ആർ.എസ്.എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു
text_fieldsപാലക്കാട്: ആർ.എസ്.എസ് മുൻ ജില്ല ശാരീരിക് ശിക്ഷൺ പ്രമുഖ് മൂത്താന്തറ ആരപ്പത്ത് എ. ശ്രീനിവാസനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം നൽകി. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി(മൂന്ന്)യിലാണ് ബുധനാഴ്ച ഉച്ചയോടെ 1607 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. ആകെ 26 പ്രതികളുള്ള കേസിൽ 279 സാക്ഷികളുണ്ട്. വിചാരണക്കായി 293 രേഖകളും 282 തെളിവുകളും ഹാജരാക്കി. ശ്രീനിവാസൻ കൊല്ലപ്പെട്ട് 88ാം ദിവസമാണ് കുറ്റപത്രം സമർപ്പിക്കപ്പെടുന്നത്.
കേസിൽ മുഖ്യപ്രതികളിൽ ചിലർ ഉൾപ്പെടെ 25 പേർ ഇതിനോടകം അറസ്റ്റിലായി. അഗ്നിരക്ഷ സേന ഉദ്യോഗസ്ഥനായ കൊടുവായൂർ നവക്കോട് സ്വദേശി ജിഷാദും പ്രതിയാണ്. വിദേശത്തേക്കു കടന്ന മുഖ്യപ്രതികളിൽ ഒരാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൊലീസ് തുടരുന്നുണ്ട്. ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികൾ ആരംഭിച്ചു. കൊലപാതകത്തിൽ വിവിധ ഘട്ടങ്ങളിൽ പങ്കാളികളായ 14 പേരെക്കൂടി ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിലെ ഇവരുടെ പങ്കടക്കം വിശദമായ അന്വേഷണം നടത്തി വരും ദിവസം പ്രതിപ്പട്ടിക വിപുലീകരിക്കാനാണ് പൊലീസ് ലക്ഷ്യമിടുന്നത്.
പോപുലർ ഫ്രണ്ട് നേതാവ് ഏലപ്പുള്ളി കുപ്പിയോട് എ. സുബൈറിനെ കൊന്നതിന്‍റെ പ്രതികാരമായാണ് തൊട്ടടുത്ത ദിവസം ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രം പറയുന്നു. 2022 ഏപ്രിൽ 16ന് ഉച്ചക്കാണ് ശ്രീനിവാസനെ മേലാമുറിയിലെ കടയ്ക്കുള്ളിൽ വെട്ടിക്കൊന്നത്. മൂന്ന് ഇരുചക്ര വാഹനങ്ങളിലെത്തിയ ആറ് പേരിൽ മൂന്ന്പേർ കടയിൽ കയറി തുരുതുരാ വെട്ടുകയായിരുന്നു. പ്രതികൾക്ക് എസ്.ഡി.പി.ഐ-പോപുലർ ഫ്രണ്ട് ബന്ധമുണ്ടെന്ന് കുറ്റപത്രം പറയുന്നു.
കൊലപ്പെടുത്തേണ്ടവരുടെ പട്ടിക തയ്യാറാക്കിയാണ് അക്രമി സംഘം ശ്രീനിവാസനിലേക്കെത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥ്, ഡിവൈ.എസ്.പി ആർ. അനിൽകുമാർ, ഇൻസ്പെക്ടർ ഷിജു എബ്രഹാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം.
പ്രതിപ്പട്ടികയിൽ ഇവർ
ശ്രീനിവാസൻ വധക്കേസിൽ നേരിട്ട് പങ്കെടുത്തവരും സഹായിച്ചവരും ഗൂഢാലോചനയിലുമായി 26 പ്രതികളിൽ 25 പേരെയാണ് പ്രത്യേക അന്വേഷണ സംഘം ഒന്നരമാസത്തിനകം പിടികൂടിയത്. പോപുലർഫ്രണ്ട് പ്രവർത്തകരും കൽപ്പാത്തി ശംഖുവാരമേട് സ്വദേശികളുമായ മുഹമ്മദ് ബിലാൽ (22), മുഹമ്മദ് റിസ്വാൻ (20), അക്ബർ അലി (25), അബ്ബാസ് (32), കൽപ്പാത്തി ശംഖുവാരത്തോട് സ്വദേശികളായ റിയാസ് (35), അബ്ദുൽറഹ്മാൻ (20), മുണ്ടൂർ പൂതനൂർ സ്വദേശികളായ അബ്ദുൽ ഖാദർ (34), നിഷാദ് (38), പുതുപ്പരിയാരം താഴെമുരളി സഹദ് (22), കാഞ്ഞിരപ്പുഴ സ്വദേശി മുളങ്കയിൽ സദ്ദാംഹുസൈൻ (30), കാവിൽപ്പാട് സ്വദേശികളായ അഷ്റഫ് (21), ഫിറോസ് (33), കൽപ്പാത്തി കുന്നുംപുറം അസ്‌വാക്ക് (23), നൂറണി ചടനാംകുറിശ്ശി സ്വദേശി ഫയാസ് (28), പള്ളിത്തെരുവ് അബ്ദുൽ ബാസിത് അലി (27), പറക്കുന്നം റിഷിൽ (25), പട്ടാമ്പി ഓങ്ങല്ലൂർ ഉമ്മർ, മരുതൂർ സ്വദേശികളായ അബ്ദുൽ നാസർ (40), കാജാ ഹുസ്സൈൻ (33), അഷ്‌റഫ് മൗലവി (48), കൊടലൂർ ഹനീഫ (28), വാടാനാംകുറിശ്ശി സ്വദേശി ഷജിത് (25), അഗ്നിരക്ഷാ ഉദ്യോഗസ്ഥൻ കൊടുവായൂർ സ്വദേശി ജിഷാദ് (31), പട്ടാമ്പി കീഴായൂർ നാസിർ (46), കെ. അലി (55) എന്നിവരാണ് അറസ്റ്റിലായത്. ഇവരെല്ലാവരും റിമാൻഡിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.