ചാൻസലർ പദവി മാറ്റൽ: ഗവർണർ -സർക്കാർ ബന്ധം കൂടുതൽ വഷളാകും
text_fieldsതിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ പദവിയിൽനിന്ന് ഗവർണറെ മാറ്റാൻ കൈക്കൊണ്ട തീരുമാനം സർക്കാർ-ഗവർണർ ബന്ധം കൂടുതൽ വഷളാക്കും. ചാൻസലർ സ്ഥാനത്തുനിന്ന് തന്നെ മാറ്റാൻ ഓർഡിനൻസ് കൊണ്ടുവരൂ, ഒപ്പിട്ട് തരാമെന്ന് ഗവർണർ മാസങ്ങൾക്ക് മുമ്പ് ആവർത്തിച്ച് പറഞ്ഞിരുന്നെങ്കിലും പുതിയ സാഹചര്യത്തിൽ അതിന് മാറ്റംവന്നു. ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കുമെന്ന നിലപാടിലാണ് ഗവർണർ.
ഗവർണർ ചാൻസലർ സ്ഥാനത്ത് തുടരാനഭ്യർഥിച്ച് നാല് കത്തുകൾ കൊടുക്കുകയും ഇനി ഇടപെടില്ലെന്ന് ഉറപ്പുകൊടുക്കുകയും ചെയ്ത സർക്കാറും പഴയ നിലപാടിൽനിന്ന് ഏറെ പിന്നാക്കംപോയി. സെർച് കമ്മിറ്റിയിലെ മാറ്റം വ്യവസ്ഥ ചെയ്യുന്ന നിയമസഭ പാസാക്കിയ ബിൽ ഇനിയും ഗവർണർ ഒപ്പിടുകയോ തിരിച്ചയക്കുകയോ ചെയ്തിട്ടില്ല. പുതിയ ഓർഡിനൻസ് വിഷയത്തിൽ നിയമപരമായ സാധ്യതകൾ സർക്കാർ തേടുന്നുണ്ട്. നിയമവിദഗ്ധരുമായി ഇക്കാര്യത്തിൽ സർക്കാർ ആശയവിനിയമം നടത്തിവരികയാണ്. രാഷ്ട്രീയമായി ഗവർണറെ പ്രതിരോധിക്കാനുള്ള ഇടത് നീക്കത്തിന് കരുത്തേകാനും പുതിയ ഓർഡിനൻസിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഗവർണറോട് ഇനി വീട്ടുവീഴ്ച വേണ്ടെന്ന നിലപാടിൽ പ്രക്ഷോഭപാതയിലാണ് ഭരണമുന്നണി. ഏതറ്റം വരെയും പോകുമെന്ന നിലപാടിലാണ് സർക്കാറും.
കണ്ണൂർ വി.സി നിയമന വിവാദ ഘട്ടത്തിലാണ് ചാൻസലർ പദവി മുഖ്യമന്ത്രി ഏറ്റെടുക്കാനും ബില്ലോ ഓർഡിനൻസോ കൊണ്ടുവന്നാൽ ഒപ്പിടാൻ തയാറാണെന്നും ആരിഫ് മുഹമ്മദ് ഖാൻ ആവർത്തിച്ചിരുന്നത്. ആഴ്ചകളോളം ചാൻസലറെന്ന നിലയിൽ ഗവർണർ ഒരു ഫയലും നോക്കിയില്ല. പ്രതിസന്ധി ലഘൂകരിക്കാൻ മുഖ്യമന്ത്രി ഗവർണർക്ക് പലതവണ കത്തയച്ചിരുന്നു. നാലാം കത്ത് രാജ്ഭവനിൽ പ്രത്യേക ദൂതൻ വഴി എത്തിച്ചപ്പോൾ ഗവർണർ ആവശ്യപ്പെട്ട വരികൾ അതിൽ ഉൾപ്പെടുത്തിയെന്ന് പറയപ്പെടുന്നുമുണ്ട്.
സർവകലാശാലകളിൽ ഗവർണറുടെ തുടർച്ചയായ ഇടപെടലുകളിൽ സർക്കാർ അസ്വസ്ഥമാണ്. ഇത് ക്രമേണ രാജ്ഭവനും സർക്കാറുമായുള്ള ഏറ്റുമുട്ടലിലേക്ക് തിരിയുകയായിരുന്നു. മാസങ്ങളായി ഗവർണറും സർക്കാറും കടുത്ത ഭിന്നതയിൽ തുടരവെയാണ് വി.സിമാരെ കൂട്ടത്തോടെ പുറത്താക്കാൻ ഗവർണറുടെ നോട്ടീസ് വന്നത്. ഇതാണ് ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റണമെന്ന നിലപാടിലേക്ക് സർക്കാറിനെ പെട്ടെന്ന് എത്തിച്ചത്. ഗവർണർക്ക് പകരം മുഖ്യമന്ത്രിയെ ചാൻസലറാക്കാനായിരുന്നു ആദ്യ നിർദേശം. അത് മുഖ്യമന്ത്രി തള്ളി. അതാത് വകുപ്പിലെ മന്ത്രിമാരെ ചാൻസലറാക്കണമെന്ന നിർദേശവും വന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് വിമർശനത്തിന് വഴിവെക്കുമെന്ന് വിലയിരുത്തിയാണ് അക്കാദമിക് വിദഗ്ധരെ കൊണ്ടുവരാനുള്ള തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.