ചവറ: മുന്നണികളെ വെട്ടിലാക്കി അപ്രതീക്ഷിത പ്രഖ്യാപനം
text_fieldsകൊല്ലം: ഉണ്ടാവില്ലെന്ന് ഉറപ്പിച്ചിരുന്ന, ചവറ ഉപതെരഞ്ഞെടുപ്പ് വരുമെന്ന അപ്രതീക്ഷിത പ്രഖ്യാപനം വെട്ടിലാക്കിയത് ഇരുമുന്നണികളെയും ഒരുപോലെ. മാർച്ച് ആദ്യമാണ് എൽ.ഡി.എഫിൽനിന്നുള്ള എം.എല്.എ എൻ. വിജയൻപിള്ള നിര്യാതനായത്. നിയമസഭയുടെ കാലാവധി അവസാനിക്കാൻ അന്ന് ഒരു വർഷത്തിലേറെയുള്ളതുകൊണ്ട്, ഉപതെരഞ്ഞെടുപ്പ് ഉറപ്പിച്ചിരുന്നു. ഇരു മുന്നണികളും അതിനുള്ള ആലോചനകളും ആരംഭിച്ചു.
എന്നാൽ, കോവിഡ് ഭീഷണി വ്യാപകമാവുകയും ലോക്ഡൗൺ ഉൾെപ്പടെ നിയന്ത്രണങ്ങൾ വരുകയും ചെയ്തതോടെ തെരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്ന ധാരണ ഉയർന്നു. ഇത്തരത്തിലുള്ള സൂചന മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ ടിക്കാറാം മീണ നൽകുകയുമുണ്ടായി.
നിയമസഭ തെരഞ്ഞെടുപ്പിെൻറ തൊട്ടുമുമ്പ് വരുന്ന തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ ഭാവിയെ സ്വാധീനിക്കുമെന്നതും ഭാരിച്ച ചെലവും കാരണം ഉപതെരഞ്ഞെടുപ്പ് ഒഴിവായിക്കിട്ടാൻ ആഗ്രഹിച്ച മുന്നണികൾക്ക് ആശ്വാസമായിരുന്നു ഇൗ സൂചനകൾ. അതിനാൽ ഉപതെരഞ്ഞെടുപ്പ് തങ്ങളുടെ അജണ്ടയിൽനിന്ന് അവർ മാറ്റിവെച്ചു.
തദ്ദേശതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കെയാണ് നവംബറിൽ ഉപതെരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനിച്ചത്.'വരെട്ട, നേരിടാം' എന്ന ആത്മവിശ്വാസം എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും പരസ്യമായി പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അഞ്ചുമാസം മാത്രം കാലാവധിക്കായി നടത്തുന്ന തെരഞ്ഞെടുപ്പ് എങ്ങനെയെങ്കിലും ഒഴിവായിക്കിട്ടണമെന്ന ആഗ്രഹത്തിലാണ് എല്ലാവരും.
തെരഞ്ഞെടുപ്പ് നടന്നാൽ ആർ.എസ്.പിയുടെ ശക്തികേന്ദ്രമായ ചവറയിൽ മുൻമന്ത്രി ഷിബു ബേബിജോൺ തന്നെയാകും യു.ഡി.എഫ് സ്ഥാനാർഥി. കഴിഞ്ഞതവണ ഷിബുവിനെയാണ് വിജയൻപിള്ള പരാജയപ്പെടുത്തിയത്. മറ്റ് പേരുകൾക്കൊപ്പം വിജയൻപിള്ളയുടെ മകൻ ഡോ. സുജിത്തിെൻറ പേരും എൽ.ഡി.എഫ് പരിഗണനയിലുണ്ട്.
സി.എം.പിക്ക് (അരവിന്ദാക്ഷൻ വിഭാഗം) ലഭിച്ച സീറ്റിൽ പ്രമുഖ വ്യവസായി കൂടിയായിരുന്ന വിജയൻപിള്ള ഇടത് സ്വതന്ത്രനായി മത്സരിച്ചാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയിച്ചത്. പിന്നീട് സി.എം.പി സി.പി.എമ്മിൽ ലയിച്ചതോടെ വിജയൻപിള്ള സി.പി.എം പ്രതിനിധിയായി. ചവറ മണ്ഡലം രൂപവത്കരിച്ചശേഷം ആദ്യമായി വിജയിച്ച ആർ.എസ്.പി ഇതര നേതാവാണ് അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.