ആര് കടക്കും ചേലക്കര?
text_fieldsതൃശൂർ: പോളിങ് ബൂത്തിലേക്ക് ഇനി മൂന്ന് ദിവസങ്ങൾ മാത്രം ശേഷിക്കേ കനത്ത പോരാട്ടച്ചൂടിലാണ് ചേലക്കര. തുടക്കസമയത്ത് കാര്യമായ പ്രചാരണ കോലാഹലങ്ങളൊന്നും ഇല്ലാതിരുന്ന മണ്ഡലത്തിൽ മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം പ്രചാരണത്തിൽ മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്.
കൽപാത്തി രഥോത്സവത്തെ തുടർന്ന് പാലക്കാട് ഉപതെരഞ്ഞെടുപ്പ് മാറ്റിയത് മുന്നണികൾക്കും പാർട്ടി നേതാക്കൾക്കും ഉപകാരപ്രദമാകും. ചേലക്കരയിൽ പ്രചാരണം കൊഴുപ്പിച്ചിട്ട് പാലക്കാട്ടേക്ക് ശ്രദ്ധ തിരിക്കാൻ സമയം ലഭിക്കും. മുന്നണികളുടെ നേതാക്കൾ തലങ്ങും വിലങ്ങും പായുന്ന കാഴ്ചയാണ് ചേലക്കരയുടെ മുക്കുമൂലകളിൽ.
മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് ദിവസം തുടർച്ചയായി പ്രചാരണ രംഗത്ത് സജീവമായുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പി.ബി അംഗങ്ങൾ, മന്ത്രിമാർ എന്നിവരുടെ വലിയ പട തന്നെ എൽ.ഡിഎഫ് പ്രചാരണത്തിന് കൊഴുപ്പുകൂട്ടാൻ എത്തിയിട്ടുണ്ട്. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കം നേതാക്കളും സജീവമാണ്. യു.ആർ. പ്രദീപിന്റെ വിജയം ഉറപ്പിക്കുന്നതിനൊപ്പം ലോക്സഭ തെരഞ്ഞെടുപ്പിൽ കുറഞ്ഞ ഭൂരിപക്ഷം തിരിച്ചുപിടിക്കുകയും ഇടതുമുന്നണിയുടെ ലക്ഷ്യമാണ്. പഞ്ചായത്തുകളിലും വാർഡുകളിലും ഒക്കെ മുതിർന്ന നേതാക്കൾ തന്നെ കയറിയിറങ്ങി വോട്ട് തേടുകയാണ്. മുൻ മന്ത്രിയും മണ്ഡലത്തിലെ എം.എൽ.എയുമായിരുന്ന കെ. രാധാകൃഷ്ണൻ എം.പിയും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായുണ്ട്.
ഭരണവിരുദ്ധ വികാരം മുതലാക്കി എങ്ങനെയും മണ്ഡലം പിടിച്ചെടുക്കാനാകുമെന്ന വൻ പ്രതീക്ഷയിലാണ് യു.ഡി.എഫ് ക്യാമ്പ്. രമ്യ ഹരിദാസ് ഇതിനകം പലതവണ പ്രചാരണം പൂർത്തിയാക്കിക്കഴിഞ്ഞു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കെ. സുധാകരൻ, ശശി തരൂർ എം.പി, കെ. മുരളീധരൻ, രമേശ് ചെന്നിത്തല എന്നിവരടക്കം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാണ്. ഷാഫി പറമ്പിൽ എം.പിയുടെ നേതൃത്വത്തിൽ യുവനേതാക്കൾ മണ്ഡലത്തിൽ റോഡ് ഷോയും നടത്തി. മുസ്ലിം ലീഗ് നേതാക്കളും പ്രവർത്തകരും സജീവമായി രംഗത്തുണ്ട്. ഡി.എം.കെ സ്ഥാനാർഥിയായ മുൻ കോൺഗ്രസ് നേതാവ് സുധീർ കാര്യമായ വെല്ലുവിളി ഉയർത്തില്ലെന്നാണ് കോൺഗ്രസ് ക്യാമ്പിന്റെ പ്രതീക്ഷ.
പി.വി. അൻവർ എം.എൽ.എയുടെ ഡി.ഐം.കെയും പ്രചാരണരംഗത്ത് സജീവമാണ്. ഡി.എം.കെയുടെ ഭാവി കൂടി തീരുമാനിക്കുന്നതാകും ചേലക്കരയിലെ വിധി. എൽ.ഡി.എഫ് യു.ഡി.എഫ് സ്ഥാനാർഥികൾക്കൊപ്പം എൻ.ഡി.എ സ്ഥാനാർഥി കെ. ബാലകൃഷ്ണനും പ്രചാരണത്തിൽ സജീവമുണ്ട്. ‘ബാലേട്ടന് ഒരു വോട്ട്’ എന്ന മുദ്രാവാക്യവുമായാണ് ബി.ജെ.പി പ്രചാരണം. അതിനിടെ ബി.ജെ.പി ശ്രദ്ധ മുഴുവൻ പാലക്കാടാണെന്ന ആരോപണവും ഉയരുന്നുണ്ട്. മുതിർന്ന നേതാക്കളൊന്നും കാര്യമായി പ്രചാരണത്തിന് എത്തിയിട്ടില്ല. വിജയപ്രതീക്ഷ വെച്ചുപുലർത്തുന്നില്ലെങ്കിലും വോട്ടുവിഹിതം ഗണ്യമായി ഉയർത്തുകയാണ് ബി.ജെ.പി ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.