അന്തർ സർവകലാശാല സ്ഥലം മാറ്റം; ഒരുവിഭാഗത്തിന് അവസരം നിഷേധിക്കുന്നതായി ആക്ഷേപം
text_fieldsകോട്ടയം: അന്തർ സർവകലാശാല സ്ഥലം മാറ്റത്തിനുള്ള അവസരം സംസ്ഥാനത്തെ ഒരുവിഭാഗം ജീവനക്കാർക്ക് നിഷേധിക്കുന്നതായി പരാതി.
നീതിനിേഷധമാണെന്ന് ചൂണ്ടിക്കാട്ടി ഇവർ നൽകിയ ഹരജിയിൽ നയപരമായ തീരുമാനമെടുക്കാൻ സർക്കാറിന് ഹൈകോടതി നിർദേശം നൽകിയെങ്കിലും ഇതിലും നടപടിയില്ലെന്ന് ആക്ഷേപം.
ആരോഗ്യസർവകലാശാലയിലേക്ക് സ്ഥലംമാറ്റത്തിന് അപേക്ഷിച്ചവരാണ് പരാതിയുമായി രംഗത്തുള്ളത്. സീനിയോറിറ്റിക്കനുസരിച്ച് സ്ഥലം മാറ്റം അനുവദിക്കമെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിെൻറ ഉത്തരവെങ്കിലും പി.എസ്.സിവഴി നിയമനം ലഭിച്ചവർക്ക് മാത്രമാണ് നിലവിൽ ആരോഗ്യസർവകലാശാലയിലേക്ക് മാറ്റം ലഭിക്കുന്നത്. ഇതോടെ നേരേത്ത നേരിട്ട് നിയമനം ലഭിച്ച പരിചയസമ്പന്നരായ ജീവനക്കാർ സ്ഥലം മാറ്റ പ്രക്രിയയിൽനിന്ന് പുറത്തായിരിക്കുകയാണ്.
തങ്ങളുടെ നിയമനങ്ങൾ പി.എസ്.സി വഴിയാണെന്നും അതിനാൽ ഇത്തരക്കാരെ മാത്രമേ സ്ഥലം മാറ്റത്തിലൂടെ ഉൾക്കൊള്ളാൻ കഴിയുകയുള്ളൂവെന്നാണ് അരോഗ്യസർവകലാശാല നിലപാട്. ഇതിനെതിരെ സ്ഥലം മാറ്റം ആഗ്രഹിക്കുന്ന ജീവനക്കാർ ആദ്യം ഹൈകോടതി സിംഗിൾ െബഞ്ചിനെയും പിന്നീട് ഡിവിഷൻ െബഞ്ചിനെയും സമീപിച്ചു. കേസ് പരിഗണിച്ച കോടതി ആർട്ടിക്കിൾ 14െൻറ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടുകയും തുടർനടപടി സ്വീകരിക്കാൻ സർക്കാറിനു നിർദേശവും നൽകി. ആരോഗ്യ സർവകലാശാലക്ക് അന്തർ സർവകലാശാല മാറ്റം സംബന്ധിച്ച് നിയമമൊന്നും നിലവിലില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, സർവകലാശാലകളുടെ യോഗം വിളിച്ച് തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ഇതനുസരിച്ച് ചീഫ് സെക്രട്ടറി സംസ്ഥാനത്തെ മുഴുവൻ സർവകലാശാലകളുടെയും യോഗം വിളിച്ചുചേർത്തു. ഇതിൽ കോടതി ഉത്തരവ് പരിഗണിക്കാതെ ആരോഗ്യസർവകലാശാലക്ക് തീരുമാനമെടുക്കാമെന്ന ധാരണയാണ് ഉണ്ടായതെന്നും ജീവനക്കാർ പറയുന്നു. നിയമവകുപ്പിെൻറ അഭിപ്രായം തേടിയില്ലെന്നും ആക്ഷേപമുണ്ട്. ഇതോടെ ഹൈകോടതി ഉത്തരവ് അട്ടിമറിച്ചെന്നുകാട്ടി വീണ്ടും ഹൈകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ജീവനക്കാർ. നിലവിൽ എല്ലാസർവകലാശാലകളിലും പി.എസ്.സി വഴിയാണ് നിയമനം നടത്തുന്നതെന്നും മറ്റിടങ്ങളിലെല്ലാം സീനിയേഴ്സിന് നിയമനം ലഭിക്കുന്നുണ്ടെന്നും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.