ചവറയിൽ ഉപതെരഞ്ഞെടുപ്പ്; ആശ്വാസമായി! സ്ഥാനാർഥിക്കും പാർട്ടികൾക്കും
text_fieldsകൊല്ലം: അപ്രതീക്ഷിതമായെത്തിയ ഉപതെരഞ്ഞെടുപ്പ് ഒഴിവായികിട്ടിയതിെൻറ ആശ്വാസത്തിലാണ് ചവറയിലെ പ്രഖ്യാപിക്കപ്പെട്ട ഏക സ്ഥാനാർഥിയും മറ്റ് രാഷ്ട്രീയപാർട്ടികളും. സർവകക്ഷിയോഗം തെരഞ്ഞെടുപ്പ് വേണ്ടെന്ന് ഒരുമിച്ച് ആവശ്യപ്പെട്ടത് തെരഞ്ഞെടുപ്പ് കമീഷനും അംഗീകരിക്കുമെന്ന വിശ്വാസത്തിലാണ് എല്ലാവരും.
എൻ. വിജയൻപിള്ള മാർച്ച് ആദ്യം നിര്യാതനായതിനെതുടർന്ന്, തെരഞ്ഞെടുപ്പ് നടക്കുമെന്ന വിശ്വാസത്തിൽ മുന്നണികൾ പ്രാരംഭ നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ, കോവിഡ് വന്നതോടെ തെരഞ്ഞെടുപ്പ് ഒഴിവായെന്ന് കരുതിയിരുന്നപ്പോഴാണ് അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പ് കമീഷെൻറ പ്രഖ്യാപനം വന്നത്.
അതിനെതിരെ എന്തെങ്കിലും പറഞ്ഞാൽ പരാജയഭീതിയെന്ന് ആക്ഷേപമുയരുമെന്ന് ഭയന്ന് മുന്നണികൾ ഞങ്ങൾ തയാറെന്നാണ് പറഞ്ഞിരുന്നത്. എന്ന് തെരഞ്ഞെടുപ്പ് നടന്നാലും സ്ഥാനാർഥിയെക്കുറിച്ച് ഉറപ്പുണ്ടായിരുന്ന ആർ.എസ്.പിയും യു.ഡി.എഫും ഷിബു ബേബിജോണിനെ സ്ഥാനാർഥിയായി ഒൗദ്യോഗികമായി പ്രഖ്യാപിക്കുകയും പ്രവർത്തനം തുടങ്ങുകയും ചെയ്തു. സംസ്ഥാന നേതൃത്വം തീരുമാനിക്കേണ്ടതുകൊണ്ട് എൽ.ഡി.എഫ് സ്ഥാനാർഥിയെക്കുറിച്ചുള്ള ചർച്ചകൾക്കപ്പുറം പോയില്ല.
ബി.ജെ.പി ഉറച്ച സ്ഥാനാർഥിയുണ്ടാകുമെന്ന് പറഞ്ഞ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യന് ചുമതല നൽകി. എന്നാൽ, സ്ഥാനാർഥി നിർണയം അടക്കമുള്ള കാര്യങ്ങളിലേക്ക് കടന്നുമില്ല. ഏതായാലും സർവകക്ഷിയോഗ തീരുമാനം എല്ലാവർക്കും ആശ്വാസം നൽകിയിരിക്കുകയാണ്.
ആര് ജയിച്ചാലും നാലുമാസമായിരിക്കും പ്രവർത്തനത്തിന് കിട്ടുക. എന്നാൽ, തെരഞ്ഞെടുപ്പ് ചെലവിന് ഒരു കുറവും ഉണ്ടാകുകയുമില്ല. അഞ്ചുമാസം കഴിഞ്ഞ് ഇതേ ചെലവുകൾ ആവർത്തിക്കുകയും വേണം. ഇതായിരുന്നു എല്ലാവരെയും ആശങ്കപ്പെടുത്തിയിരുന്ന ഘടകം. ആരു ജയിച്ചാലും തോറ്റാലും അത് പൊതുതെരഞ്ഞെടുപ്പിനെ ബാധിക്കുകയും ചെയ്യുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.