കെ.എസ്.ഇ.ബിയിൽ സമൂല അഴിച്ചുപണി നിർദേശിച്ച് ചെയർമാൻ
text_fieldsപാലക്കാട്: കൂടുതൽ വിദഗ്ധരെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ കെ.എസ്.ഇ.ബിയിൽ സമൂല അഴിച്ചുപണി നിർദേശിച്ച് ചെയർമാൻ ബിജു പ്രഭാകർ. ഉൽപാദന, വിതരണ, പ്രസരണ വിഭാഗങ്ങളിലേക്ക് ഉയർന്ന ഉദ്യോഗസ്ഥരെ തുടർച്ചയായി സ്ഥലംമാറ്റുന്ന പ്രവണത അവസാനിപ്പിക്കാനും എക്സിക്യൂട്ടിവ് എൻജിനീയർ തസ്തികക്ക് മുകളിലുള്ള എൻജിനീയർമാരെ ഒരു മേഖലയിൽ മാത്രമായി സ്ഥിരപ്പെടുത്താനുമുള്ള നിർദേശമാണ് കഴിഞ്ഞദിവസം പാലക്കാട്ട് നടന്ന ചടങ്ങിൽ ചെയർമാൻ മുന്നോട്ടുവെച്ചത്. അസിസ്റ്റന്റ് എൻജിനീയർമാരായി എത്തുന്നവർക്ക് നിർബന്ധമായും കുറഞ്ഞത് രണ്ടു വർഷം വീതം ഉൽപാദന, വിതരണ, പ്രസരണ മേഖലകളിൽ പരിശീലനം നൽകും. തുടർന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർമാരായി സ്ഥാനക്കയറ്റം ലഭിച്ചാൽ ഈ വിഭാഗങ്ങളിൽ ഒരു വർഷം വീതം സൂപ്പർവൈസറി തസ്തികയിൽ ജോലി ചെയ്യേണ്ടിവരും. എക്സിക്യൂട്ടിവ് എൻജിനീയർ തസ്തികയിൽ എത്തിയാൽ ഇഷ്ടമുള്ള ഉൽപാദന, വിതരണ, പ്രസരണ മേഖല തിരഞ്ഞെടുക്കാം. പിന്നീട് വിരമിക്കുംവരെ ആ വിഭാഗത്തിൽ തുടരണം. ഓരോ മേഖലയിലും വിദഗ്ധ പരിശീലനം നൽകുകയും ചെയ്യും. എങ്കിൽ മാത്രമേ ‘കൺസൽട്ടൻസി’ സ്ഥാപനമെന്ന നിലയിൽ മികച്ച വിദഗ്ധരെ ഉൽപാദിപ്പിക്കാനാകൂവെന്ന നിഗമനത്തിലാണ് ഈ പരിഷ്കരണം. നിലവിൽ മറ്റു സ്ഥാപനങ്ങളിൽ നിന്നാണ് കൺസൽട്ടന്റുമാരെ വിവിധ വിഷയങ്ങൾക്കായി സമീപിക്കുന്നത്.
ഒരു അടിസ്ഥാനവുമില്ലാതെ വലിയ സ്ഥലംമാറ്റ പട്ടിക തയാറാക്കി ജീവനക്കാരെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റുന്ന പ്രവണത അവസാനിപ്പിക്കുമെന്ന് ചെയർമാൻ വ്യക്തമാക്കിയിരുന്നു. നിലവിൽ ഉന്നത ഉദ്യോഗസ്ഥരിൽ പലർക്കും പ്രവൃത്തി ചെയ്യുന്ന മേഖലയിൽ ആവശ്യത്തിന് വൈദഗ്ധ്യമോ പ്രവർത്തന പരിചയമോ ഇല്ലെന്ന ആക്ഷേപം വ്യാപകമാണ്. വിതരണ മേഖലയിൽ ജോലിചെയ്യുന്ന പല ഉന്നത ഉദ്യോഗസ്ഥർക്കും പ്രസരണ, ഉൽപാദന മേഖലയിലാണ് പരിചയം കൂടുതൽ. മതിയായ പരിചയമില്ലാത്തതിനാലാണ് വേനലിലെ അധിക വൈദ്യുതി ഉപയോഗം താങ്ങുന്ന രീതിയിൽ ശൃംഖല വിപുലീകരിക്കാൻ പറ്റാത്തതെന്നും താഴേത്തലങ്ങളിലുള്ള ജീവനക്കാർ നിരന്തരം ഉന്നയിക്കുന്ന പരാതിയാണ്.
കെ.എസ്.ഇ.ബി സിവിൽ വിഭാഗത്തിനെതിരെ രൂക്ഷ വിമർശനമാണ് ചെയർമാൻ ഉയർത്തിയത്. പംബ്ഡ് സ്റ്റോറേജ്, ഇൻവെസ്റ്റിഗേഷൻ തുടങ്ങി വകുപ്പുതല പ്രവൃത്തികൾ ചെയ്യാതെ ആരോഗ്യവകുപ്പിനു വേണ്ടി ആശുപത്രികൾ നിർമിക്കുകയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നിലവിൽ 851 പേരോളമുള്ള സിവിൽ വിങ്ങിൽ ഇനി പുതിയ നിയമനം വേണോ എന്ന് രണ്ടുവട്ടം ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ഇ.ബി പുനഃക്രമീകരണത്തിനായി നിയോഗിക്കപ്പെട്ട സമിതികളുടെ റിപ്പോർട്ട് ചെയർമാന്റെ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.