ദേവുവിെൻറ പ്രിയപ്പെട്ട അച്ഛൻ ഇനി ഓർമ
text_fieldsചാരുംമൂട്: ചന്ദ്രബാബുവിെൻറ ശബ്ദം ഇപ്പോഴും അവരുടെ ചെവിയിൽ ഒരു വേദനയായി പടർന്നിറങ്ങുന്നു. ‘‘അവളെ ഞാൻ കണ്ടു, അവളങ്ങനെ കിടക്കുന്നത് സഹിക്കാൻ കഴിയുന്നില്ല, എെൻറ മോൾ രക്ഷപ്പെടില്ല.... എെൻറ ദേവി ഇല്ലാത്ത ലോകത്തു ഞാൻ ഉണ്ടാകില്ല... അവൾക്കു മുന്നേ ഞാൻ പോകും’’ -കഴിഞ്ഞ ദിവസം രാത്രി ജ്യേഷ്ഠസഹോദരൻ രാജുവിനോടും കുഞ്ഞമ്മ രാധയോടും ഫോണിൽ പറയുമ്പോഴും ചന്ദ്രബാബു ഇങ്ങനെ ചെയ്യുമെന്ന് ആരും കരുതിയില്ല. രാത്രി ചന്ദ്രബാബുവിനെ ആശ്വസിപ്പിച്ച് രാവിലെ ഏഴോടെ രാജുവും ബന്ധുക്കളും തിരുവനന്തപുരം എസ്.ഐ.ടിയിൽ എത്തിയപ്പോഴാണ് ചന്ദ്രബാബു ആത്മഹത്യ ചെയ്ത വിവരം അറിയുന്നത്.
ജൂൺ 24നാണ് നൂറനാട് എരുമക്കുഴി മീനത്തു കിഴക്കേതിൽ ചന്ദ്രബാബുവിെൻറ ഏക മകൾ എട്ടു വയസ്സുകാരി ദേവു ചന്ദനയെ തലച്ചോറിലെ ഗുരുതര അസുഖം മൂലം തിരുവനന്തപുരം എസ്.ഐ.ടിയിൽ പ്രവേശിപ്പിച്ചത്. ഏഴു ദിവസമായി വെൻറിലേറ്ററിലാണ് ചന്ദന. കഴിഞ്ഞ വർഷം ഉത്സവത്തിനിടെ മേളക്കാർക്കൊപ്പം നൃത്തം ചെയ്ത ചന്ദനയുടെ ദൃശ്യങ്ങൾ വൈറലായതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ചാനലിലെ കോമഡി പരിപാടിയിലും ചന്ദനയുടെ കഴിവ് ലോകം കണ്ടു.
ചന്ദനയുടെ ചികിത്സക്ക് ലക്ഷങ്ങൾ വേണമെന്ന വാർത്ത ‘മാധ്യമം’ ഉൾപ്പെടെ പത്രങ്ങളിൽ വന്നതോടെ സഹായഹസ്തവുമായി സുമനസ്സുകൾ എത്തുകയും ചെയ്തിരുന്നു.
എന്നാൽ, ചികിത്സ തുടർന്നിട്ടും ചന്ദനയുടെ അവസ്ഥയിൽ പുരോഗതി ഉണ്ടായിരുന്നില്ല. വെൻറിലേറ്ററിൽ ആയതിനുശേഷം അമ്മ രജിതയെ മാത്രമേ കുട്ടിയെ കാണിച്ചിരുന്നുള്ളു. അന്നുമുതൽ ചന്ദ്രബാബുവും ആശുപത്രിയിൽതന്നെ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ബഹളംവെച്ചതിനെ തുടർന്നാണ് ചന്ദ്രബാബുവിന് മകളെ കാണാൻ കഴിഞ്ഞത്. തുടർന്ന് ചന്ദ്രബാബു ഏറെ ദുഃഖത്തിലായിരുന്നു.
പെയിൻറിങ് തൊഴിലാളിയും നല്ലൊരു ആർട്ടിസ്റ്റും കൂടിയായിരുന്നു. പരേതനായ ബാബുവാണ് ചന്ദ്രെൻറ അച്ഛൻ. അമ്മ ചന്ദ്രികക്ക് തെൻറ ഏക മകനായ ചന്ദ്രബാബു ഇനി തിരിച്ചുവരില്ലെന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ കഴിയുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.