പുൽപള്ളി ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ചു; കെ.കെ. അബ്രഹാം ഒന്നാം പ്രതി
text_fieldsകൽപറ്റ: കെ.പി.സി.സി ജനറൽ സെക്രട്ടറിയും ബാങ്ക് മുൻ പ്രസിഡന്റുമായ കെ.കെ. അബ്രഹാം ഉൾപ്പെട്ട പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പത്തട്ടിപ്പ് കേസിൽ വിജിലൻസ് തയാറാക്കിയ കുറ്റപത്രം സമർപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് തലശ്ശേരി വിജിലൻസ് കോടതിയിൽ വയനാട് വിജിലൻസ് ഡിവൈ.എസ്.പി സിബി തോമസ് കുറ്റപത്രം സമർപ്പിച്ചത്. ഒന്നാം പ്രതി കെ.കെ. അബ്രഹാം അടക്കം പത്തു പ്രതികളാണ് വിജിലൻസ് പട്ടികയിലുള്ളത്.
ബാങ്ക് മുന്‍ സെക്രട്ടറി കെ.ടി. രമാദേവി, ഡയറക്ടര്‍മാരായിരുന്ന ടി.എസ്. കുര്യന്, ബിന്ദു തങ്കപ്പന്, സുജാത ദിലീപ്, വി.എം. പൗലോസ്, മണി പാമ്പനാല്‍, സി.വി. വേലായുധന്, ബാങ്ക് വായ്പ വിഭാഗം മേധാവിയായിരുന്ന പി.യു. തോമസ്, വായ്പ ഇടപാടുകളില്‍ ഇടനിലക്കാരനായിരുന്ന കൊല്ലപ്പള്ളി സജീവന് എന്നിവരാണ് മറ്റു പ്രതികള്‍. 5.62 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് റിപ്പോർട്ടിലുള്ളത്.
ബിനാമി ഇടപാടുകൾവഴി ധനാപഹരണവും വായ്പത്തട്ടിപ്പുമുൾപ്പെടെയുള്ള പരാതികളിൽ 2019ൽ വിജിലൻസ് അന്വേഷണം തുടങ്ങിയത്. ബാങ്കിന്റെ പരിധിവിട്ടും വായ്പ അനുവദിച്ചു. രജിസ്റ്റർ ചെയ്യാത്ത ഭൂമിക്ക് പവർ ഓഫ് അറ്റോണി പ്രകാരവും വായ്പ അനുവദിച്ചു. മൂല്യം കുറഞ്ഞ ഭൂമിക്ക് ഉയർന്ന മൂല്യം കാണിച്ച് രേഖകളുണ്ടാക്കി കൂടുതൽ തുക തട്ടിയെടുത്തു.
ഇത്തരത്തിൽ നിരവധി തട്ടിപ്പുകൾ നടന്നതായി കുറ്റപത്രത്തിലുണ്ട്. കെ.കെ. അബ്രഹാമിനെതിരായ തെളിവുകൾ വിജിലൻസ് ശേഖരിച്ചിട്ടുണ്ട്. മുമ്പ് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ എട്ടര കോടിയോളം രൂപയുടെ അഴിമതി നടന്നതായി കണ്ടെത്തിയിട്ടുണ്ട്. നാലുവർഷം മുമ്പ് നടത്തിയ അന്വേഷണത്തിൽ കുറ്റപത്രം സമർപ്പിക്കാത്തത് പ്രതികളെ സംരക്ഷിക്കാനെന്ന ആരോപണമുയർന്നിരുന്നു.
ബാങ്കിൽ വായ്പത്തുക തിരിമറി നടത്തിയെന്ന പരാതിയിൽ കെ.കെ. അബ്രഹാം, സെക്രട്ടറി കെ.ടി. രമാദേവി എന്നിവർ റിമാൻഡിലാണ്. രണ്ടുപേരും നൽകിയ ജ്യാമാപേക്ഷ ബത്തേരി കോടതി തള്ളിയിരുന്നു. കേളക്കവല സ്വദേശികളായ പറമ്പക്കാട്ട് ദാനിയേലും ഭാര്യ സാറയും മുമ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരെ നടപടി. ധനാപഹരണം, വഞ്ചന, ആത്മഹത്യപ്രേരണ തുടങ്ങിയ വകുപ്പുകളിലാണ് കേസ്. വായ്പത്തട്ടിപ്പിനിരയായ കർഷകൻ രാജേന്ദ്രൻ നായർ കഴിഞ്ഞ ദിവസം ആത്മഹത്യചെയ്തതിനെ തുടർന്ന് വ്യാപകമായ പ്രതിഷേധമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.