Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചേലക്കരയുടെ സ്വന്തം...

ചേലക്കരയുടെ സ്വന്തം പ്രദീപ്; ഇളക്കമില്ലാത്ത ഇടതുകോട്ട, രമ്യക്ക് വീണ്ടും നിരാശ

text_fields
bookmark_border
Chelakkara By Election 2024, UR Pradeep
cancel

തൃശൂർ: ചേലക്കര നിയമസഭ മണ്ഡലത്തിൽ ഇടത് സ്ഥാനാർഥി യു.ആർ. പ്രദീപ് ജയിച്ചുകയറിയപ്പോൾ ഇടതുപക്ഷത്തിനും സംസ്ഥാന സർക്കാറിനും ഏറെ ആശ്വാസം. കഴിഞ്ഞ തവണത്തെ കെ. രാധാകൃഷ്ണന്‍റെ ഭൂരിപക്ഷത്തിന് അടുത്തെത്താനായില്ലെങ്കിലും ചേലക്കരയിലെ ജയം ഇടതിന് പിടിച്ചുനിൽക്കാനുള്ള കച്ചിത്തുരുമ്പായി. സംസ്ഥാനത്ത് ഭരണവിരുദ്ധവികാരമില്ലെന്ന് വാദിക്കാൻ ചേലക്കര ജയം ഇടതിന് സഹായകമാകും.

12,122 വോട്ടിനാണ് യു.ആർ. പ്രദീപ് രണ്ടാംവണയും ചേലക്കരയുടെ എം.എൽ.എയായത്. 64,259 വോട്ടാണ് പ്രദീപിന് ലഭിച്ചത്. അതേസമയം, ലോക്സഭയിലെ തോൽവിയുടെ ക്ഷീണം നിയമസഭയിൽ മാറ്റാമെന്നുള്ള യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്‍റെ പ്രതീക്ഷകളാണ് അസ്തമിച്ചത്. 52,137 വോട്ടുകൾ രമ്യക്ക് ലഭിച്ചു. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽ മത്സരിച്ച് ജയിച്ചപ്പോൾ മണ്ഡലത്തിലുൾപ്പെടുന്ന ചേലക്കരയിലെ ഇടത് കോട്ടകളെയും രമ്യ ഹരിദാസ് ഞെട്ടിച്ചിരുന്നു. എന്നാൽ, ഇത്തവണ ആ പ്രതീക്ഷകൾ അസ്ഥാനത്തായി. സ്ഥാനാർഥിനിർണയം മുതൽ കോൺഗ്രസിനകത്തുണ്ടായ അസ്വാരസ്യങ്ങൾ വോട്ടിങ്ങിലും പ്രതിഫലിച്ചു. തെരഞ്ഞെടുപ്പിൽ ശക്തിതെളിയിക്കാനുള്ള പി.വി. അൻവർ എം.എൽ.എയുടെ നീക്കത്തിനും തിരിച്ചടിയായി. എൻ.ഡി.എ സ്ഥാനാർഥി കെ. ബാലകൃഷ്ണൻ 33,354 വോട്ട് നേടാനായി.

2016ലെ തന്‍റെ തന്നെ ഭൂരിപക്ഷം മറികടന്നുള്ള വിജയമാണ് യു.ആർ. പ്രദീപ് നേടിയത്. 10,200 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാർഥി കെ.എ. തുളസിയെ അന്ന് പരാജയപ്പെടുത്തിയത്. എൻ.ഡി.എയുടെ ഷാജുമോൻ 23,845 വോട്ടായിരുന്നു നേടിയത്. ചേലക്കരയിൽ 2021 നിയമസഭ തെരഞ്ഞെടുപ്പിൽ കെ. രാധാകൃഷ്ണൻ 39,400 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അന്ന് രാധാകൃഷ്ണൻ 81,885 വോട്ട് നേടിയപ്പോൾ യു.ഡി.എഫ് സ്ഥാനാർഥി സി.സി. ശ്രീകുമാർ 43,150 വോട്ട് മാത്രമാണ് നേടിയത്. എൻ.ഡി.എയുടെ ഷാജുമോൻ വറ്റെക്കാട് 23,716 വോട്ടും നേടി.

സി.പി.എമ്മുമായി തെറ്റിപ്പിരിഞ്ഞ നിലമ്പൂർ എം.എൽ.എ പി.വി. അൻവറിനും തിരിച്ചടിയായി ചേലക്കരയിലെ ഫലം. അൻവർ രൂപീകരിച്ച ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ)യുടെ സ്ഥാനാർഥി എൻ.കെ. സുധീറിന് 3909 വോട്ടുകൾ മാത്രമാണ് പിടിക്കാനായത്. തെരഞ്ഞെടുപ്പിൽ ശക്തിപ്രകടനം നടത്താമെന്ന അൻവറിന്‍റ കണക്കുകൂട്ടലിനാണ് തിരിച്ചടിയേറ്റത്. 2009ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ചേലക്കര കൂടി ഉള്‍പ്പെടുന്ന ആലത്തൂര്‍ മണ്ഡലത്തില്‍ എൻ.കെ. സുധീര്‍ മികച്ച വോട്ടുകൾ നേടിയിരുന്നു. പി.വി. അന്‍വറിന്‍റെ നിലപാടുകളോട് ആഭിമുഖ്യമുള്ള ഇടത് അണികളുടെ വോട്ട് സുധീറിലേക്ക് പോകുമെന്ന് കണക്കുകൂട്ടലുണ്ടായെങ്കിലും അത് ചെറിയ വോട്ടിലൊതുങ്ങി.

തിരുവില്വാമല, പഴയന്നൂര്‍, ദേശമംഗലം,കൊണ്ടാഴി, ചേലക്കര, പാഞ്ഞാള്‍, വള്ളത്തോള്‍നഗര്‍, മുള്ളൂര്‍ക്കര, വരവൂര്‍ എന്നിങ്ങനെ ഒമ്പത് പഞ്ചായത്തുകളടങ്ങിയതാണ് ചേലക്കര നിയമസഭാ മണ്ഡലം. 1996 മുതൽ തുടർച്ചയായ ഏഴ് തെരഞ്ഞെടുപ്പുകളിൽ ചേലക്കരയിൽ ഇടതുപക്ഷം പരാജയമറിഞ്ഞിട്ടില്ല. 1996 മുതൽ 2016 വരെയും കെ. രാധാകൃഷ്ണനായിരുന്നു ചേലക്കരയുടെ നായകൻ. നിലവിലെ പിണറായി സർക്കാറിൽ മന്ത്രിയായിരുന്ന രാധാകൃഷ്ണൻ ആലത്തൂരിൽ നിന്ന് എം.പിയായതിനെ തുടർന്ന് രാജിവെച്ച ഒഴിവിലാണ് ചേലക്കരയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

നിയമസഭാ സാമാജികനെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെച്ചയാളാണ് യു.ആർ. പ്രദീപ്. ദേശമഗലം പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റുമായിരുന്ന അദ്ദേഹം സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്നു. കേരള സംസ്ഥാന പട്ടികജാതി-പട്ടികവർഗ വികസന കോർപറേഷൻ ചെയർമാനുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UR PradeepChelakkara By Election 2024
News Summary - Chelakkara By Election 2024 UR Pradeep won
Next Story