സ്മാർട്ട് മീറ്ററിൽ കേന്ദ്രത്തിന് നിലപാട് മാറ്റം
text_fieldsപാലക്കാട്: വൈദ്യുതി സ്മാർട്ട് മീറ്റർ പദ്ധതി ‘ടോട്ടെക്സ്’ വഴി മാത്രമേ നടത്തേണ്ടതുള്ളൂവെന്ന നിലപാട് മാറ്റി കേന്ദ്രസർക്കാർ. സ്വകാര്യ ഏജൻസികളെ ഒഴിവാക്കി പൊതുമേഖലയിൽ സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കാമെന്ന സർക്കാർ നിർദേശത്തിന്റെ വിശദ റിപ്പോർട്ട് വൈദ്യുതി വകുപ്പിനോട് കേന്ദ്ര ഊർജമന്ത്രാലയം തേടി.
സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നത് മുതൽ ബിൽതുക ഈടാക്കുന്നതുവരെയുള്ള എല്ലാം സ്വകാര്യ ഏജൻസി (ടോട്ടെക്സ്) വഴി നടപ്പാക്കണമെന്നാണ് നേരത്തെയുള്ള കേന്ദ്രനിർദേശം. ജീവനക്കാരുടെ സംഘടനകളിൽനിന്നുള്ള ശക്തമായ എതിർപ്പിനെത്തുടർന്ന് ടോട്ടെക്സ് മാതൃകയിൽ സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കേണ്ടെന്ന വൈദ്യുതിവകുപ്പ് തീരുമാനം കേന്ദ്രത്തെ അറിയിക്കുകയും ചെയ്തിരുന്നു.
രാജ്യസഭയിലും ലോക്സഭയിലും ടോട്ടെക്സ് മാതൃകയിൽ മാത്രമേ സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കാവൂവെന്ന് ശഠിച്ച കേന്ദ്രസർക്കാറിന്റെ നിലപാട് മാറ്റം കെ.എസ്.ഇ.ബി വൃത്തങ്ങളിൽ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.
രാജ്യം മുഴുവൻ സ്മാർട്ട് മീറ്റർ നടപ്പാക്കുമ്പോൾ കേരളത്തിന് മാറിനിൽക്കാനാവില്ലെന്നും വൈദ്യുതി നഷ്ടം കുറക്കാനും ഉപഭോക്തൃ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനും സ്മാർട്ട് മീറ്റർ പദ്ധതി ഉൾക്കൊള്ളുന്ന ആര്.ഡി.എസ്.എസ് (റിവാമ്പ്ഡ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്കീം) പദ്ധതി പ്രവർത്തനങ്ങൾ കൃത്യമായി അവലോകനം ചെയ്യണമെന്നും ഊർജമന്ത്രി ആർ.കെ. സിങ് സംസ്ഥാന വൈദ്യുതിമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിന് ആദ്യം ആശങ്ക; 12,000 കോടിയുടെ ഗ്രാന്റ് നഷ്ടമാകുമോ?
കേന്ദ്രസഹായത്തോടെയുള്ള നവീകരിച്ച വിതരണ മേഖല പദ്ധതിക്ക് കീഴിലുള്ള ഒരു ഘടകമാണ് സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കൽ. 37 ലക്ഷം മീറ്ററുകൾ ഒന്നാം ഘട്ടത്തിൽ സ്ഥാപിക്കാനുള്ള പദ്ധതിക്ക് കെ.എസ്.ഇ.ബി അന്തിമ രൂപം നൽകിയിരുന്നു. പദ്ധതിക്കായി 8,175.05 കോടി രൂ പയും അടിസ്ഥാന സൗകര്യ വികസനത്തിനും നഷ്ടം കുറക്കാനുമായി 2,235.78 കോടി രൂപയും കേന്ദ്രം അനുവദിച്ചിരുന്നു.
രണ്ടുഘട്ടമായി നടക്കുന്ന ബൃഹദ്പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന് ലഭിക്കുന്ന 12,000 കോടി രൂപയുടെ ഗ്രാന്റ് നഷ്ടമാകുമോ എന്ന ആശങ്കയിലായിരുന്നു വൈദ്യുതി വകുപ്പ്. കെ-ഫോൺ, കെ.എസ്.ഇ.ബി േഡറ്റ സെന്റർ, കെ.എസ്.ഇ.ബി ഐ.ടി വിഭാഗം, കേന്ദ്ര സ്ഥാപനമായ സി-ഡാക് എന്നിവയുടെ സഹകരണത്തോടെ കേരളത്തിന്റെ സ്വന്തം സ്മാർട്ട് മീറ്റർ സ്ഥാപിച്ച് പദ്ധതി നടപ്പാക്കാമെന്ന് നേരേത്ത സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി വൈദ്യുതി വകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നു.
എന്താണ് ടോട്ടെക്സ്
സ്മാർട്ട് മീറ്ററിന്റെയും അനുബന്ധ ഉപകരണങ്ങളുടെയും സ്ഥാപനവും പരിപാലനവും നിശ്ചിത കാലയളവിൽ സ്വകാര്യ കമ്പനിക്ക് നൽകുകയും ഇതിന്റെ ചെലവ് വൈദ്യുതി വിതരണ കമ്പനികളിൽനിന്ന് മാസാടിസ്ഥാനത്തിൽ ഈടാക്കുകയും ചെയ്യുന്ന രീതിയാണ് ടോട്ടെക്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.