ചാണ്ടി ഉമ്മന് കെട്ടിവെക്കാൻ പണം ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയുടെ മാതാവ് നൽകും
text_fieldsകോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയുടെ മാതാവ് കൈമാറും. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കണ്ണൂരിൽ സി.പി.എം പ്രവർത്തകർ കാർ തടഞ്ഞ് കല്ലെറിഞ്ഞ സംഭവത്തിൽ പ്രതിയായ തലശ്ശേരിയിലെ മുൻ സി.പി.എം പ്രവർത്തകൻ സി.ഒ.ടി നസീറിന്റെ മാതാവാണ് പണം നൽകുക.
തുക നേരിൽ കൈമാറും എന്നാണ് നേരത്തെ അറിയിച്ചതെങ്കിലും ആരോഗ്യ പ്രശ്നം കാരണം എത്താൻ കഴിയാത്തതിനാൽ ഗൂഗിൾപേ വഴിയാണ് കൈമാറുക. പാമ്പാടിയിലെ യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ എത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്.
പുതുപ്പള്ളി മണ്ഡലം ഉപവരണാധികാരിയുടെ ഓഫിസായ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലാണ് ചാണ്ടി ഉമ്മൻ പത്രിക നൽകുക. പാമ്പാടിയിലെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽനിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ള മുതിർന്ന യു.ഡി.എഫ് നേതാക്കൾക്കൊപ്പമാണ് പത്രിക സമർപ്പിക്കാൻ ചാണ്ടി ഉമ്മൻ എത്തുക.
എൻ.ഡി.എ സ്ഥാനാർഥി ലിജിൻ ലാലും ഇന്ന് ഉപവരണാധികാരിയുടെ ഓഫിസായ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിൽ നാമനിർദേശ പത്രിക സമർപ്പിക്കും. പാമ്പാടിയിൽ നിന്നും പള്ളിക്കത്തോട് വരെ തുറന്ന ജീപ്പിലാകും എത്തുക. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി. മുരളീധരൻ എന്നിവർ അടക്കമുള്ള നേതാക്കൾ ഒപ്പമുണ്ടാകും. എല്‍.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ് ഇന്നലെ പത്രിക നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.