വിദ്യക്കെതിരെ വ്യാജരേഖ കേസിൽ രണ്ടാഴ്ചക്കകം കുറ്റപത്രം
text_fieldsപാലക്കാട്: എസ്.എഫ്.ഐ മുൻ നേതാവ് കെ. വിദ്യക്കെതിരെ വ്യാജരേഖ കേസിൽ രണ്ടാഴ്ചക്കകം കുറ്റപത്രം സമർപ്പിക്കുമെന്ന് അന്വേഷണസംഘം. കേസിൽ പരമാവധി തെളിവുകളും രേഖകളും ശേഖരിച്ചുവരുകയാണ്. അന്വേഷണം അവസാനഘട്ടത്തിലാണെന്നും അന്വേഷണസംഘം ‘മാധ്യമ’ത്തോട് പറഞ്ഞു. വിദ്യ നിർമിച്ച വ്യാജ അധ്യാപന പരിചയ സർട്ടിഫിക്കറ്റിന്റെ ഉറവിടം കണ്ടെത്താൻ ഗൂഗിളിന്റെ സഹായവും തേടിയിട്ടുണ്ട്.
സ്വന്തം മൊബൈൽ ഫോണിലാണ് മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതെന്നാണ് മൊഴി. താഴെ വീണ് കേടായതിനാൽ പിന്നീട് ഈ മൊബൈൽ ഉപേക്ഷിച്ചെന്നും വിദ്യയുടെ മൊഴിയിലുണ്ട്.
മൊബൈൽ ഫോണിൽ എം.എസ് വേർഡ് ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് സർട്ടിഫിക്കറ്റിലേക്കുള്ള ഉള്ളടക്കം തയാറാക്കിയത്. ആസ്പയർ ഫെലോഷിപ് ചെയ്തപ്പോൾ മഹാരാജാസ് കോളജിൽനിന്ന് തനിക്ക് ലഭിച്ച സർട്ടിഫിക്കറ്റിൽനിന്നാണ് കോളജിന്റെ സീലും ഡെസിഗ്നേഷൻ സീലും ഒപ്പും സംഘടിപ്പിച്ചത്. ഇത് ക്യാം സ്കാനറിലൂടെ സ്കാൻ ചെയ്ത് ഇമേജാക്കി മാറ്റി. ശേഷം അതിൽനിന്ന് മേൽപ്പറഞ്ഞ ഓരോന്നും ക്രോപ്പ് ചെയ്ത് സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തുകയായിരുന്നു.
കോളജിന്റെ ലോഗോ ഗൂഗിളിൽനിന്നാണ് എടുത്തത്. വിവിധ കാലയളവിലുള്ള രണ്ട് പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളാണ് ഇത്തരത്തിൽ വിദ്യ ഉണ്ടാക്കിയത്. സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്തതെന്ന് കരുതുന്ന സ്ഥാപനങ്ങളിൽനിന്ന് കഴിഞ്ഞദിവസം അന്വേഷണസംഘം വിവരങ്ങൾ ആരാഞ്ഞിരുന്നു. വിദ്യയുടെ ഇ-മെയിൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് എറണാകുളത്തെയും കാസർകോട് തൃക്കരിപ്പൂരിലെയും അക്ഷയ സെന്ററുകളിലെ ഇ-മെയിലുകളിലേക്ക് വ്യാജ സർട്ടിഫിക്കറ്റ് അയച്ചതായി കണ്ടെത്തിയത്. രണ്ടു വർഷം മുമ്പുള്ളതായതിനാൽ ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാനാണ് അന്വേഷണസംഘം ഗൂഗിളിന്റെ സഹായം അഭ്യർഥിച്ചത്.
വ്യാജ സർട്ടിഫിക്കറ്റ് അട്ടപ്പാടി ചുരത്തിൽ പൊലീസ് എയ്ഡ് പോസ്റ്റ് കഴിഞ്ഞുള്ള രണ്ടാമത്തെ വളവിൽ കീറി എറിഞ്ഞെന്നും വിദ്യ മൊഴി നൽകിയിരുന്നു. ഇവിടെ പൊലീസ് പരിശോധന നടത്തിയെങ്കിലും തെളിവുകിട്ടിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.