സേട്ടോ സേട്ടാ... ഈ ‘ചങ്ങാതി’ എവിടെ കിട്ടും?
text_fieldsകോട്ടയം: ‘ഭായി’മാരെ മലയാളം പഠിപ്പിക്കുന്ന ‘ചങ്ങാതി’ ഡിജിറ്റലാകുന്നു. അന്തർസംസ്ഥാന തൊഴിലാളികൾക്കായി സംസ്ഥാന സാക്ഷരത മിഷൻ നടത്തുന്ന ‘ചങ്ങാതി’ പദ്ധതിയുടെ ഭാഗമായുള്ള ‘ഹമാരി മലയാളം’ പാഠാവലിയാണ് ഡിജിറ്റലാക്കി മാറ്റുന്നത്. പഠിതാക്കളുടെ ആവശ്യംകൂടി പരിഗണിച്ചാണ് മൊബൈലിൽ അടക്കം ലഭ്യമാക്കാൻ കഴിയുംവിധം പാഠഭാഗങ്ങൾ ഡിജിറ്റൽ മാതൃകയിലാക്കുന്നത്. മേയ് മാസത്തോടെ പുതിയ രീതിയിൽ പുസ്തകം ലഭ്യമാക്കാനാണ് സാക്ഷരത മിഷന്‍റെ തീരുമാനം.
ഇതിനൊപ്പം സിലബസും ഉടച്ചുവാർക്കും. ശുചിത്വത്തിന് മുൻതൂക്കം നൽകിയാകും പാഠഭാഗങ്ങൾ. നിലവിലെ പാഠാവലിയിൽ ഭാഷ, സംസ്‌കാരം, ആരോഗ്യം, ശുചിത്വം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രാഥമികതലത്തിൽ മാത്രമാണ് വിഷയത്തെ പരിചയപ്പെടുത്തുന്നത്. പരിഷ്കരിക്കുന്ന പതിപ്പിൽ ശുചിത്വശീലങ്ങൾ, ഇവ പാലിക്കേണ്ടതിന്‍റെ ആവശ്യകത, വിവിധ മാതൃകകൾ എന്നിവയുണ്ടാകും. സാമ്പത്തിക സാക്ഷരത, കാലാവസ്ഥ, സർക്കാറുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ എന്നിവയും പുതുതായി ഉൾപ്പെടുത്തും. നിക്ഷേപം വളർത്താനുള്ള മാർഗങ്ങളും വിശദീകരിക്കും.
സംസ്ഥാനത്ത് ഇതുവരെ 7,700 തൊഴിലാളികളാണ് ചങ്ങാതി കോഴ്സ് പൂർത്തിയാക്കിയത്. നാലുമാസംകൊണ്ട് തൊഴിലാളികളെ മലയാളത്തിൽ സാക്ഷരരാക്കാൻ ലക്ഷ്യമിട്ടാണ് സാക്ഷരതമിഷൻ ‘ചങ്ങാതി’ പദ്ധതി 2018ൽ ആരംഭിച്ചത്. ആഴ്ചയിൽ അഞ്ചുമണിക്കൂറാണ് ക്ലാസ്. കേരളത്തിൽ സ്ഥിരതാമസമാക്കുന്നവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ പേർ ‘ചങ്ങാതി’യുടെ ഭാഗമാകാൻ താൽപര്യം കാട്ടുന്നുണ്ടെന്ന് സാക്ഷരതമിഷൻ അധികൃതർ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.