പേരുമാറ്റിയാൽ രാമച്ചി കോളനിയുടെ മുഖച്ഛായ മാറില്ല
text_fieldsകേളകം: കോളനിയെന്ന് പേരുമാറ്റി നഗറാക്കിയാൽ രാമച്ചി ആദിവാസി കോളനിയുടെ മുഖച്ഛായ മാറില്ല. ഉന്നതിയിലെത്താൻ സർക്കാർ ഇനിയെങ്കിലും ഉണരണമെന്നതാണ് യാഥാർഥ്യം.
ഇല്ലായ്മ എന്തൊക്കെയെന്നറിയണമെങ്കിൽ രാമച്ചിയിലെ ആദിവാസി കോളനിയിലെത്തിയാൽ മതി. അതുകൊണ്ട് തന്നെയാണ് ആദിവാസി ജനങ്ങളുടെ ക്ഷേമാന്വേഷണത്തിനായി ഈ കോളനിയിൽ മാവോവാദികൾ പതിവായെത്തുന്നത്. അവർ കട്ടൻ ചായ കുടിച്ച് കുശലാന്വേഷണം നടത്തിയാണ് മടങ്ങുന്നത്.
ഇല്ലായ്മകൾ മാത്രം കൂട്ടിനുള്ള മാവോവാദി ഭീഷണി നേരിടുന്ന രാമച്ചി കോളനിയിൽ ജില്ല കലക്ടറുടെയും ജില്ല പൊലീസ് മേധാവിയുടെയും നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഇടക്കിടെ സന്ദർശനം നടത്താറുണ്ട്.
ജില്ല ഭരണകൂടത്തിന് മുമ്പിൽ പരാതികളടെ കെട്ടഴിച്ചുവിട്ടാലും പരിഹാരങ്ങൾ പ്രഖ്യാപനത്തിലൊതുങ്ങാറാണ് പതിവ്. കോളനിയിലെ അടിസ്ഥാന സൗകര്യങ്ങളും അവയിലുള്ള പോരായ്മകളും പരിഹരിക്കുന്നതിന് വേണ്ടി ജില്ല കലക്ടർ ഊരിലൊരു ദിനം എന്ന പരിപാടി മുമ്പ് നടത്തിയിരുന്നു.
കുട്ടികളുടെ വിദ്യാഭ്യാസം, കുടിവെള്ളം, റോഡ് സൗകര്യങ്ങള്‍, ഭൂമി സംബന്ധിച്ചുള്ള വിഷയങ്ങള്‍ എന്നിവയെല്ലാം തന്നെ ചര്‍ച്ചയില്‍ പ്രതിപാദിച്ചിരുന്നു. തൊഴിലുറപ്പ് പദ്ധതി കൂടാതെ മറ്റ് വരുമാനം ലഭിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കാനും സ്വയം തൊഴില്‍ അഭ്യസിപ്പിക്കാനും പരിപാടിയില്‍ ധാരണയായി.
വിദ്യാഭ്യാസം മുടങ്ങിയ കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസത്തിനായി ഹോസ്റ്റലുകളില്‍ പ്രവേശിപ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്കും യോഗത്തില്‍ തീരുമാനിച്ച് മോഹന വാഗ്ദാനങ്ങൾ നൽകി സംഘം മടങ്ങി. എന്നാൽ, വല്ലതും നടന്നോയെന്നാരും തിരക്കരുത്. ആറുപതിറ്റാണ്ട് പഴക്കമുള്ള, വനത്തിലൂടെ റോഡ് നിര്‍മിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നതിനായി ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയതായി അധികൃതർ പറഞ്ഞു.
റോഡ് സൗകര്യം ഇല്ലാത്തതിനാല്‍ ഭക്ഷണസാധനങ്ങളും മറ്റും കോളനിയില്‍ എത്തിക്കാന്‍ വന്‍തുക വാഹന കൂലിയായി നല്‍കണമെന്ന കാര്യം സൂചിപ്പിച്ചപ്പോള്‍ ആഴ്ചയില്‍ ഒരുദിവസം മൊബൈല്‍ സപ്ലൈകോ കോളനിയില്‍ എത്തിക്കുന്നതിനുള്ള സൗകര്യം ഒരുക്കാനും തീരുമാനിച്ച് മടങ്ങിയ സംഘത്തെ പിന്നാരും കണ്ടില്ല.
രാമച്ചിയിലേക്ക് കേളകത്തുനിന്ന് ഓട്ടോറിക്ഷയെത്താൻ നാനൂറിലധികം രൂപ കൊടുക്കണം. അടക്കാത്തോട്ടിൽ നിന്നാണെങ്കിൽ 300 രൂപയും. ശാന്തിഗിരി വഴി വാഹനമെത്തണമെങ്കിൽ രാമച്ചിക്കാർ ഭീമമായ തുക നൽകണം.
എന്നാൽ, കരിയംകാപ്പ്-രാമച്ചി റോഡ് ഗതാഗത യോഗ്യമാക്കിയാൽ രാമച്ചിയിലെ ആദിവാസികൾ ഉൾപ്പെടെയുള്ള കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകും. പക്ഷെ നാളിതുവരെ റോഡുമാത്രം നന്നാവുന്നില്ല. രാമച്ചി കോളനിവാസികളടക്കം ഗതാഗതദുരിതം അനുഭവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
അടക്കാത്തോട് ടൗണിൽനിന്ന് നാലു കി.മീറ്ററോളം ദൂരം മാത്രമുള്ള കോളനി ഒറ്റപ്പെട്ട നിലയിൽ പുറംലോകവുമായി ബന്ധങ്ങളൊന്നുമില്ലാതെയാണ് കഴിയുന്നത്. മൺറോഡുണ്ടെങ്കിലും ദുരിതയാത്രയേ സാധ്യമാകൂ. കല്ലുകൾ നിറഞ്ഞ വഴിയിൽ കൂടിയുള്ള യാത്ര ദുഷ്കരമാണ്.
ഒറ്റപ്പെട്ടുകിടക്കുന്ന ഈ പ്രദേശം കൊട്ടിയൂർ, ആറളം, കർണാടക വനമേഖലകൾക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. കോളനിയിലെ ദുരവസ്ഥ കേട്ടറിഞ്ഞ് മാവോവാദികൾ കൂടെക്കൂടെ ഇവിടെ എത്തി മടങ്ങുന്നത് രഹസ്യമല്ല. ഇവിടേക്ക് ദുരിത ഗർത്തമായ മൺപാത മാറ്റി ടാറിങ് നടത്തി യാത്രാസൗകര്യം ഏർപ്പെടുത്തിയാൽ പ്രദേശത്ത് ആളനക്കമുണ്ടാവുകയും മാവോവാദികളുടെ വരവ് ഒരുപരിധി വരെയെങ്കിലും നിലക്കുമെന്നുമാണ് നാട്ടുകാർ പറയുന്നത്.
കരിയംകാപ്പ് വഴി രാമച്ചി റോഡ് ടാർ ചെയ്യുന്നതിനുള്ള പ്രധാന പ്രതിസന്ധി ഇടക്കുള്ള വനമേഖലയാണ്. കൊട്ടിയൂർ വനമേഖലയിലെ റോഡ് ടാർ ചെയ്യുന്നതിനുള്ള തടസ്സമാണ് ടാറിങ് നീണ്ടുപോകുന്നതിന് കാരണം. വനം ഒഴിച്ചുള്ള ഭാഗമെങ്കിലും ടാർ ചെയ്തു നൽകണമെന്നാണ് ജനങ്ങളുടെ ആവശ്യം.
അവഗണനയുടെ കൈപ്പുനീർ മാത്രം സഹിക്കുന്ന കോളനിവാസികൾ പ്രതികരിച്ച് തുടങ്ങിയിട്ടുണ്ട്. പേരുമാറ്റി നഗറാക്കിയാൽ നാട് നന്നാവില്ലെന്നു നഗർ നിവാസികളും കരുതുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നാണ് രാമച്ചിക്കാർ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.
കോളനി, സങ്കേതം, ഊര് എന്നിങ്ങനെയുള്ള പേരുകള്‍ മാറ്റി നഗര്‍, ഉന്നതി, പ്രകൃതി എന്നീ പേരുകളോ ഓരോ സ്ഥലത്തും പ്രാദേശികമായി താല്പര്യമുള്ള കാലാനുസൃതമായ പേരുകളോ നല്‍കണമെന്ന് ആഴ്ചകൾക്ക് മുമ്പ് സർക്കാർ ഉത്തരവ് വന്നിരുന്നു.
കോളനി തുടങ്ങിയ പേരുകളില്‍ അഭിസംബോധന ചെയ്യുന്നത് അവമതിപ്പിനു കാരണമാകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഇവക്ക് പകരം കാലാനുസൃതമായി നാമകരണം നടത്തുന്നതാണ് ഉചിതമെന്നായിരുന്നു പട്ടികജാതി വികസന വകുപ്പ് മുൻ മന്ത്രി കെ. രാധാകൃഷ്ണൻ ഉത്തരവ് നൽകിയത്.
എന്നാൽ, ഇതിലൊന്നും മലയോര മേഖലയിലെ ആദിവാസി സമൂഹത്തിന് വിയോജിപ്പില്ല. പകരം പേര് മാറ്റി നഗറാക്കാതെ അർഥതലത്തിൽ നടപടിയാണുണ്ടാവേണ്ടത്. കടുവയും പുലിയും കാട്ടുപന്നികളും കാട്ടാനകളും വട്ടമിടുന്ന പ്രദേശത്തെ മനുഷ്യജീവിതങ്ങളുടെ സുരക്ഷയും ഇപ്പോൾ ആശങ്കയുടെ നിഴലിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.