വിവാദ പട്ടികയിൽ തിരുത്ത്; സ്ഥാനക്കയറ്റം മാത്രം ഉൾപ്പെടുത്തി പുതിയ ഉത്തരവ്
text_fieldsതിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ വിവാദമായ സ്ഥലംമാറ്റ പട്ടികക്കും മരവിപ്പിക്കലിനും പിന്നാലെ സ്ഥലംമാറ്റം ഒഴിവാക്കി സ്ഥാനക്കയറ്റം മാത്രം ഉള്‍പ്പെടുത്തി പുതിയ ഉത്തരവിറക്കി. 18 ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റവും 57 പേരുടെ സ്ഥലംമാറ്റവുമാണ് ആദ്യ പട്ടികയിലുണ്ടായിരുന്നത്. എന്നാൽ 18 പേരുടേത് മാത്രമാണ് പുതിയ പട്ടിക. ഇവർക്ക് പോസ്റ്റിങ്ങും നൽകിയിട്ടില്ല.
കെ.ബി. ഗണേഷ്കുമാര് ഗതാഗത മന്ത്രിയായി സ്ഥാനമേല്‍ക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് സ്ഥലംമാറ്റ പട്ടിക ഇറങ്ങിയത്. സത്യപ്രതിജ്ഞ കഴിഞ്ഞ് അധികാരമേറ്റയുടൻ ഗണേഷ് ഈ പട്ടിക മരവിപ്പിച്ചതോടെയാണ് വിവാദം കത്തിയത്. അതേസമയം സ്ഥലംമാറ്റ പട്ടികയില്‍ ചിലര്‍ക്ക് കോടതി ഉത്തരവുണ്ടായിരുന്നത് കൊണ്ടാണ് ആദ്യമിറക്കിയ ഉത്തരവ് മരവിപ്പിച്ചതെന്നാണ് ഗതാഗത കമീഷണറേറ്റ് ഇപ്പോൾ വിശദീകരിക്കുന്നത്.
29ന് വൈകീട്ട് നാലിനാണ് മന്ത്രിയായി ഗണേഷ്കുമാര് സ്ഥാനമേറ്റത്. ആന്റണി രാജു സ്ഥാനമൊഴിഞ്ഞത് ഡിസംബര്‍ 24നും. മന്ത്രി രാജിവെക്കുന്നതിനുമുന്നേ തയാറാക്കിയ പട്ടികയാണ് ഉദ്യോഗസ്ഥര്‍ നടപ്പാക്കിയതെന്നായിരുന്നു വിമർശനം. അതേസമയം ആന്റണി രാജു ഇക്കാര്യം നിഷേധിക്കുന്നുണ്ട്.
ജോയന്റ് ട്രാൻസ്പോർട്ട് കമീഷണർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം മാത്രമേ മന്ത്രി അറിയേണ്ടതുള്ളൂവെന്നും അതിന് താഴെയുള്ളവരുടെ കാര്യം തീരുമാനിക്കുന്നത് ഗതാഗത കമീഷണറേറ്റാണെന്നുമാണ് ആന്റണി രാജുവിന്റെ നിലപാട്. 24ന് രാജിവെച്ച ശേഷം താൻ ഒരു ഉത്തരവിലും ഒപ്പുവെച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.