ഐസ്‌ക്രീമില്‍ വിഷം ചേർത്ത് സഹോദരിയെ െകാന്ന കേസിൽ കുറ്റപത്രം സമർപ്പിച്ചു
text_fieldsകാഞ്ഞങ്ങാട്: ഐസ്‌ക്രീമില്‍ എലിവിഷം നല്‍കി സഹോദരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരൻ ആല്‍ബിന്‍ ബെന്നിക്കെതിരെ അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ബളാല്‍ അരിങ്കല്ലിലെ ബെന്നി -ബെസി ദമ്പതികളുടെ മകള്‍ ആന്‍ മേരി കൊല്ലപ്പെട്ട കേസിലാണ് സഹോദരനെ മുഖ്യപ്രതിയാക്കി കുറ്റപത്രം തയാറാക്കിയത്. നൂറോളം സാക്ഷിമൊഴികള്‍ ഉൾപ്പെടെ ആയിരത്തോളം പേജുള്ളതാണ് കുറ്റപത്രം.
വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥനായ വെള്ളരിക്കുണ്ട് സി.ഐ കെ. പ്രേം സദനാണ് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. ആൻ മേരിക്കൊപ്പം ഐസ്‌ക്രീം കഴിച്ച പിതാവ് ചികിത്സയിലൂടെ രക്ഷപ്പെടുകയായിരുന്നു.
2020 ആഗസ്റ്റ് അഞ്ചിനാണ് നാടിനെ നടുക്കിയ സംഭവം. ജൂലൈ 30ന് വീട്ടില്‍ ഉണ്ടാക്കിയ ഐസ്‌ക്രീമിൽ എലിവിഷം േചർക്കുകയായിരുന്നു. ആദ്യദിവസം സഹോദരി ആന്‍ മേരിക്ക് ഒപ്പം ആല്‍ബിനും ഐസ്‌ക്രീം കഴിച്ചു. അടുത്തദിവസമാണ് ബാക്കിയുള്ള ഐസ്‌ക്രീമില്‍ എലിവിഷം ചേര്‍ത്തത്. ആന്‍ മേരിയും പിതാവുമാണ് പിന്നീട് ഐസ്‌ക്രീം കഴിച്ചത്. ആല്‍ബിനും മാതാവും അന്ന് കഴിച്ചിരുന്നില്ല. ആന്‍ മേരിക്ക് ഛര്‍ദി ഉണ്ടായതിനെതുടര്‍ന്ന് ബാക്കിവന്ന ഐസ്‌ക്രീം വളര്‍ത്തുപട്ടികള്‍ക്ക് നല്‍കാന്‍ ആല്‍ബിനോട് മാതാവ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ചത്തുപോകുമെന്ന് ഭയന്ന് നല്‍കിയില്ലെന്ന് പൊലീസ് പിന്നീട് കണ്ടെത്തി.
കഞ്ചാവും മറ്റു മയക്കുമരുന്നുകളും ഉപയോഗിക്കുന്ന ശീലം ഉണ്ടായിരുന്ന ആല്‍ബിന്‍ ബെന്നി, സ്വത്തിനുവേണ്ടി മാതാവുള്‍പ്പെടെ കുടുംബത്തെ ഇല്ലാതാക്കാന്‍ പദ്ധതിയിടുകയായിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. മുമ്പ് വീട്ടില്‍ ഉണ്ടാക്കിയ കോഴിക്കറിയില്‍ എലിവിഷം പ്രയോഗിച്ച് ആല്‍ബിന്‍ പരീക്ഷണം നടത്തിയിരുന്നു. എന്നാല്‍, അളവ് കുറഞ്ഞതിനാല്‍ മാതാപിതാക്കളും സഹോദരിയും അന്നു രക്ഷപ്പെടുകയായിരുന്നു. വെള്ളരിക്കുണ്ടിലെ ഒരു കടയില്‍നിന്ന് എലിവിഷ പേസ്റ്റ് വാങ്ങിയാണ് ഐസ്‌ക്രീമില്‍ കലര്‍ത്തിയത്.
വെള്ളരിക്കുണ്ട് സി.ഐ കെ. പ്രേംസദന്‍. എസ്.ഐ ശ്രീദാസ് പുത്തൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കൊലപാതകത്തിനു പിന്നിലെ ചുരുളഴിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.