കെ.എസ്.ഇ.ബിയിൽ മാറ്റം; ജില്ലകളുടെ ചുമതല ഡയറക്ടർമാർക്ക്
text_fieldsതൃശൂർ: കാര്യക്ഷമത മെച്ചപ്പെടുത്തി സാമ്പത്തിക അച്ചടക്കം ഉൾപ്പെടെ കടുപ്പിക്കുന്നതിന്‍റെ ഭാഗമായി ജില്ലകളുടെ ചുമതല ഡയറക്ടർമാർക്ക് നൽകാൻ കെ.എസ്.ഇ.ബി മാനേജിങ് ഡയറക്ടറുടെ ഉത്തരവ്. വിവിധ സർക്കിളുകളടങ്ങുന്ന ജില്ലയിലെ അച്ചടക്ക നടപടിയും പരിശോധനയും ഉൾപ്പെടെ പരിപൂർണ ചുമതല ബന്ധപ്പെട്ട ഡയറക്ടർക്കായിരിക്കും. ഇത് സംബന്ധിച്ച നിർദേശം ചെയർമാൻ ഡോ. ബി. അശോക് ഫുൾടൈം ഡയറക്ടർ ബോർഡിന് കൈമാറി. ഡോ. ബി. അശോകിന് വയനാട്, കോഴിക്കോട് ജില്ലകൾ ഉൾപ്പെടുന്ന സർക്കിളുകളുടെ ചുമതലയും ഫിനാൻസ് ഡയറക്ടർ വി.ആർ. ഹരിക്ക് മലപ്പുറം ജില്ലയുടെയും ചുമതല നൽകി.
കൊല്ലം, എറണാകുളം, പത്തനംതിട്ട ജില്ലകളുടെ ചുമതല വിതരണ വിഭാഗം ഡയറക്ടർ സി. സുരേഷ് കുമാറിനും തിരുവനന്തപുരം, പാലക്കാട് ജില്ലകളുടേത് ആർ. സുകുവിനും കാസർകോട്, ഇടുക്കി ചുമതല എസ്.ആർ. ആനന്ദിനും തൃശൂർ, കോട്ടയം, കണ്ണൂർ ജില്ലകളുടേത് സിജി ജോസിനും ആലപ്പുഴ ചുമതല ജി. രാധാകൃഷ്ണനുമാണ് നൽകിയിട്ടുള്ളത്.
ഊർജ വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിവിധ ജില്ല ഭരണകൂടവുമായി ബന്ധം സ്ഥാപിക്കുക, അച്ചടക്ക കാര്യങ്ങൾ പരിശോധിക്കുക, സ്ത്രീകൾക്ക് പ്രാഥമിക സൗകര്യങ്ങളുണ്ടെന്ന് ഉറപ്പുവരുത്തുക തുടങ്ങിയവ സംബന്ധിച്ച് നാല് മാസത്തിലൊരിക്കൽ റിപ്പോർട്ട് ഡയറക്ടർബോർഡിൽ സമർപ്പിക്കേണ്ടതുണ്ട്.
സർക്കിളുകളിൽ രണ്ട് മാസത്തിലൊരിക്കൽ പരിശോധന നടത്തുകയും വിവിധ പരിപാടികളിൽ പങ്കാളികളാകുകയും വേണം. മികച്ച സേവനം കാഴ്ചവെക്കുന്ന ഓഫിസുകൾക്ക് െഡപ്യൂട്ടി ചീഫ് എൻജിനീയർമാർ, ചീഫ് എൻജിനീയർമാർ എന്നിവരിൽ നിന്ന് ലഭിക്കുന്ന ശിപാർശയുടെ അടിസ്ഥാനത്തിൽ അംഗീകാരം നൽകും. മോശം അവസ്ഥയിലുള്ള സർക്കിളുകളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള രൂപരേഖ തയ്യാറാക്കാനും നിർദേശിച്ചിട്ടുണ്ട്. പ്രതിമാസം മൂന്നോ നാലോ ദിവസം ഫീൾഡ് ഇൻസ്പെക്ഷന് വേണ്ടി ഡയറക്ടർ ചെലവിടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.