കണ്ണൂരിൽ ക്ഷേത്ര കലശത്തിൽ ചെഗുവേരയും പി. ജയരാജനും
text_fieldsകണ്ണൂർ: കണ്ണൂരിൽ ക്ഷേത്രോത്സവത്തിന്റെ ഭാഗമായ കലശം വരവിൽ ചെഗുവേരയുടെയും സി.പി.എം സംസ്ഥാന സമിതിയംഗം പി. ജയരാജന്റെയും ചിത്രങ്ങൾ. കതിരൂർ പുല്യോട് കൂർമ്പക്കാവ് താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി തിങ്കളാഴ്ച നടന്ന കലശത്തിലാണ് പി. ജയരാജന്റെ ചിത്രവും ഇടംപിടിച്ചത്.
ജയരാജനെ അനുകൂലിക്കുന്നവർ പങ്കെടുത്ത പുല്യോട് പാട്യം നഗറിന്റെ കലശത്തിലാണ് വിവാദ ചിത്രങ്ങൾ. സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗവും റബ്കോ ചെയർമാനുമായ കാരായി രാജൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായാണ് വിവാദ കലശവുമായുള്ള ഘോഷയാത്ര.
സ്ത്രീകൾ ഉൾപ്പെടെ ഒട്ടേറെ പേർ കലശ എഴുന്നള്ളത്തിൽ പങ്കാളികളായി.കലശത്തിൽ ചിത്രം പതിച്ചതോടെ വ്യക്തിപൂജയുടെ പേരിൽ ഒരിക്കൽ പാർട്ടി ശാസിച്ച പി. ജയരാജൻ വീണ്ടും വിവാദക്കുരുക്കിലായി. കണ്ണൂർ ജില്ല സെക്രട്ടറിയായിരിക്കെയാണ് വ്യക്തിപൂജയുടെ പേരിൽ പി. ജയരാജനെ പാർട്ടി ശാസിച്ചത്.
വിഷയത്തിൽ പി. ജയരാജൻ പ്രതികരിച്ചില്ല. നടപടിയെ വിമർശിച്ച് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ രംഗത്തുവന്നു. കലശം, ഘോഷയാത്ര എന്നിവയെല്ലാം രാഷ്ട്രീയ ചിഹ്നങ്ങളോ രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങളോ ഇല്ലാതെയാണ് പോകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസം രാഷ്ട്രീയവത്കരിക്കാൻ പാടില്ല. വിശ്വാസത്തിന്റെ ഭാഗമായി വർഗീയ സംഘടനകൾ രാഷ്ട്രീയത്തെയും രാഷ്ട്രീയം വിശ്വാസത്തെയും ഉപയോഗപ്പെടുത്താൻ പാടില്ലെന്നതാണ് പാർട്ടി നിലപാടെന്നും എം.വി. ജയരാജൻ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.