ചേലക്കരയങ്കം കുറിച്ചു; പത്രിക സമർപ്പിച്ച് സ്ഥാനാർഥികൾ
text_fieldsഎൽ.ഡി.എഫ് സ്ഥാനാർഥി യു.ആർ. പ്രദീപും യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസും എൻ.ഡി.എ സ്ഥാനാർഥി കെ. ബാലകൃഷ്ണനുമാണ് ബുധനാഴ്ച പത്രിക നൽകിയത്
ചേലക്കര: നിയമസഭ ഉപതെരഞ്ഞെടുപ്പിന് മൂന്നു സ്ഥാനാർഥികൾ ബുധനാഴ്ച നാമനിർദേശപത്രിക സമർപ്പിച്ചു. എൽ.ഡി.എഫ് സ്ഥാനാർഥി യു.ആർ. പ്രദീപും യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസും എൻ.ഡി.എ സ്ഥാനാർഥി കെ. ബാലകൃഷ്ണനുമാണ് വടക്കാഞ്ചേരി താലൂക്ക് ഓഫിസിൽ അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫിസർ ടി.പി. കിഷോർ മുമ്പാകെ ബുധനാഴ്ച പത്രിക നൽകിയത്. യു.ആർ. പ്രദീപ് രാവിലെ വടക്കാഞ്ചേരി സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിൽനിന്ന് നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം പ്രകടനമായാണ് എത്തിയത്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ. രാധാകൃഷ്ണൻ എം.പി, സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ്, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു, ജില്ല സെക്രട്ടറി എം.എം. വർഗീസ്, സംസ്ഥാന കമ്മിറ്റി അംഗം എ.സി. മൊയ്‌തീൻ എം.എൽ.എ, സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
രമ്യ ഹരിദാസ് രാവിലെ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രം, പഴയന്നൂർ ഭഗവതി ക്ഷേത്രം, മായന്നൂർ കാവ് എന്നിവിടങ്ങളിൽ ദർശനം നടത്തിയശേഷം വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് ഓഫിസിൽനിന്ന് നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം കാൽനടയായി താലൂക്ക് ഓഫിസിലെത്തിയാണ് പത്രിക സമർപ്പിച്ചത്. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സചീന്ദ്രൻ, സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്, മുൻ എം.എൽ.എ അനിൽ അക്കര, മുതിർന്ന നേതാവ് ഇ. വേണുഗോപാല മേനോൻ, പി.എം. അമീർ, അനീഷ്, ഷാനവാസ്, ഡി.സി.സി സെക്രട്ടറിമാരായ കെ. അജിത്കുമാർ, എൻ.ആർ. സതീശൻ, ഷാഹിദ റഹ്മാൻ, ജിജോ കുര്യൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ജി. ജയദീപ് എന്നിവർ അനുഗമിച്ചു.
എൻ.ഡി.എ സ്ഥാനാർഥി കെ. ബാലകൃഷ്ണൻ ബി.ജെ.പി മണ്ഡലം ഓഫിസിൽനിന്ന് റോഡ് ഷോയായാണ് താലൂക്ക് ഓഫിസ് പരിസരത്ത് എത്തിയത്. ജില്ല പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ, ജില്ല ജനറൽ സെക്രട്ടറിമാരായ ജസ്റ്റിൻ ജേക്കബ്, ഹരി, പി.എസ്. കണ്ണൻ, നിത്യാസാഗർ, കൃഷ്ണനുണ്ണി, രജിത്ത്, കൗൺസിലർ കവിത കൃഷ്ണനുണ്ണി എന്നിവർ ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.