ആലപ്പുഴ നഗരസഭയിൽ ഇന്ന് നേതൃമാറ്റം; സി.പി.എമ്മിലെ അപൂർവ സംഭവം
text_fieldsആലപ്പുഴ: സി.പി.എം അധ്യക്ഷസ്ഥാനം വഹിക്കുന്ന ആലപ്പുഴ നഗരസഭയിൽ വ്യാഴാഴ്ച നേതൃമാറ്റം. കടുത്ത വിഭാഗീയതയെ തുടർന്നാണ് സി.പി.എമ്മിന്റെ ചരിത്രത്തിലെ അപൂർവ സംഭവം. എൽ.ഡി.എഫിൽ ഘടക കക്ഷികൾ തമ്മിലെ ധാരണയനുസരിച്ചുള്ള നേതൃമാറ്റമാണ് പതിവുള്ളത്. കോൺഗ്രസിൽ ഈ വിധം മാറ്റമുണ്ടാകുന്നതിനെ പാർലമെന്ററി വ്യാമോഹം എന്ന് പരിഹസിക്കുന്ന സി.പി.എം ഇപ്പോൾ അതുപോലെ കാര്യങ്ങൾ നടപ്പാക്കുന്നതെന്തെന്ന ചോദ്യമാണ് അണികളിൽനിന്ന് ഉയരുന്നത്. നഗരസഭ അധ്യക്ഷയായിരുന്ന സി.പി.എം ഏരിയ കമ്മിറ്റി അംഗം സൗമ്യ രാജ് ജൂൺ 14നാണ് രാജിവെച്ചത്. തുടർന്ന് സി.പി.എമ്മിലെ തന്നെ കെ.കെ. ജയമ്മയെ പുതിയ അധ്യക്ഷയാക്കാനും തീരുമാനിച്ചു. ആരോപണങ്ങളൊന്നും കേൾക്കേണ്ടി വന്നിട്ടില്ലാത്ത സൗമ്യയെ രാജിവെപ്പിച്ചത് എന്തിനെന്ന് പാർട്ടി വ്യക്തമായ ഉത്തരം നൽകിയിട്ടില്ല.
തെരഞ്ഞെടുപ്പ് സമയത്തെ ധാരണപ്രകാരമാണ് നേതൃമാറ്റമെന്നാണ് ജില്ല നേതൃത്വം പറയുന്നത്. അന്ന് രണ്ടരവർഷം സൗമ്യക്കും അടുത്ത ഊഴം കെ.കെ. ജയമ്മക്കും നൽകാമെന്ന് വാക്കുകൊടുത്തിരുന്നതത്രെ. അത്തരം കരാറും വാക്കുകൊടുക്കലും ഉണ്ടായിരുന്നില്ലെന്നാണ് സൗമ്യ രാജിനെ അനുകൂലിക്കുന്നവർ പറയുന്നത്. പാർട്ടിയിൽ കാര്യമായ പദവികൾ ഉണ്ടായിരുന്നില്ലെങ്കിലും സൗമ്യരാജ് നഗരസഭ അധ്യക്ഷയായത് പലരെയും അത്ഭുതപ്പെടുത്തിയിരുന്നു.
എസ്.എൻ.ഡി.പി നോമിനിയാണ് സൗമ്യ രാജ് എന്ന പ്രചാരണവും നടന്നു. കെ.കെ. ജയമ്മ ജനാധിപത്യ മഹിള അസോ. സംസ്ഥാന ഭാരവാഹിയാണ്. വിഭാഗീയതയുടെ പേരിൽ അടുത്തിടെ ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങൾ ഉൾപ്പെടെ 40പേരെ തരംതാഴ്ത്തിയിരുന്നു. മൂന്ന് ഏരിയ കമ്മിറ്റികൾ പിരിച്ചുവിട്ടു. ജില്ല സെക്രട്ടേറിയറ്റിൽനിന്ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എയെ പോലും ഏരിയ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി.
അതിനു പിന്നാലെയാണ് നഗരസഭയിലും നേതൃമാറ്റം പാർട്ടി നിർദേശിച്ചത്. നടപടിക്ക് വിധേയരായവർ മുൻ മന്ത്രി ജി. സുധാകരനെ അനുകൂലിക്കുന്നവരാണെന്നും പകരം സ്ഥാനങ്ങൾ നേടുന്നവർ മന്ത്രി സജി ചെറിയാന്റെ വിഭാഗമാണെന്നുമുള്ള പ്രചാരണം ശക്തമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഒരേ യോഗ്യതയുള്ള രണ്ടുപേർക്കായി പകുതിവീതം കാലയളവ് വീതിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.