ധീരജ് വധക്കേസിൽ കുറ്റപത്രം; നിഖിൽ പൈലി ഒന്നാം പ്രതി
text_fieldsതൊടുപുഴ: യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലിയെ ഒന്നാം പ്രതിയാക്കി ധീരജ് വധക്കേസിൽ അന്വേഷണസംഘത്തതിന്റെ കുറ്റപത്രം. കൊലപാതകം നടന്ന് 81 ദിവസം പൂർത്തിയാകുമ്പോഴാണ് ഇടുക്കി ജില്ല സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരായ എട്ടുപേരാണ് പ്രതികൾ. രാഷ്ട്രീയ വൈര്യമാണ് കൊലപാതകത്തിന് കാരണം. പോക്കറ്റിൽ കരുതിയിരുന്ന പിച്ചാത്തി ഉപയോഗിച്ച് ഒന്നാം പ്രതിയും യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റുമായ നിഖിൽ പൈലി ആദ്യം അഭിജിത്തിനെയും തുടർന്ന് ധീരജിനെയും കുത്തുകയായിരുന്നെന്ന് കുറ്റപത്രത്തിൽ പറയുന്നു. ധീരജിന്റെ ഇടതുനെഞ്ചിൽ മൂന്ന് സെ.മീ. ആഴത്തിൽ മുറിവുണ്ടായി. ഹൃദയധമനികൾ മുറിഞ്ഞതാണ് മരണകാരണം. അഭിജിത്തിന്റെ നെഞ്ചിലും മൂന്ന് സെ.മീ. ആഴത്തിൽ മുറിവേറ്റു.
സംഘംചേരൽ, കൊലപാതകം, വധശ്രമം, മർദനം, തെളിവ് നശിപ്പിക്കൽ, ആയുധം ഒളിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. ജെറിൻ ജോജോ, ജിതിൻ ഉപ്പുമാക്കൽ, ടോണി തേക്കിലക്കാടൻ, നിതിൻ ലൂക്കോസ്, സോയിമോൻ സണ്ണി, ജസിൻ ജോയി, അലൻബേബി എന്നിവരാണ് രണ്ടുമുതൽ എട്ടുവരെ പ്രതികൾ. കേസിൽ 143 സാക്ഷികൾ. ഒന്നാം പ്രതി നിഖിൽ പൈലിക്ക് ജാമ്യം നൽകിയിട്ടില്ല. ഇയാളുടെ ജാമ്യാപേക്ഷ അഞ്ചിന് വാദം കേൾക്കുന്നതിന് മാറ്റിയിട്ടുണ്ട്. കേസിന്റെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി സുരേഷ് ബാബു തോമസിനെ സർക്കാർ നിയമിച്ചിട്ടുണ്ട്. ജനുവരി 10നായിരുന്നു ഇടുക്കി ഗവ. എൻജിനീയറിങ് കോളജ് വിദ്യാർഥി ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.