ചെമ്പകവല്ലിയും നെയ്യാറും ജലകമീഷൻ അജണ്ടയിൽ; കേരളത്തിന് പ്രഹരം
text_fieldsപാലക്കാട്: മേയ് രണ്ടിന് ഡൽഹിയിൽ ചേരുന്ന കേന്ദ്ര ജലകമീഷൻ യോഗത്തിെൻറ അജണ്ടയിൽ കേരളത്തിലെ രണ്ട് ഡാമുകളെ കൂടി തന്ത്രപരമായി തമിഴ്നാട് ഉൾപ്പെടുത്തി. ഒന്നര പതിറ്റാണ്ട് മുമ്പ് ഫയൽ നടപടികൾ അവസാനിപ്പിച്ച ഇടുക്കിയിലെ ചെമ്പകവല്ലി, തിരുവനന്തപുരത്തെ നെയ്യാർ എന്നിവയിൽ തർക്കമുണ്ടെന്ന് വരുത്താനുള്ള തമിഴ്നാടിെൻറ നീക്കം വിജയിച്ചത് കേരളത്തിന് പ്രഹരമാവുമെന്നുറപ്പായി.
പറമ്പിക്കുളം-ആളിയാർ, അട്ടപ്പാടി വാലി എന്നിവ ഈ യോഗത്തിൽ ചർച്ച ചെയ്യണമെന്ന കേരളത്തിെൻറ ആവശ്യം മുൻകൂട്ടി അറിഞ്ഞ തമിഴ്നാട് കേന്ദ്ര സർക്കാറിൽ ചെലുത്തിയ സമ്മർദമാണ് ഇതുവരെ ജലകമീഷെൻറ പരിധിയിൽ വരാത്ത ഈ ഡാമുകൾ തർക്ക വിഷയത്തിൽ വരാൻ കാരണം. അജണ്ടയിൽ വരുന്നത് ഒഴിവാക്കാൻ ഉചിതമായ സമയത്ത് കേരളത്തിൽ നിന്ന് നീക്കമുണ്ടായില്ലെന്നാണ് സൂചന. കേന്ദ്ര വനനിയമ പരിരക്ഷയുള്ള പെരിയാർ ടൈഗർ റിസർവ് പരിധിയിൽ പെടുന്ന കന്യാമടക് എന്നുമറിയപ്പെടുന്ന ചെമ്പകവല്ലി അണക്കെട്ട് ഒരു നൂറ്റാണ്ട് മുമ്പ് സ്വകാര്യ വ്യക്തികൾ തങ്ങളുടെ ആവശ്യത്തിന് നിർമിച്ചതായാണ് സർക്കാർ രേഖ.
തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിലെ കൃഷിയിടങ്ങളിലേക്ക് ജലസേചനത്തിനായി മനുഷ്യവാസമില്ലാത്ത പ്രദേശത്തെ ഈ ഡാമിൽ നിന്ന് വെള്ളം കൊണ്ടുപോയിരുന്നു. അറ്റകുറ്റപ്പണി സാധ്യമാവാതെ വരികയും മരങ്ങൾ ഇടതൂർന്ന് വളരുകയും ചെയ്തപ്പോൾ കൊച്ചുഡാമിൽ നിന്ന് വെള്ളം കൊണ്ടുപോകാൻ കഴിയാതെ വന്ന തമിഴ്നാട് അത്യാവശ്യ ജോലികൾക്കായി കേരള സർക്കാറിന് പണം നൽകിയെങ്കിലും കാര്യമുണ്ടായില്ല.
അന്തർസംസ്ഥാന നദീജല ചുമതല വഹിച്ചിരുന്ന ഇറിഗേഷൻ അഡ്മിനിസ്ട്രേഷൻ വിഭാഗം ചീഫ് എൻജിനീയർ ടി.കെ. ശശി സർവിസിലിരിക്കെ 2003 ൽ ചെമ്പകവല്ലി അറ്റകുറ്റപ്പണിക്കായി തമിഴ്നാട് നൽകിയ 5.15 ലക്ഷം രൂപ തിരിച്ച് നൽകുകയായിരുന്നു. ഇതിനെതിരെ മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ചിൽ തമിഴ്നാട് ഹരജി സമർപ്പിച്ചിട്ടും കാര്യമുണ്ടായില്ല. ഡാം നിലകൊള്ളുന്ന ഇടുക്കി ജില്ല തമിഴ്നാട് കോടതിയുടെ അധികാര പരിധിയിൽ വരില്ലെന്ന വാദം മുൻനിർത്തി തമിഴ്നാട് തന്നെ കേസ് പിൻവലിക്കുകയായിരുന്നു. കേരളം ഫയൽ നടപടികൾ അവസാനിപ്പിക്കുകയും ചെയ്തു. അതുമുതൽ തമിഴ്നാട് ആരംഭിച്ച സമ്മർദ തന്ത്രമാണ് വിഷയം കേന്ദ്രജല കമീഷെൻറ മുന്നിൽ എത്തിച്ചത്.
കന്യാകുമാരി ജില്ലയിലെ വിളവൻകോട് താലൂക്കിലെ 3000 ഹെക്ടർ കൃഷിഭൂമി നനക്കാനായി തിരുവനന്തപുരത്തെ നെയ്യാർ ഡാമിൽ നിന്ന് വെള്ളം നൽകിയിരുന്നു. പ്രത്യേക കരാറുകൾ പ്രാബല്യത്തിൽ വരുത്താതെയായിരുന്നു വെള്ളം തമിഴ്നാട് കൊണ്ടുപോയിരുന്നത്. അർഹതയില്ലാത്ത ഈ വെള്ളം 2003ൽ കേരളം നിർത്തിയത് തമിഴ്നാട് ചോദ്യം ചെയ്തെങ്കിലും രേഖകളുടെ പിൻബലമുണ്ടായിരുന്നില്ല. 2006ൽ അധികാരത്തിൽ വന്ന ഇടത് മുന്നണി സർക്കാർ ഇക്കാര്യത്തിൽ ഇടപെടുകയും നെയ്യാർ വെള്ളം തമിഴ്നാടിന് നൽകുന്നതിെൻറ ഭാഗമായി കരാർ ഉണ്ടാക്കാൻ നിയമസഭയുടെ അനുമതി നൽകുകയും ചെയ്തതോടെ തമിഴ്നാടിന് കച്ചിത്തുരുമ്പായി. എന്നാൽ, ഇതുപ്രകാരമുള്ള നടപടികൾ കേരളം പൂർത്തീകരിച്ചിരുന്നില്ല. ഈ വിഷയവും ഇനി കേന്ദ്ര ജലകമീഷൻ തീരുമാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.