ഷാജൻ സ്കറിയക്കെതിരെ മാനനഷ്ടകേസുമായി ചാണ്ടി ഉമ്മൻ
text_fieldsകൊച്ചി: മറുനാടൻ മലയാളി എന്ന ഓൺലൈൻ പോർട്ടലിനും നടത്തിപ്പുകാരനായ ഷാജൻ സ്കറിയ എന്നയാൾക്കുമെതിരെ മാനനഷ്ട കേസ് നൽകി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ. തുടർച്ചയായി പിതാവിന്റെ ആരോഗ്യം സംബന്ധിച്ചും കുടുംബത്തിനെതിരെയും വാസ്തവ വിരുദ്ധമായ വാർത്തകൾ നൽകിയതിലാണ് കേസ് കൊടുത്തത്. ഫേസ്ബുക്കിലൂടെയാണ് കേസ് നൽകിയ വിവരം ചാണ്ടി ഉമ്മൻ അറിയിച്ചത്. മാനഷ്ട കേസിൽ അയച്ച നോട്ടീസും ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്.
നേരത്തെ പൃഥ്വിരാജും ഷാജൻ സ്കറിയക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സ്വീകരിച്ച നടപടികൾക്ക് പിഴയായി 25 കോടി അടച്ചുവെന്നും "പ്രൊപഗാൻഡ" സിനിമകൾ നിർമിക്കുന്നുവെന്നും ആരോപിച്ച് തനിക്കെതിരെ അപകീർത്തിപരവും വ്യാജവുമായ വാർത്ത മറുനാടൻ മലയാളി എന്ന പേരിലുള്ള യൂ ട്യൂബ് ചാനൽ പ്രസിദ്ധീകരിച്ചത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ ആരോപണം തീർത്തും അസത്യവും അടിസ്ഥാനരഹിതവും അത്യന്തം അധിക്ഷേപകരവുമാണ്. ആ ചാനലിനെതിരെ ശക്തമായ നിയമ നടപടിയെടുക്കുമെന്നാണ് പൃഥ്വിരാജ് കഴിഞ്ഞ ദിവസം പറഞ്ഞത്.
വർത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാധ്യമ ധാർമികത എന്നതിനാൽ സാധാരണഗതിയിൽ ഇത്തരം വ്യാജആരോപണങ്ങളേയും വാർത്തകളേയും ഞാൻ അത് അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണുള്ളത്. എന്നാൽ തീർത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു "കള്ളം", വാർത്ത എന്ന പേരിൽ പടച്ചുവിടുന്നത് എല്ലാ മാധ്യമധർമത്തിന്റേയും പരിധികൾ ലംഘിക്കുന്നതാണ്. ഈ വിഷയത്തിൽ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാൻ ഒരുക്കമാണ്. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.
വ്യവസായി എം.എ യൂസഫലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകൻ വിവേക് ഡോവൽ എന്നിവർക്ക് എതിരെ വ്യാജ ആരോപണം ഉന്നയിച്ച കേസിൽ ഓൺലൈൻ മാധ്യമം മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്‌കറിയക്ക് ലഖ്‌നൗ കോടതി സമൻസ്. ലക്നൗ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആണ് സമൻസ് അയച്ചത്. ഷാജൻ സ്‌കറിയക്ക് പുറമെ മറുനാടൻ മലയാളിയുടെ സിഇഒ ആൻ മേരി ജോർജ്, ഗ്രൂപ്പ് എഡിറ്റർ റിജു എന്നിവർക്കും സമൻസ് അയച്ചിട്ടുണ്ട്. മൂന്ന് പേരോടും ജൂൺ ഒന്നിന് നേരിട്ട് ഹാജരാകണം എന്ന് കോടതി ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.