സംസ്ഥാനത്ത് സഹകരണമേഖലയിൽ നടന്നത് വൻതട്ടിപ്പ്
text_fieldsകോഴിക്കോട് : സംസ്ഥാനത്ത് സഹകരണമെഖലയിൽ നടന്നത് വൻതട്ടിപ്പെന്ന് കണക്കുകൾ. 399 സഹകരണ സ്ഥാപനങ്ങളിൽ ക്രമക്കേട് കണ്ടെത്തിയതെന്ന് മന്ത്രി വി.എൻ.വാസവൻ നിയമസഭയിൽ രേഖാമൂലം മറുപടി നൽകി. ക്രമക്കേടിൽ ഒന്നാം സ്ഥാനത്ത് തൃശൂരാണ്. 66 സ്ഥാപനങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയത്. രണ്ടാം സ്ഥനാത്ത് മലപ്പുറമാണ് 55 സ്ഥാപനങ്ങളിൽ ക്രമക്കേട് കണ്ടെത്തി.
പണാപഹരണത്തിന് പിന്നിൽ പലതരത്തിലുള്ള രാഷ്ട്രീയ - ഉദ്യോഗസ്ഥ കൂട്ടുകെട്ടുണ്ട്. പലയിടത്തും ഓഡിറ്റ് സംഘത്തിലുള്ള ഉദ്യോഗസ്ഥരും ഇതിനെല്ലാം കണ്ണടച്ചു. തിരുവനന്തപുരം- 49, കൊല്ലം-42, ആലപ്പുഴ- 11, പത്തനംതിട്ട-ഒമ്പത്, , കോട്ടയം-46, ഇടുക്കി- 14, എറണാകുളം-33, കോഴിക്കോട് - 11,വയനാട്-18, പാലക്കാട് - മൂന്ന്, കണ്ണൂർ -24, കാസർകോട് - 18 എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള സ്ഥാപനങ്ങളുടെ കണക്ക്.
ക്രമപ്രകാരമല്ലാതെ വായ്പ നൽകിയും വ്യാജ സ്ഥിരനിക്ഷേപ രസീത് ഉപയോഗിച്ച് വായ്പ ചമച്ചുമാണ് പല സംഘങ്ങളിലും തട്ടിപ്പ് നടത്തിയത്. ക്ലാസിഫിക്കേഷന് അനുസരണമല്ലാതെയുള്ള നിയമനവും സ്ഥിര നിക്ഷേപങ്ങളിലെ പലിശ നൽകുന്നതിലുള്ള വ്യത്യാസവും എം.ഡി.എസിനു ഈടില്ലാതെ തുക നൽകിയതും പലയിടത്തും തകർച്ചയിലേക്ക് വഴിയൊരുക്കി.
നിരവധി സഹകരണബാങ്കുകളിൽ സ്വർണ വായ്പയിന്മേലുള്ള ക്രമക്കേടുകൾ നടന്നു. നീതി മെഡിക്കൽ സ്റ്റോറുകളിലെ സ്റ്റോക്ക് വ്യത്യാസം, സ്ഥാവരജംഗമ വസ്തുക്കൾ ക്രമവിരുധമായി ലേലം ചെയ്തും നഷ്ടം വരുത്തിയ സ്ഥാപനങ്ങളുമുണ്ട്.
പലതരത്തിലുള്ള പണാപഹരണങ്ങളാണ് ബാങ്കുകളിൽ അരങ്ങേറിയത്. ബാങ്കിന്റെ പ്രവർത്തന പരിധിക്ക് പുറത്തുള്ള വസ്തുവിന്റെ ഈടിന്മേൽ വായ്പ നൽകുക, അനുമതിയില്ലാതെ പൊതുഫണ്ട് വിനിയോഗം, പരിധി അധികരിച്ച് വായ്പ നൽകുക, സർക്കുലറുകൾക്ക് വിരുധമായി ബന്ധപ്പെട്ട് വായ്പയിൽ അനധികൃതമായി ഇളവ് അനുവദിച്ചു നൽകുക തുടങ്ങിയ ക്രമക്കേടുകളും പലയിടത്തും നടന്നു.
164 സഹകരണ സംഘങ്ങൾക്ക് നാട്ടുകാർ നിക്ഷേപിച്ച പണം തിരികെ നൽകാൻ ശേഷിയില്ല. ഇക്കാര്യത്തിൽ ഒന്നാം സ്ഥാനത്ത് തലസ്ഥാന ജില്ലയാണ്. തിരുവനന്തപുരം- 37 സ്ഥാപനങ്ങളാണ് പ്രതിസന്ധിയിലായത്. കൊല്ലം-12, ആലപ്പുഴ- 15, പത്തനംതിട്ട-15, കോട്ടയം-22, ഇടുക്കി- നാല്, എറണാകുളം-എട്ട്, തൃശൂർ-13, മലപ്പുറം-12, പാലക്കാട് - അഞ്ച്, കോഴിക്കോട് -ഏഴ്, വയനാട്-രണ്ട്., കണ്ണൂർ -11, കാസർകോട് - മൂന്ന് എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള സ്ഥാപനങ്ങളുടെ കണക്ക്.
14 ജില്ലകളിലും ഇത്തരം പൊളിഞ്ഞ ബാങ്കുകൾ ഉണ്ടെങ്കിലും 140 എം.എൽ.എ മാരിൽ ഒരാൾ പോലും ആ ബാങ്കുകളുടെ വിവരങ്ങൾ ജനങ്ങളെ അറിയിക്കാൻ തയാറാകാത്തത് ദുരൂഹമാണ്. രണ്ട് മുന്നണികളും ചേർന്ന് ആയിരക്കണക്കിന് കോടി രൂപയാണ് ഈ ബാങ്കുകൾ വഴി വെട്ടിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഇരു കൂട്ടരും മൗനം പാലിക്കുന്നത്. തിരുവനന്തപുരത്തെ കണ്ടല സർവീസ് സഹകരണ ബാങ്ക് മാത്രം നടത്തിയിരിക്കുന്ന തട്ടിപ്പ് 100 കോടിയുടെതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.