ജഡ്ജിമാരുടെ പരിഗണനവിഷയ മാറ്റം വി.സിമാരുടെ ഹരജികൾ പുതിയ ബെഞ്ചിൽ
text_fieldsകൊച്ചി: ജഡ്ജിമാരുടെ പരിഗണനവിഷയങ്ങളിൽ മാറ്റം വന്നതിനെത്തുടർന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചിരുന്ന വി.സിമാരുടെ ഹരജികൾ ഇനി പുതിയ ബെഞ്ച് മുമ്പാകെ. സാങ്കേതിക സർവകലാശാല വി.സിയുടെ നിയമനം റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവിന് പിന്നാലെ പുറത്താക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയ ചാൻസലറുടെ നടപടി ചോദ്യം ചെയ്ത് സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ വി.സിമാർ സമർപ്പിച്ച ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
രണ്ടാഴ്ചക്ക് ശേഷം ഈ ഹരജികൾ ജസ്റ്റിസ് സതീഷ് നൈനാൻ പരിഗണിക്കും. ഹരജികളിലെ കക്ഷികൾ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. കേരള, എം.ജി, കണ്ണൂർ, കലിക്കറ്റ്, കുസാറ്റ്, മലയാളം, കുഫോസ്, കാലടി ശ്രീശങ്കര, ശ്രീനാരായണഗുരു ഓപൺ സർവകലാശാലകളുടെ വി.സിമാരാണ് ഹരജി നൽകിയിട്ടുള്ളത്. ഇവരിൽ കേരള സർവകലാശാല വി.സിയുടെ കാലാവധി കഴിഞ്ഞിരുന്നു. കുഫോസ് സർവകലാശാല വി.സിയുടെ നിയമനം മറ്റൊരു ഹരജിയിൽ ഡിവിഷൻ ബെഞ്ച് റദ്ദാക്കുകയും ചെയ്തു.
ശേഷിക്കുന്നവരുടെ ഹരജികളാണ് പരിഗണനയിലുള്ളത്. എല്ലാ വി.സിമാരും മികച്ച വിദ്യാഭ്യാസ വിദഗ്ധരാണെന്നും നടപടിക്രമങ്ങൾ പാലിച്ച് മാത്രമേ പുറത്താക്കാനാകൂവെന്നുമാണ് വി.സിമാരുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.