എസ്.എൻ കോളേജ് ജൂബിലി ഫണ്ട് തട്ടിപ്പ്: വെള്ളാപ്പള്ളിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
text_fieldsകൊല്ലം:കൊല്ലം ശ്രീനാരായണ കോളേജ് ജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ എസ്.എൻ ട്രസ്റ്റ് സെക്രട്ടറി കൂടിയായ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ജൂബിലി ആഘോഷത്തിനായി പിരിച്ച തുകയിൽ 58ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതിനെതിരെയായിരുന്നു കേസ്. വിശ്വാസ വഞ്ചന, പണാപഹരണം ,സാമ്പത്തിക ദുർവിനിയോഗം തുടങ്ങിയ കുറ്റങ്ങൾ വെളളാപ്പള്ളി നടേശൻ ചെയ്തതായി കൊല്ലം സി.ജെ.എം കോടതിയിൽ ക്രൈം ബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
എസ്.എൻ കോളജ് സുവർണ ജൂബിലി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെതിരെ 2004 ലാണ് അന്വേഷണം തുടങ്ങിയത്. 16 വർഷത്തിന്നു ശേഷമാണ് കുറ്റപത്രം സമർപ്പിക്കുന്നത്. 420, 403, 406, 409 എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യം വെള്ളാപ്പളളി നടേശൻ ചെയ്തെന്ന്
കുറ്റപത്രത്തിൽ പറയുന്നു.
തൻ്റെ വാദം കേൾക്കാതെയാണ് കുറ്റപത്രം തയാറാക്കിയതെന്ന് ആരോപിച്ച് വെള്ളാപ്പള്ളി ഹൈക്കോടതിയെ സമീപിച്ചു. പിന്നീട് അദ്ദേഹത്തിൻ്റെ ഭാഗം കൂടി കേട്ട ശേഷമാണ് ക്രൈംബ്രാഞ്ച് അന്തിമ കുറ്റപത്രം തയാറാക്കിയത്. കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനുള്ള അനുമതി ക്രൈംബ്രാഞ്ച് ഡയറക്ടർ നൽകിയതിനു പിന്നാലെയാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി ഷാജി സുഗുണനെ മാറ്റണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യവും കഴിഞ്ഞ ദിവസം ഹൈക്കോടതി നിരാകരിച്ചിരുന്നു. സുരേന്ദ്രബാബു നൽകിയ പരാതിയിലായിരുന്നു അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.