സ്വപ്ന സുരേഷിനെ പ്രതിയാക്കി എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരായ വ്യാജ പീഡന പരാതി കേസിൽ കുറ്റപത്രം
text_fieldsതിരുവനന്തപുരം: സ്വപ്ന സുരേഷ് ഉൾപ്പെടെ 10 പേരെ പ്രതിയാക്കി എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡന പരാതി ഉണ്ടാക്കിയ കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. രണ്ടാം പ്രതിയും എച്ച്.ആർ മാനേജരുമായിരുന്ന സ്വപ്ന സുരേഷ് ആണ് വ്യാജ പരാതി ഉണ്ടാക്കിയതെന്നും ജുഡീഷ്യൽ മജിസ്ട്രേറ്റ് ഒന്നാം ക്ലാസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
എയർ ഇന്ത്യ സാറ്റ്സ് വൈസ് ചെയർമാൻ ബിനോയ് ജേക്കബ് ആണ് കേസിലെ ഒന്നാം പ്രതി. ദീപക് ആന്‍റോ, ഷീബ, നീതു മോഹൻ, എയർ ഇന്ത്യ ഉദ്യോഗസ്ഥയും ആഭ്യന്തര അന്വേഷണ സമിതി അധ്യക്ഷയുമായ ഉമ മഹേശ്വരി സുധാകരൻ, സത്യം സുബ്രഹ്മണ്യം, ആർ.എം.എസ് രാജു, ലീന ബിനീഷ്, സ്വതന്ത്ര അംഗം അഡ്വ. ശ്രീജ ശശിധരൻ എന്നിവരാണ് മറ്റ് പ്രതികൾ. 2016ൽ അന്വേഷണം ആരംഭിച്ച കേസിലാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചത്. രാജ്യത്ത് ആദ്യമായാണ് ഒരു ആഭ്യന്തര അന്വേഷണ സമിതിയെ കേസിൽ പ്രതി ചേർക്കുന്നത്.
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ട്രേഡ് യൂണിയൻ നേതാവും എയർ ഇന്ത്യ ഉദ്യോഗസ്ഥനുമായ എസ്.എൽ. സിബുവിനെതിരെയാണ് എയർഇന്ത്യ സാറ്റ്സിൽ നിന്നും 17 സ്ത്രീകൾ ലൈംഗിക പീഡന പരാതി ഉന്നയിക്കുന്നത്. സ്ക്രീകൾക്കെതിരായ ആഭ്യന്തര അന്വേഷണ സമിതി പരാതി അന്വേഷിക്കുകയും ഉദ്യോഗസ്ഥനെതിരായ ആരോപണം ശരിവെക്കുകയും ചെയ്തു. തുടർന്ന് സിബുവിനെ സർവീസിൽ നിന്ന് നീക്കം ചെയ്തു.
പരാതിയിൽ പരിശോധന നടത്തി കൃത്യമായ നിലപാട് സ്വീകരിക്കേണ്ട അന്വേഷണ സമിതി ബിനോയ് ജേക്കബും സ്വപ്ന സുരേഷും നടത്തിയ ഗൂഢാലോചനക്ക് ഒപ്പം നിൽക്കുകയും വ്യാജരേഖ ചമക്കുന്നതിനും ആൾമാറാട്ടം നടത്തുന്നതിനും കൂട്ടുനിൽക്കുകയും ചെയ്തെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.
അന്വേഷണത്തിന്‍റെ ഭാഗമായി പരാതിക്കാരായ 17 സ്ത്രീകളെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ ഇത്തരത്തിൽ ഒരു പരാതി നൽകിയിട്ടില്ലെന്ന മൊഴിയാണ് ഇവരിൽ നിന്ന് ലഭിച്ചത്. ആഭ്യന്തര അന്വേഷണ സമിതിക്ക് മുമ്പാകെ പരാതിക്കാരിയായ പാർവതി സാബു ഹാജരായതായി അന്വേഷണ സംഘം കണ്ടെത്തി.
എന്നാൽ, പാർവതി സാബു എന്ന വ്യാജ പേരിൽ കേസിലെ അഞ്ചാം പ്രതി നീതു മോഹൻ ആണ് ഹാജരായതെന്ന് വിശദ പരിശോധനയിൽ വ്യക്തമായി. നീതു മോഹന്‍റെ തിരിച്ചറിയൽ രേഖകൾ പരിശോധിക്കാതെ മൊഴി മാത്രം കണക്കിലെടുത്ത് ആഭ്യന്തര അന്വേഷണ സമിതി അന്തിമ നിഗമനത്തിൽ എത്തിയെന്നും അന്വേഷണത്തിൽ തെളിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.