1866ലെ ചാവക്കാട് പ്രക്ഷോഭം കൊള്ളയടിയോ?
text_fieldsചാവക്കാട്: ബ്രിട്ടീഷുകാർക്കെതിരായ ഭാരതീയരുടെ പോരാട്ടങ്ങളുടെ യാഥാർഥ്യം നടന്ന കാലത്തും ശേഷവും രേഖപ്പെടുത്താൻ ഭരണകൂടങ്ങൾക്ക് കഴിഞ്ഞിട്ടില്ല. അവയെ കുറിച്ച് എഴുതിയവരാകട്ടെ ബ്രിട്ടീഷുകാരെ പ്രീതിപ്പെടുത്താനെ ശ്രമിച്ചുള്ളൂ. 1866 ൽ ചാവക്കാട് നടന്ന പ്രക്ഷോഭത്തിന്റെ ചരിത്രവും ഇത്തരത്തിലുള്ളതാണ്. ഈ പ്രക്ഷോഭം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണെന്ന് വിളിച്ചു പറയാനും രേഖപ്പെടുത്താനും ഒരാളുമുണ്ടായില്ല.
1866 ആഗസ്റ്റ് ഏഴിന് രാത്രിയാണ് ചാവക്കാട് പ്രക്ഷോഭം എന്നറിയപ്പെടുന്ന സംഭവം. 30 പേരടങ്ങിയ ചാവക്കാട്ടുകാർ തൃശൂരിൽ നിന്ന് ആറ് മൈലോളം അകലെയുള്ള ബ്രിട്ടീഷ് പബ്ലിക് പ്രോസിക്യൂട്ടറുടെ വീട് ആക്രമിച്ചു. ഇന്നത്തെ പാവറട്ടിക്കു സമീപമാണ് സംഭവം നടന്നിരിക്കാൻ സാധ്യത. പാവറട്ടി കൊച്ചി രാജ്യത്തിന്റെയും ചാവക്കാട് കോഴിക്കോട് രാജ്യത്തിന്റെയും ഭാഗമാണ്. അന്നത്തെ ദിവാൻ കൊച്ചിയിലെ ബ്രിട്ടീഷ് റസിഡൻറിന് അയച്ച കത്തിലൂടെയാണ് സംഭവത്തെ ചരിത്രത്തിൽ രേഖപ്പെടുന്നത്. സംഭവത്തെ ആക്രമമെന്നല്ല കൊള്ളയടിച്ചുവെന്നാണ് കത്തിൽ പരാമർശിക്കുന്നത്.
‘കൊള്ളക്കാർ’ വിലയേറിയ വസ്തുക്കൾ കൊള്ളയടിച്ച് പ്രോസിക്യൂട്ടറുടെ ബന്ധുക്കളെ അപായപ്പെടുത്തിയതായി കത്തിൽ പറയുന്നു. പ്രോസിക്യൂട്ടറുടെ ആളുകളുമായുള്ള ഏറ്റുമുട്ടലിൽ രണ്ടുപേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പിടിയിലായ പലരും കുറ്റം സമ്മതിക്കുകയും കൊള്ള മുതൽ തിരികെ നൽകുകയും ചെയ്തു. മതിയായ തെളിവില്ലാത്തതിനാൽ ഇവരിൽ പലരും കുറ്റ വിമുക്തരാക്കപ്പെട്ടു. മുഖ്യസാക്ഷികളായിരുന്ന നാലു പേർ വിചാരണയിൽ കൂറുമാറിയതാണ് വഴിതിരിവായത്. കൂടുതൽ പേരെ തെളിവില്ലാതെ വെറുതെ വിടേണ്ടി വരുമോയെന്ന ആശങ്ക ദിവാൻ പ്രസിദ്ധമായ ഇംഗ്ലീഷ് മാഗസിനിൽ ഉദ്ധരിച്ചിട്ടുള്ള എഴുത്തിൽ പങ്കുവെക്കുന്നു. സംഭവത്തിൽ പ്രോസിക്യൂട്ടർക്ക് നൽകിയതു പോലുള്ള ബഹുമതി കൊച്ചി രാജ്യ അതിർത്തിയിൽ നടന്ന സംഭവത്തിൽ അഭിനന്ദാർഹമായി സേവനമനുഷ്ടിച്ച ചാവക്കാട്ടെ പൊലീസ് ഉദ്യോഗസ്ഥനും നൽകണമെന്ന് ദിവാൻ കത്തിൽ ആവശ്യപ്പെടുന്നു.
ഒരു നാട്ടിലെ സമ്പന്നരടക്കമുള്ള 30 പേർ തൊട്ടടുത്ത നാട്ടിലെ പ്രോസിക്യൂട്ടറെ വീട് തിരഞ്ഞ് ആക്രമിക്കാൻ കാരണം സ്വത്ത് കൊള്ളയടിക്കൽ മാത്രമാണോ ?. വീട് കൊളളയടിക്കാൻ ഒരു നാട്ടിലെ 30 പേർ ഒന്നിച്ചു പോകുമോ ?. ഈ പ്രോസിക്യൂട്ടാല്ലാതെ നാട്ടിൽ വേറെ സമ്പന്നരുണ്ടായിരുന്നില്ലെ ?. തുടങ്ങിയ ചോദ്യങ്ങൾ ബാക്കിയാണ്. ചരിത്രകാരനായ കെ.എൻ. പണിക്കരുടെ ‘മലബാര് കലാപം പ്രഭുത്വത്തിനും രാജവാഴ്ചയ്ക്കുമെതിരേ’എന്ന ഗ്രന്ഥത്തിൽ ഇതേ കുറിച്ച് ചെറിയ സൂചനയുണ്ട്.
1866ലെ വെടിവെപ്പും കലാപവും ബ്രിട്ടീഷ് രാജിനെതിരെ ഭാരതത്തിൽ നടന്ന ആദ്യകാല സമരമാണെന്നാണ് ചരിത്രകാരൻമാരായ സൈനുദ്ദീൻ മന്ദലാംകുന്ന്, ടി.വി. അബ്ദുറഹ്മാൻ മാസ്റ്റർ പൊന്നാനി എന്നിവരുടെ വിലയിരുത്തൽ. വരും കാലത്ത് ഇത് സംബന്ധമായി കൂടുതൽ പഠനം നടക്കേണ്ടതുണ്ടെന്നും ഇരുവരും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.