ഇന്ന് ജനങ്ങളുടെ കോടതിയാണ്, എല്ലാം അവർ തീരുമാനിക്കും; വികസനം മുടക്കിയത് എൽ.ഡി.എഫ് -ചാണ്ടി ഉമ്മൻ
text_fieldsകോട്ടയം: ഇന്ന് ജനങ്ങളുടെ കോടതിയാണെന്നും പുതുപ്പള്ളിയുടെ വിധി ജനങ്ങൾ തീരുമാനിക്കുമെന്നും യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. പുതുപ്പള്ളിയുടെ വികസനം മുടക്കിയത് എൽ.ഡി.എഫ് സർക്കാരാണെന്നും ചാണ്ടി ഉമ്മൻ ആരോപിച്ചു.
പ്രവചനത്തിനില്ലെന്നും തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്നും ചാണ്ടി വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ വികസനമാണ് ചർച്ച എന്ന് പറഞ്ഞവർ എന്താണ് ചെയ്യുന്നതെന്നും വ്യക്തി അധിക്ഷേപത്തിലേക്ക് അധപതിച്ചത് എന്തിനാണെന്നും ചാണ്ടി ഉമ്മൻ ചോദിച്ചു.
പുതുപ്പള്ളി പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പ്രാർഥിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുപ്പള്ളി ജോർജിയൻ സ്കൂളിലെ പോളിങ് ബുത്തിൽ ചാണ്ടി ഉമ്മനും കുടുംബാംഗങ്ങളും വോട്ട് രേഖപ്പെടുത്തി.
ഒരുമാസത്തോളം നീണ്ട വാശിയേറിയ പ്രചാരണത്തിന് ശേഷമാണ് പുതുപ്പള്ളി നിയസഭ മണ്ഡലത്തിൽ ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴിന് തുടങ്ങിയ പോളിങ് വൈകീട്ട് ആറിന് പൂർത്തിയാകും.
യുവാക്കൾ തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തിന് വേദിയാകുന്ന മണ്ഡലത്തിൽ ഉമ്മൻ ചാണ്ടിയുടെ പിൻഗാമി ആരാകണമെന്ന് ജനം ഇന്ന് വിധിയെഴുതും. ഈ മാസം എട്ടിന് വോട്ടെണ്ണൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.