അമിത കീടനാശിനി പ്രയോഗമില്ല; ചേകാടിയിലെ വയ്ക്കോലിന് ആവശ്യക്കാരേറെ
text_fieldsപുൽപള്ളി: ചേകാടിയിലെ വയ്ക്കോലിന് ആവശ്യക്കാരേറെ. സുഗന്ധ നെല്ലിനമായ ഗന്ധകശാല ഉൾപ്പെടെയുള്ള നെല്ലിനങ്ങളുടെ വയ്ക്കോൽ വാങ്ങാൻ കർഷകർ ധാരാളമായി എത്തുന്നുണ്ട്.
വയനാടിന്റെ നെല്ലറ എന്ന പേരിലാണ് ചേകാടി അറിയപ്പെടുന്നത്. അമിത കീടനാശിനി പ്രയോഗമില്ലാതെയാണ് ഇവിടത്തെ നെൽകൃഷി. അതുകൊണ്ട് തന്നെ വിഷമുക്തമായ വയ്ക്കോൽ ഇവിടെനിന്ന് ലഭിക്കുന്നു. ന്യായമായ വിലക്കാണ് വിൽപന. ഒരു കെട്ട് വയ്ക്കോലിന് 50-60 രൂപ തോതിൽ ലഭിക്കും. കൊയ്ത്ത് ആരംഭത്തിൽ തന്നെ കർഷകർ ഇവിടെയെത്തി വയ്ക്കോലിന് ഓർഡർ നൽകാറുണ്ട്.
ക്ഷീരമേഖലയിൽ തീറ്റവസ്തുക്കളുടെ വിലവർധന കർഷകരെ പ്രതിസന്ധിയിലാക്കുകയാണ്. കർണാടകയിൽനിന്ന് ചോളത്തണ്ട് ഉൾപ്പെടെ കൊണ്ടുവരുന്നതിന് നിരോധനം ഏർപ്പെടുത്തിയതോടെ വയ്ക്കോലിന് ആവശ്യക്കാർ ഏറിയിട്ടുണ്ട്. കർണാടകയിൽനിന്ന് ധാരാളമായി വയ്ക്കോൽ ഇപ്പോഴും വയനാട്ടിലേക്ക് കൊണ്ടുവരുന്നുണ്ട്.
യന്ത്രവത്കരണം ഈ രംഗത്തും പിടിമുറുക്കിക്കഴിഞ്ഞു. യന്ത്രം ഉപയോഗിച്ചാണ് ഇപ്പോൾ കൊയ്ത്തും വയ്ക്കോൽ കെട്ടുന്നതുമെല്ലാം. ചേകാടിയിലെ കർഷകരുടെ കൊയ്ത്ത് അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് ഇവിടെയുള്ളവർ കൃഷി നടത്തിയത്.
കാർഷിക സംസ്കാരവുമായി ചേകാടി
ജില്ലയിലെ പുരാതന ഗ്രാമങ്ങളിൽ ഒന്നായ ചേകാടിക്ക് 300 വർഷത്തെ കാർഷിക സംസ്കാരത്തിന്റെ കഥയാണ് പറയാനുള്ളത്. ജില്ലയിൽ മറ്റെല്ലായിടങ്ങളിലും നെൽകൃഷിയുടെ അളവ് കുറയുമ്പോൾ ഇവിടത്തെ 300ഓളം ഏക്കർ വയലിൽ ഇന്നും നെൽകൃഷി മാത്രമാണ് ഉള്ളത്. പുരാതന കുടിയേറ്റ ജനതയായ ചെട്ടിമാരുടെ സംസ്കാരമാണ് ചേകാടിയെ സമ്പന്നമാക്കുന്നത്. വയനാട്ടിൽ ഏറ്റവും അധികം ഗന്ധകശാല കൃഷിചെയ്യുന്ന മേഖല കൂടിയാണ് ഇവിടം.
ചേകാടി ഗ്രാമത്തിൽ കൃഷി ഉപേക്ഷിച്ച കർഷകരില്ല. പുറമെനിന്ന് പലരും ജില്ലയിലെത്തി ഭൂമി വാങ്ങിക്കൂട്ടുന്ന സ്ഥിതിവിശേഷം ഇന്നുണ്ട്. കൃഷിയെ സ്നേഹിക്കുന്ന ചേകാടിക്കാർ ഒരു തുണ്ട് ഭൂമിപോലും വിൽക്കാൻ തയാറല്ല. സർക്കാറിന്റെ സ്ട്രീറ്റ് പദ്ധതിയിൽ ഇടംപിടിച്ച പ്രദേശം കൂടിയാണിത്. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നവരാണ് ഇവിടത്തെ കർഷകർ. നാലുവശവും വനത്താൽ ചുറ്റപ്പെട്ട ചേകാടിയുടെ മനോഹാരിത നുകരാൻ നിരവധി പേരാണ് എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.