കൊലപാതക ആരോപണം തള്ളി കുറ്റപത്രം; മരണകാരണം ദിവ്യയുടെ പ്രസംഗം, ഗൂഢാലോചനയില്ല
text_fieldsഎ.ഡി.എമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ പി.പി. ദിവ്യ സംസാരിക്കുന്നു
കണ്ണൂർ: മുൻ എ.ഡി.എം കെ. നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം മുൻ ജില്ല കമ്മിറ്റിയംഗവുമായ പി.പി. ദിവ്യയെ ഏക പ്രതിയാക്കി പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. എ.ഡി.എമ്മിനുള്ള യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെ എത്തിയ പി.പി. ദിവ്യ നടത്തിയ അധിക്ഷേപ പ്രസംഗത്തിൽ മനംനൊന്താണ് നവീൻബാബു ജീവനൊടുക്കിയതെന്നും അധികാരവും പദവിയും അവർ ദുരുപയോഗം ചെയ്തെന്നും കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടി.
എ.ഡി.എമ്മിനെ അപമാനിക്കുക ലക്ഷ്യമിട്ടാണ് ദിവ്യ യാത്രയയപ്പ് യോഗത്തിന് എത്തിയത്. പ്രസംഗത്തിന്റെ വിഡിയോ ചിത്രീകരിക്കുന്നതിന് പ്രാദേശിക ചാനലിന്റെ വിഡിയോഗ്രാഫറെ ചുമതലപ്പെടുത്തി. സ്വന്തം ഫോണിലൂടെ ആ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു. പ്രസംഗത്തിനിടെ ‘രണ്ടുദിവസത്തിനകം അറിയാമെന്ന’ പരാമർശം ഭീഷണിയാണ്. ജില്ല പഞ്ചായത്ത് പ്രസിഡന്റും കണ്ണൂരിലെ സി.പി.എമ്മിന്റെ പ്രധാനികളിൽ ഒരാളുംകൂടിയായ ദിവ്യയുടെ പരാമർശം ഉണ്ടാക്കുന്ന പ്രത്യാഘാതത്തെ എ.ഡി.എം ഭയപ്പെട്ടു. തുടർന്നാണ് പിറ്റേന്ന് പുലർച്ചയോടെ നവീൻ താമസസ്ഥലത്ത് ജീവനൊടുക്കിയതെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടി.
ആത്മഹത്യാകുറിപ്പ് കണ്ടെടുത്തിട്ടില്ല, മരണത്തിന് മറ്റ് കാരണങ്ങളില്ല, പെട്രോൾ പമ്പുടമ ടി.വി. പ്രശാന്തുമായി ദിവ്യ ഗൂഢാലോചന നടത്തിയതിന് തെളിവില്ല, മരണത്തിന് കാരണമായി ദിവ്യ അല്ലാതെ മറ്റൊരാളുമില്ല തുടങ്ങിയ കാര്യങ്ങളും നാനൂറിലധികം പേജുള്ള കുറ്റപത്രത്തിലുണ്ട്.
എ.ഡി.എമ്മിനെ അധിക്ഷേപിക്കാൻ ദിവ്യ പറയുന്ന കൈക്കൂലി സംഭവത്തിന് തെളിവില്ല. കലക്ടർ ക്ഷണിച്ചിട്ടാണ് യാത്രയയപ്പ് യോഗത്തിന് എത്തിയതെന്ന ദിവ്യയുടെ മൊഴിയും കളവാണെന്ന് കുറ്റപത്രം പറയുന്നു. നവീനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്ന കുടുംബത്തിന്റെ ആരോപണം കുറ്റപത്രം തള്ളി. നവീന്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ 97 പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.
കണ്ണൂർ ഡി.ഐ.ജിയുടെ മേൽനോട്ടത്തിൽ സിറ്റി പൊലീസ് കമീഷണർ, അസി. കമീഷണർ, ടൗൺ എസ്.എച്ച്.ഒ തുടങ്ങി ഏഴംഗ പ്രത്യേക സംഘമാണ് കേസന്വേഷിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.