പീഡന പരാതിക്കുപിന്നിൽ മുട്ടിൽ മരംമുറിക്കേസിലെ പ്രതികളായ ചാനൽ ഉടമകളെന്ന് ഡിവൈ.എസ്.പി ഹൈകോടതിയിൽ
text_fieldsകൊച്ചി: മുട്ടിൽ മരംമുറിക്കേസിലെ പ്രതികളായ ചാനൽ ഉടമകളാണ് തനിക്കെതിരായ പീഡന പരാതിക്ക് പിന്നിലെന്ന് താനൂർ ഡിവൈ.എസ്.പി വി.വി. ബെന്നി ഹൈകോടതിയിൽ. പരാതിക്ക് പിന്നിലെ ഇവരുടെ സാന്നിധ്യം വ്യക്തമാക്കി കേന്ദ്ര വിവര, വാർത്താവിതരണ മന്ത്രാലയം, സംസ്ഥാന പൊലീസ് മേധാവി, മലപ്പുറം ജില്ല പൊലീസ് മേധാവി എന്നിവർക്ക് നൽകിയ പരാതിയുടെ പകർപ്പ് ഡിവൈ.എസ്.പി കോടതിയിൽ സമർപ്പിച്ചു.
ജില്ല പൊലീസ് മേധാവിയടക്കമുള്ളവർ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ പൊലീസ് കേസെടുത്തില്ലെന്ന് കാട്ടി പരാതിക്കാരി നൽകിയ ഹരജിയിലാണ് ഡിവൈ.എസ്.പിയുടെ വിശദീകരണം. റിപ്പോർട്ടർ ചാനൽ ചെയർമാൻ റോജി അഗസ്റ്റിൻ, മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ, വൈസ് ചെയർമാൻ ജോസ്കുട്ടി അഗസ്റ്റിൻ എന്നിവരാണ് പരാതിക്ക് പിന്നിലെന്ന് വിശദീകരണത്തിൽ പറയുന്നു. മുട്ടിൽ മരം മുറിക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരിക്കെ സഹോദരങ്ങളായ ഇവരെ 2021 ജൂലൈ 28ന് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് 65 ദിവസം ജയിലിലായിരുന്നു. അന്നുമുതൽ ഇവർക്ക് വിരോധമുണ്ട്. 42 കുറ്റപത്രങ്ങളിൽ ആറെണ്ണം സുൽത്താൻബത്തേരി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. കേസന്വേഷണം അവസാന ഘട്ടത്തിലായിരിക്കെ ബാക്കി കുറ്റപത്രം നൽകുന്നത് തടയുകയെന്നതാണ് വ്യാജ വാർത്തക്ക് പിന്നിലെ ലക്ഷ്യം. മൂന്നുപേരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് വ്യക്തമാക്കുന്ന രേഖകളും കോടതിയിൽ നൽകി.
സഹോദരങ്ങൾ ചാനൽ വാങ്ങിയ 2023 മുതൽ തനിക്കെതിരായ നീക്കം ശക്തമാണ്. ബലാത്സംഗം സംബന്ധിച്ച വ്യാജവാർത്ത നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് കത്ത് നൽകിയിട്ടും തയാറായില്ല. മുമ്പ് പരാതിക്കാരി തനിക്കെതിരെ പരാതിയൊന്നും ഉന്നയിച്ചിട്ടില്ല. ചാനൽ ഉടമകൾ നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് രണ്ടുവർഷത്തിനു ശേഷം തനിക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്ന് സംശയിക്കുന്നു.
വ്യാജ ആരോപണം തന്റെ വ്യക്തി ജീവിതത്തെയും തൊഴിലിനെയും ബാധിച്ചു. വ്യക്തിവൈരാഗ്യം തീർക്കാൻ വ്യാജവാർത്തകൾ തയാറാക്കുന്ന ചാനലിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് കേന്ദ്ര വിവര, വാർത്ത വിതരണ മന്ത്രാലയത്തിനടക്കം പരാതി നൽകിയത്. ഡിവൈ.എസ്.പി ബെന്നിക്ക് പുറമെ മലപ്പുറം ജില്ല പൊലീസ് മേധാവിയായിരുന്ന സുജിത് ദാസ്, പൊന്നാനി സി.ഐ ആയിരുന്ന വിനോദ് വലിയത്തൂർ എന്നിവർക്കെതിരെയായിരുന്നു യുവതി ബലാത്സംഗ പരാതി ഉന്നയിച്ചത്. യുവതിയുടെ പരാതി വ്യാജമാണെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം സർക്കാറും കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.