20 മണിക്കൂർ തിരച്ചിൽ, പ്രാർഥനയോടെ കാത്തിരിപ്പ്; ഒടുവിൽ കണ്ടെത്തിയത് ചേതനയറ്റ ശരീരം
text_fieldsആലുവ: ആലുവയിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന്‍റെ നടുക്കത്തിൽ കേരളം. ഇന്നലെ കാണാതായ കുട്ടിയെ സുരക്ഷിതമായി കണ്ടെത്താനാകണമേയെന്ന പ്രാർഥനയിലായിരുന്നു ഏവരും. എന്നാൽ, എല്ലാ കാത്തിരിപ്പുകളും വിഫലമാക്കി ആലുവ മാർക്കറ്റിന് സമീപം ചാക്കിൽ കെട്ടിയ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ബിഹാർ സ്വദേശികളായ തൊഴിലാളി ദമ്പതികളുടെ മകളെയാണ് ഇന്നലെ മുതൽ കാണാതായത്. തായിക്കാട്ടുകര ഗാരേജ് റെയിൽവേ ഗേറ്റിനു സമീപത്തായിരുന്നു കുടുംബം താമസിച്ചത്. രക്ഷിതാക്കൾ ജോലിക്ക് പോയപ്പോൾ വെള്ളിയാഴ്ച വൈകീട്ട് 3.30ഓടെയാണ് കുട്ടിയെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയെയും കൂട്ടി ഒരാൾ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിക്കുകയായിരുന്നു. ഇതോടെ കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് വ്യക്തമാക്കി.
കുട്ടി ഒരാളോടൊപ്പം പോകുന്നത് കണ്ടെന്ന് ഒരു കടക്കാരൻ അറിയിച്ചിരുന്നു. കുട്ടിക്ക് നൽകാൻ ജ്യൂസ് വാങ്ങിയാണ് ഇയാൾ പോയത്. പിന്നാലെ കുട്ടിയെയും കൂട്ടി റോഡ് മുറിച്ചുകടന്നുപോകുന്ന ദൃശ്യങ്ങളും സി.സി.ടി.വിയിലുണ്ടായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ സി.സി.ടി.വിയിൽ കണ്ട അസം സ്വദേശിയായ അസഫാക് ആലത്തെ കസ്റ്റഡിയിലെടുത്തു. ആലുവ തോട്ടക്കാട്ടുകര ഭാഗത്തുനിന്നാണ് പ്രതിയെ രാത്രി കസ്റ്റഡിയിലെടുത്തത്.
തായിക്കാട്ടുകരയിൽ മുക്കത്ത് പ്ലാസയിലായിരുന്നു കുട്ടിയുടെ കുടുംബം വാടകക്ക് താമസിച്ചിരുന്നത്. മൂന്ന് വർഷമായി ഇവർ ഇവിടെയുണ്ട്. ഇതേ കെട്ടിടത്തിൽ രണ്ടുദിവസം മുമ്പ് താമസിക്കാനെത്തിയ ആളാണ് അസം സ്വദേശിയായ അസഫാക് ആലം.
പ്രതിയെ പിടികൂടിയപ്പോൾ മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ഇയാൾ ആദ്യം സമ്മതിച്ചിരുന്നില്ല. ചോദ്യംചെയ്യലിൽ പരസ്പര വിരുദ്ധമായാണ് ഇയാൾ സംസാരിച്ചത്. ഇന്ന് രാവിലെ നടത്തിയ ചോദ്യംചെയ്യലിൽ കുട്ടിയെ താൻ തട്ടിക്കൊണ്ടുപോയി സക്കീർ എന്നയാൾക്ക് കൈമാറി പണംവാങ്ങിയെന്ന് ഇയാൾ വെളിപ്പെടുത്തുകയായിരുന്നു.
കുട്ടിക്ക് വേണ്ടി പൊലീസ് നോട്ടീസ് ഇറക്കി സംസ്ഥാനത്തുടനീളം അന്വേഷിക്കവേയാണ് പ്രാർഥനകൾ വിഫലമാക്കി ആലുവ മാർക്കറ്റിന് സമീപത്തുനിന്ന് ചാക്കിൽകെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.