ്യവസ്ഥ കൊണ്ടുവന്നതെന്നും രാജീവ് വിശദീകരിച്ചു.
മൂന്ന് ബില്ലുകൾ സബ്ജക്ട് കമ്മിറ്റിക്ക്
തിരുവനന്തപുരം: കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ (രജിസ്‌ട്രേഷനും നിയന്ത്രണവും) രണ്ടാം ഭേദഗതി ബിൽ അടക്കം മൂന്ന് ബിൽ നിയമസഭ സബ്‌ജക്ട് കമ്മിറ്റിക്ക് വിട്ടു. പ്രവാസി ഭാരതീയർ (കേരളീയർ) കമീഷൻ ഭേദഗതി ബിൽ, കേരള ആധാരെമെഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്‌റ്റാമ്പ് വെണ്ടർമാരുടെയും ക്ഷേമനിധി (ഭേദഗതി) എന്നിവയാണ് സബ്‌ജക്ട് കമ്മിറ്റിക്ക് വിട്ട മറ്റ് ബില്ലുകൾ. കേരള പൊതുവിൽപന നികുതി (ഭേദഗതി) ബിൽ സഭ പരിഗണിച്ചെങ്കിലും വിശദചർച്ച വേണമെന്ന ആവശ്യത്തെ തുടർന്ന് മാറ്റിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.