പ്രിയ വിദ്യാർഥികൾക്ക് ‘കൂടൊ’രുക്കി സുഗതൻ മാഷ്
text_fieldsചാരുംമൂട്: ഒരു സുരക്ഷിതത്വവും ഇല്ലാതെ ഒറ്റമുറി വീട്ടിൽ കഴിഞ്ഞിരുന്ന മൂന്ന് പെൺകുട്ടികൾക്കും രക്ഷിതാക്കൾക്കും സുരക്ഷിതഭവനം ഒരുക്കാൻ വഴിയൊരുക്കി പൊതുവിദ്യാഭ്യാസ രംഗത്ത് വ്യത്യസ്തനാവുകയാണ് ഒരധ്യാപകൻ.
2018ലെ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും താമരക്കുളം വി.വി ഹയർ സെക്കൻഡറി സ്കൂൾ പ്രൈമറി വിഭാഗം അധ്യാപകനുമായ ശാസ്താംകോട്ട ഭരണിക്കാവ് പൗർണമിയിൽ എൽ. സുഗതനാണ് തെൻറ ക്ലാസിലെ പ്രിയ വിദ്യാർഥികൾക്ക് സുരക്ഷിത ഭവനത്തിനായി മുന്നിട്ടിറങ്ങിയത്. മഹാമാരിയുടെ ഭീതിയിൽ അകപ്പെട്ട തെൻറ നാൽതോളം വരുന്ന വിദ്യാർഥികളുടെ വീടുകൾ സന്ദർശിക്കുന്നതിനിടെയാണ് മാവേലിക്കര കൊച്ചാലുംമൂട് ജങ്ഷനു സമീപത്തായി താമസിക്കുന്ന പൗർണമിയുടെ വീട് കണ്ടെത്തിയത്.
കൊച്ചാലുംമൂട് എസ്റ്റേറ്റിലെ പഴയ തീപ്പെട്ടികമ്പനിയോട് ചേർന്ന് സുരക്ഷിതത്വവും വെളിച്ചവുമില്ലാതെ, ശൗചാലയത്തിെൻറ വലിപ്പമില്ലാത്ത, തകര ഷീറ്റുകൊണ്ട് മറച്ച ഒറ്റമുറി വീട്ടിലെ അഞ്ച് ജീവിതങ്ങൾക്കിടയിലാണ് തെൻറ പ്രിയശിഷ്യ എട്ടാം ക്ലാസ് വിദ്യാർഥിനിയായ പൗർണമി താമസിക്കുന്നതായി അറിയുന്നത്.
40 വർഷം മുമ്പ് ജോലിതേടി കേരളത്തിൽ എത്തിയതായിരുന്നു തമിഴ് വംശജരായ അന്ന ലക്ഷ്മിയും ചെല്ലയ്യയും. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന ഇവരുടെ മൂന്ന് പെൺകുട്ടികളെ ആർ. രാജേഷ് എം.എൽ.എ ഇടപെട്ടാണ് ചാരുംമൂട് പ്രീ മെട്രിക് ഹോസ്റ്റലിൽ താമസിപ്പിച്ചത്. എന്നാൽ, ലോക്ഡൗൺ സമയത്ത് ഈ ഒറ്റമുറി വീട്ടിലേക്ക് അവർ എത്തുകയായിരുന്നു. ചെല്ലയ്യക്ക് തീപ്പെട്ടി കമ്പനിയിൽനിന്ന് കിട്ടുന്ന തുച്ഛവരുമാനം ഒന്നിനും തികയാതെ വന്നപ്പോൾ വാടകവീട് ഒഴിഞ്ഞ് കമ്പനിയോട് ചേർന്നുള്ള ഒറ്റമുറി വീട്ടിൽ അഭയം പ്രാപിക്കുകയായിരുന്നു.
ഇതിനിടയിൽ ഗ്രാമപഞ്ചായത്ത് അംഗം മനു ഫിലിപ് റേഷൻ കാർഡ് ശരിയാക്കി നൽകുകയും ലൈഫ് പദ്ധതിയിൽ പേര് ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, ചില സാങ്കേതിക കാരണത്താൽ വീട് ലഭിച്ചില്ല.
കുടുംബത്തിെൻറ അവസ്ഥ മനസ്സിലാക്കിയ സുഗതൻ മാഷും സ്കൂൾ പി.ടി.എ പ്രസിഡൻറ് എം.എസ്. സലാമത്തും തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുനില സതീഷിനെയും ഗ്രാമപഞ്ചായത്ത് അംഗം മനു ഫിലിപ്പിനെയും നേരിൽ കണ്ട് വിഷയത്തിെൻറ പ്രാധാന്യം ബോധ്യപ്പെടുത്തി. അന്നുരാത്രിതന്നെ പഞ്ചായത്ത് അധികൃതർ പണം പിരിച്ചെടുത്ത് വാടക വീട് സംഘടിപ്പിക്കുകയായിരുന്നു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം ദീപ ജയാനന്ദിെൻറ നേതൃത്വത്തിൽ ടെലിവിഷനും സമ്മാനിച്ചു.
പഞ്ചായത്തുമായി ആലോചിച്ച് പൗർണമിയുടെ കുടുംബത്തിന് സ്വന്തമായി വസ്തുവും വീടും ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ആർ. രാജേഷ് എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.