ചന്ദ്രബോസ് വധം: നിസാമിന്റെ അപ്പീൽ ആറു മാസത്തിനകം തീർപ്പാക്കണം
text_fieldsന്യൂഡൽഹി: തൃശൂരിൽ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം കഠിനതടവ് ശിക്ഷ സ്റ്റേ ചെയ്യണമെന്ന പ്രതി മുഹമ്മദ് നിസാമിന്റെ ആവശ്യം സുപ്രീംകോടതി തള്ളി.
ശിക്ഷ സ്റ്റേ ചെയ്യാനും നിസാമിന് ജാമ്യം അനുവദിക്കാനുമുള്ള ആവശ്യങ്ങളും സുപ്രീംകോടതി തള്ളി. ശിക്ഷക്കെതിരായ പ്രതിയുടെ അപ്പീൽ ആറു മാസത്തിനകം തീർപ്പാക്കാൻ ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ച് ഹൈകോടതിക്ക് നിർദേശം നൽകി. ആറു മാസത്തിനകം തീർപ്പാക്കിയില്ലെങ്കിൽ സ്റ്റേ ആവശ്യപ്പെട്ട് വീണ്ടും സുപ്രീംകോടതിയെ സമീപിക്കാം.
2015 ജനുവരിയിൽ തൃശൂരിലെ ഫ്ലാറ്റ് സമുച്ചയത്തിലെ ഗേറ്റ് തുറക്കാൻ വൈകിയതുമായി ബന്ധപ്പെട്ട് വ്യവസായി മുഹമ്മദ് നിസാം, സുരക്ഷ ജീവനക്കാരൻ ചന്ദ്രബോസിന് നേരെ ആഡംബര കാറിടിച്ച് കയറ്റി കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിൽ വിചാരണകോടതി വിധിച്ച ജീവപര്യന്തം കഠിനതടവ് സ്റ്റേ ചെയ്യണമെന്ന നിസാമിന്റെ ആവശ്യത്തെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ എതിർത്തു.
ചന്ദ്രബോസിന്റെ മരണം ഉറപ്പിക്കാൻ പ്രതി ക്രൂരകൃത്യത്തിലേർപ്പെട്ടുവെന്ന് അഡ്വ. നിഷേ ശങ്കർ രാജൻ വാദിച്ചു. മുഹമ്മദ് നിസാം റൗഡി പട്ടികയിലുള്ളയാളാണ്. കൊലപാതകം, നരഹത്യശ്രമം, തട്ടിക്കൊണ്ടു പോകൽ തുടങ്ങി ഗുരുതര കുറ്റങ്ങൾ ചുമത്തിയ പതിനഞ്ചിലധികം കേസുകളിലെ പ്രതിയാണ്. ജാമ്യം നൽകിയാൽ സാക്ഷികളുടെ ജീവനു പോലും ഭീഷണിയാകുമെന്നും സംസ്ഥാന സർക്കാർ അഭിഭാഷകൻ ബോധിപ്പിച്ചു.
ഈ വാദം അംഗീകരിച്ച ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ച് ജീവപര്യന്തം കഠിനതടവിനെതിരായ നിസാമിന്റെ അപ്പീലിൽ ആറ് മാസത്തിനകം ഹൈകോടതി തീരുമാനമെടുക്കണമെന്ന് നിർദേശിച്ച് ഹരജി തീർപ്പാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.