ടേക് ഇറ്റ് ഈസി പോളിസി
text_fieldsറമ്മികളിയും പ്രവചന ഗെയിമും എം.പി.എല്ലും അടക്കമുള്ള ഓൺലൈൻ ഗെയിമിെൻറ നീരാളിപ്പിടിത്തത്തെ കുറിച്ച് 'മാധ്യമം' നടത്തുന്ന അന്വേഷണ പരമ്പരയുടെ നാലാം ഭാഗം
പോളിസികൾ എടുക്കുേമ്പാൾ, ഓഹരികൾ വാങ്ങുേമ്പാൾ, എന്തിനേറെ ഒരു മൊബൈൽ സിം കാർഡ് എടുക്കുേമ്പാൾ നമ്മൾ വായിച്ച് സമ്മതിച്ച് അംഗീകരിക്കേണ്ട ഒരുപാട് വ്യവസ്ഥകളും നിയമങ്ങളും നിബന്ധനകളുമുണ്ട്. ഏജൻറ് അടയാളപ്പെടുത്തിത്തന്ന സ്ഥലങ്ങളിലെല്ലാം ഒപ്പിട്ടു കൊടുക്കുമെന്നല്ലാതെ കുനുകുനെ അക്ഷരങ്ങളിലായി നിരവധി പേജുകൾ നീളുന്ന ആ നിബന്ധനകളൊക്കെ പൂർണമായി വായിച്ചുനോക്കാൻ സാധാരണക്കാർ ആരെങ്കിലും മെനക്കെടാറുണ്ടോ?
നിബന്ധനകളും സ്വകാര്യതാ നയങ്ങളും മാറ്റാൻ കമ്പനിക്ക് അവകാശമുണ്ടെന്നും ഇനി വരാനിരിക്കുന്ന നയംമാറ്റങ്ങളും അംഗീകരിക്കാൻ തയാറാണെന്നുമെല്ലാമാണ് നമ്മൾ ഒപ്പിട്ടു കൊടുക്കുന്നത്. ഓൺലൈനിലെ ഫോമുകൾ പൂരിപ്പിക്കുേമ്പാഴും ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുേമ്പാഴും അതിലേറെ വേഗത്തിലാണ് എല്ലാറ്റിനും സമ്മതമാണ് എന്നറിയിച്ച് നമ്മൾ ക്ലിക് ചെയ്യുന്നത്. ഒറ്റ ഒരു ക്ലിക്കിൽതന്നെ നമ്മളെ കൊള്ളടയിക്കാനും നമ്മുടെ സ്വകാര്യത അപകടപ്പെടുത്താനും കമ്പനികൾക്ക് അനുമതി ലഭിക്കുകയാണ്.
കളിക്കാരന് ഇഷ്ടമുള്ള സമയത്ത് വാലറ്റിലുള്ള പണം എപ്പോൾ വേണമെങ്കിലും പിൻവലിക്കാം എന്നൊക്കെയാവും രജിസ്റ്റർ ചെയ്യുേമ്പാൾ ഓൺലൈൻ ചൂതാട്ട സൈറ്റുകളിൽ കാണുക. എന്നാൽ, നമ്മളറിയാതെ അത് എടുത്തുകളഞ്ഞിരിക്കും. ബാലൻസ് സംബന്ധിച്ച നിബന്ധനകളും പരിഷ്കരിക്കും. കളിക്കാരെൻറ വാലറ്റിലെ പണം എങ്ങനെ കൊടുക്കാതിരിക്കാം എന്നാണ് ചൂതാട്ടക്കമ്പനികൾ നോക്കുക. അതിനുള്ള പഴുതുകൾ ഉൾക്കൊള്ളിച്ചാണ് നിബന്ധനകളും വ്യവസ്ഥകളും ഉണ്ടാക്കുന്നത്. അതിന് ടിക് കൊടുത്താണ് നമ്മൾ കളിക്കാൻ കയറുന്നതും പണം തുലക്കുന്നതും.
എങ്ങനെ കേസെടുക്കും?
ഓൺലൈൻ റമ്മി കളിയിലൂടെ ലക്ഷങ്ങൾ നഷ്ടപ്പെട്ടിട്ടും കേസ് കൊടുക്കാൻ താൽപര്യം കാണിക്കാത്ത നിരവധി സർക്കാർ ഉദ്യോഗസ്ഥർ പോലുമുണ്ടെന്ന് സൈബർ പൊലീസിലെ ഉന്നതോദ്യോഗസ്ഥൻ വ്യക്തമാക്കുന്നു. കേസുകൊടുക്കാൻ ആരെങ്കിലും മുന്നോട്ടു വന്നാൽത്തന്നെ ഓൺലൈൻ ഗെയിമിനെതിരെ കേസെടുക്കാൻ നിയമമില്ല. ഉള്ളത് സാധാരണ ഗെയിമിങ് ആക്ടാണ്. അതുപ്രകാരം റമ്മി കളിക്കുന്നത് കുറ്റമല്ല. അമിതമായി പണംവെച്ച് റമ്മി കളിച്ചാൽ പണംവെച്ച് ശീട്ടുകളിച്ചതിെൻറ പേരിൽ കേസെടുക്കാം. എന്നാൽ, ഓൺലൈൻ റമ്മിയിൽ കാശുവെക്കണമെന്നോ തങ്ങൾ എടുക്കുമെന്നോ കമ്പനികൾ എവിടെയും പറയുന്നില്ല. ആകെ പറയുന്നത് വാലറ്റിൽ ഇത്ര തുക വേണമെന്നാണ്. ഓൺലൈൻ ഗെയിം തട്ടിപ്പാണെന്ന ഉപദേശം കൊടുക്കാൻ മാത്രമേ ഇപ്പോൾ കഴിയൂ. ചില സംസ്ഥാനങ്ങളിൽ നിയമം ഉണ്ട്. അത്തരം നിയമങ്ങൾ കേരളം അല്ലെങ്കിൽ കേന്ദ്ര സർക്കാർ ഇവിടെയും കൊണ്ടുവരണം.
ഓൺലൈൻ റമ്മി കളി സംബന്ധിച്ച് സൈബർ ഡോം സി.ഐ നിയമോപദേശം തേടിയപ്പോൾ നിയമപരമായി നടപടിയെടുക്കാൻ കഴിയില്ലെന്ന ഉപദേശമാണ് ലഭിച്ചതെന്ന് സൈബർ ഡോമിലെ ഒരു അന്വേഷണോദ്യോഗസ്ഥൻ പറയുന്നു.
എന്നാൽ, ഓൺലൈൻ ഗെയിമുകൾ വഴി പണം പോയതുസംബന്ധിച്ച് നിരവധി പരാതികൾ ലഭിക്കാറുണ്ടെന്ന് തിരുവനന്തപുരം, കോഴിക്കോട് സിറ്റികളിലെ സൈബർ സെൽ വിഭാഗം വ്യക്തമാക്കുന്നു. കുട്ടികൾ മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് കളിച്ച് പണം കളഞ്ഞതിനെ തുടർന്നുവന്ന പരാതികളാണ് കൂടുതലും. ഗെയിമിന് അഡിക്ടായ കുട്ടികളിൽനിന്ന് പണം തട്ടിയ നിരവധി സംഭവങ്ങളാണുള്ളത്.
കണ്ണുവേണം മക്കളിൽ
ഓൺലൈൻ വിദ്യാഭ്യാസത്തിെൻറ കാലമായതിനാൽ കൈയിൽ ഫോണും ടാബും പിടിച്ച് കുട്ടികൾ എത്ര നേരമിരുന്നാലും മാതാപിതാക്കൾക്ക് അസ്വാഭാവികത തോന്നാൻ തരമില്ല. പുറത്തേക്കു പോകുന്നതും കൂട്ടം കൂടുന്നതും അത്ര ആശാസ്യമല്ലാത്ത സമയമാകയാൽ വീട്ടിലിരുന്ന് ഫോണിൽ ഗെയിം കളിക്കുന്നതിനും രക്ഷിതാക്കൾ അത്ര എതിരു പറയാറില്ല. കുട്ടികൾ കളിക്കുന്ന ഗെയിമുകൾ സുരക്ഷക്ക് ആപത്കരമല്ലെന്നും ഉറപ്പുവരുത്തേണ്ട ബാധ്യത വീട്ടിലെ മുതിർന്നവർക്കുണ്ട്.
കളിച്ച് മാതാപിതാക്കളുടെ അക്കൗണ്ടിലെ ലക്ഷങ്ങൾ നഷ്ടപ്പെടുത്തിയ കേസുകളിൽ മിക്ക കുട്ടികളും 50 രൂപ ഇട്ടാണ് ഇത് തുടങ്ങുന്നത്. കൈയിലുള്ള പൈസ തീരുേമ്പാൾ കൂട്ടുകാരിൽനിന്ന് വാങ്ങും, പിന്നെ മാതാപിതാക്കളുടെ അക്കൗണ്ടിലെ പണമെടുത്താവും കളി. പല കുട്ടികൾക്കും രക്ഷിതാക്കളുടെ ഓൺലൈൻ അക്കൗണ്ട് വിവരങ്ങൾ കാണാപ്പാഠമാണെന്നുമാത്രമല്ല, ഗൃഹനാഥൻ വിദേശത്തുള്ള പല കുടുംബങ്ങളിലും അക്കൗണ്ടും എ.ടി.എം കാർഡുമെല്ലാം കൈകാര്യംചെയ്യുന്നതുതന്നെ മക്കളാണ്.
അക്കൗണ്ടിൽനിന്ന് വലിയ തോതിൽ പണം നഷ്ടപ്പെടുേമ്പാഴോ കുട്ടികൾ അസ്വാഭാവികമായി പെരുമാറുേമ്പാേഴാ ആണ് മാതാപിതാക്കൾ കുട്ടികൾ വീണ കെണിയെക്കുറിച്ചറിയുക. പരാതി നൽകാനോ പുറത്തു പറയാനോ നിൽക്കാതെ മക്കളെ എങ്ങനെയെങ്കിലും രക്ഷിച്ചെടുക്കാനാണ് അവർ ശ്രമിക്കുക.
മക്കളുടെ ഓൺലൈൻ ജീവിതം സംബന്ധിച്ച് വീട്ടിലുള്ളവർ കൃത്യമായി അറിഞ്ഞിരിക്കണം. വേണ്ട നിയന്ത്രണവും കരുതലും വേണം. കുട്ടികളിൽനിന്ന് ഇപ്പോൾതന്നെ മൊബൈൽ ഫോണും എ.ടി.എം കാർഡും പിടിച്ചെടുക്കുകയോ മോറൽ പൊലീസുകാരെപ്പോലെ ചോദ്യം ചെയ്യുകയോ അല്ല വേണ്ടത്. പക്ഷേ, ചതിക്കുഴികളെക്കുറിച്ച് പറഞ്ഞ് ബോധ്യപ്പെടുത്തണം നമ്മൾ.
വഴിതെറ്റുന്ന വഴികൾ
ബന്ധുവിെൻറ 250 പവൻ സ്വർണം പല തവണയായി എടുത്ത് പണയംവെച്ച് കളിച്ച പെരിന്തൽമണ്ണ സ്വദേശി പിന്നീട് ലഹരിയുടെ അടിമയായി മാനസികനിലയും തെറ്റിയെന്ന് ഓൺലൈൻ റമ്മി കളിക്കും ചൂതാട്ടത്തിനുമെതിരെ നിയമപോരാട്ടം നടത്തുന്ന സാമൂഹികപ്രവർത്തകൻ സുനിൽ വളയംകുളം പറയുന്നു. ഒരിക്കൽ കളിച്ച് പണംപോയി കളിക്കാതെ മാറി നിൽക്കുന്നവരെ ഓഫറുകളും സമ്മാനവാഗ്ദാനങ്ങളും നൽകി കമ്പനികൾ വീണ്ടും കളിയിലേക്ക് ആകർഷിക്കും. നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാൻ കാശുണ്ടാക്കാൻ മാലകവർച്ച, സെക്സ് റാക്കറ്റ്, ലഹരികടത്ത് എന്നിവയിലേക്ക് യുവാക്കൾ വഴിതെറ്റുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
വിവിധ വ്യക്തികളും സംഘടനകളും മുഖ്യമന്ത്രി, എം.എൽ.എമാർ, ഡി.ജി.പി എന്നിവർക്ക് പലതവണ പരാതികൾ നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. ഓൺലൈൻ ചൂതാട്ടത്തിൽ നിരവധി പേർക്ക് പണം നഷ്ടപ്പെട്ടതായും അതുകൊണ്ട് ആരും കളിക്കരുതെന്നും സൈബർ ഡോം വെബ്സൈറ്റുവഴി ഒരിക്കൽ നൽകിയ മുന്നറിയിപ്പ് മാത്രമാണ് ഇതിനെതിരെയുണ്ടായ ഏക ഔദ്യോഗിക നടപടി.
(തുടരും)
നാളെ: കേരളത്തിനുണ്ടോ തമിഴ്നാട് കാണിച്ച ചങ്കൂറ്റം?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.