കവർച്ചക്ക് ശേഷം വാതിൽ പൂട്ടാൻ മറന്നു; ബന്ധുവായ മോഷ്ടാവിന് കിട്ടിയത് 'മുട്ടൻ പണി'
text_fieldsഎടപ്പാൾ: അടുത്ത ബന്ധു തന്നെയാണ് മോഷണം നടത്തിയത് എന്നതിെൻറ ഞെട്ടലിലാണ് മുഹമ്മദ്കുട്ടിയുടെ കുടുംബം. വാതിലുകൾ തകർക്കാത്തതിനാൽ വീട്ടുകാരിൽ ആരുടെയോ സഹായത്തോടെയാണ് മോഷണം നടന്നതെന്ന നിഗമനത്തിലായിരുന്നു ആദ്യം പൊലീസ്. പിന്നീടാണ് അടുത്ത ബന്ധുവായ മൂസക്കുട്ടിയെ ചോദ്യം ചെയ്തത്.
ആദ്യം പലതും പറഞ്ഞ് ഒഴിഞ്ഞുമാറിയെങ്കിലും ഒടുവിൽ കുറ്റസമ്മതം നടത്തുകയായിരുന്നു. മകെൻറ വിവാഹശേഷം മുഹമ്മദ്കുട്ടിയുടെ വീട്ടിൽ ലഭിച്ചതും മകളുടെ വിവാഹത്തിനായി വാങ്ങിവെച്ചതുമായ സ്വർണത്തെക്കുറിച്ചുള്ള വിവരങ്ങളെല്ലാം മൂസക്കുട്ടിയോട് വീട്ടുകാർ പറഞ്ഞിരുന്നത്രെ. സ്വര്‍ണം വെച്ച അലമാര ഏതാണെന്നും സംസാരത്തിനിടെ മൂസക്കുട്ടിക്ക് വിവരം ലഭിച്ചിരുന്നു.
മോഷണം നടക്കുന്നതിന് ഒരാഴ്ച മുമ്പ് പ്രതി വീടിെൻറ താക്കോൽ കൈക്കലാക്കി ചങ്ങരംകുളത്തെ കടയിൽ നിന്ന് ഡ്യൂപ്ലിക്കേറ്റ് താക്കോലെടുത്തു. സംഭവദിവസം രാവിലെ 11.00ഓടെയാണ് വീട്ടുകാർ പുറത്തുപോയത്. ഇതറിഞ്ഞ മൂസക്കുട്ടി വീട്ടുകാർ എപ്പോഴാണ് തിരിച്ചെത്തുകയെന്ന് ഉറപ്പുവരുത്തി. തുടർന്ന് വൈകീട്ട് ആറോടെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് വീട് തുറന്ന് അകത്തുകയറി.
കുത്തുളികൊണ്ട് അലമാര തുറന്ന് ആഭരണങ്ങൾ ചാക്കിലാക്കി മുകൾഭാഗത്തെ വാതിൽ തുറന്ന് കൊണ്ടുപോകുകയായിരുന്നു. തിരിച്ചിറങ്ങുന്നതിനിടെ മുകൾഭാഗത്തെ വാതിൽ പൂട്ടാൻ പ്രതി മറന്നു. ഇതാണ് പൊലീസിന് സഹായകമായത്. മോഷണശേഷം പ്രതി വീട്ടിൽ മുളകുപൊടിയും സ്പ്രേയും അടിച്ചിരുന്നു. ആഭരണങ്ങളും പണവും വീട്ടുകാർ തിരിച്ചറിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.