ചങ്ങനാശ്ശേരി പൊലീസ് അതിക്രമം: മുഖ്യമന്ത്രി ഉറപ്പ് ലംഘിച്ചു, ജനങ്ങളെ ഉപദ്രവിക്കുന്നു -സതീശൻ; അനാവശ്യ പ്രകോപനം വേണ്ട -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ചങ്ങനാശ്ശേരി, മാടപ്പള്ളിയിൽ സിൽവർലൈൻ കല്ലിടലിനിടെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി. ധനവിനിയോഗ ബില്ലുകളുടെ ചർച്ച പുരോഗമിക്കുന്നതിനിടെയാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വിഷയം ഉന്നയിച്ചത്.
കഴിഞ്ഞദിവസം സഭയിൽ മുഖ്യമന്ത്രി നൽകിയ ഉറപ്പുകൾക്ക് വിരുദ്ധമായി സർവേയുടെ പേരിൽ ജനങ്ങളെ ഉപദ്രവിക്കുകയാണെന്നും ഇതിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോവുകയാണെന്നും വി.ഡി. സതീശൻ പ്രഖ്യാപിച്ചു. അതേസമയം, പ്രതിപക്ഷം അനാവശ്യ പ്രകോപനം സൃഷ്ടിക്കുകയാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു.
സഭ വിട്ടിറങ്ങിയ പ്രതിപക്ഷം സഭാകവാടത്തിന് മുന്നിലും പിന്നീട് നിയമസഭയുടെ പ്രവേശനകവാടത്തിന് മുന്നിലും മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു. ജനങ്ങളോട് ക്രൂരമായാണ് പൊലീസ് പെരുമാറിയതെന്ന് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. സ്ത്രീകളെയും കുട്ടികളെയും വരെ പൊലീസ് അടിച്ചമർത്താൻ ശ്രമിച്ചു.
കഴിഞ്ഞദിവസം ഈ വിഷയം ഞങ്ങൾ സഭയിൽ ഉന്നയിച്ചതാണ്. എന്നാൽ പൊലീസിൽ നിന്ന് യാതൊരു പ്രകോപനമോ അക്രമമോ ഉണ്ടാവില്ല എന്ന ഉറപ്പാണ് മുഖ്യമന്ത്രി തന്നത്. അതിന് നേർവിപരീതമായ കാര്യങ്ങളാണ് മാടപ്പള്ളിയിൽ കണ്ടത്. പൊലീസ് അതിക്രമം നേരിടുന്നവർക്കൊപ്പം യു.ഡി.എഫ് ഉറച്ചുനിൽക്കും. അവർക്ക് സംരക്ഷണമൊരുക്കുമെന്നും സതീശൻ പറഞ്ഞു.
ഒരിക്കലും നടക്കാത്ത പദ്ധതിക്ക് വേണ്ടിയാണ് കല്ലിടുന്നതെന്നും യു.ഡി.എഫ് അത് അനുവദിക്കില്ലെന്നും സഭയുടെ പ്രവേശനകവാടത്തിന് മുന്നിൽ നടന്ന പ്രതിഷേധത്തിൽ സംസാരിക്കവെ ഉമ്മൻ ചാണ്ടി പറഞ്ഞു.
പ്രതിപക്ഷം വാക്കൗട്ട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിശദീകരണവുമായി മുഖ്യമന്ത്രി എഴുന്നേറ്റത്. കെ-റെയിലുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും സമാധാനപരമായാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള വലിയ പ്രതിഷേധങ്ങൾ ഉയർന്നുവരുന്നില്ല. ഈ സാഹചര്യത്തിലാണ് സംഘർഷാവസ്ഥയുണ്ടാക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നത്. പദ്ധതിക്കെതിരെ യു.ഡി.എഫിൽ തന്നെ പല അഭിപ്രായമുണ്ട്. അതിനെ മറികടക്കാൻ അക്രമങ്ങളിലൂടെ ഐക്യമുണ്ടാക്കാൻ ശ്രമിക്കരുത്. അക്രമം നടത്തി കാര്യങ്ങൾ അട്ടിമറിക്കാമെന്ന നിലയിലേക്ക് കോൺഗ്രസ് എത്തിയിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.