ബി.ഡി.ജെ.എസിനെ ചതിച്ച ബി.ജെ.പിയുടെ വീഴ്ച അർഹിക്കുന്നത് -വെള്ളാപ്പള്ളി
text_fieldsആലപ്പുഴ: ബി.ഡി.ജെ.എസിനെ ചതിച്ച ബി.ജെ.പിയുടെ പരിതാപകരമായ വീഴ്ച അവർ അർഹിക്കുന്നതാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യഥാർഥത്തിൽ ബി.ഡി.ജെ.എസിനെ അവർ ചതിക്കുകയായിരുന്നു. അതിനെ മറുചതികൊണ്ടാണ് നേരിട്ടത്. അതിെൻറ ഫലമാണ് തെരഞ്ഞെടുപ്പിൽ കണ്ടത്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
ബി.ഡി.ജെ.എസ് ഇല്ലെങ്കിൽ തങ്ങൾക്ക് ഒരു ചുക്കും സംഭവിക്കില്ലെന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ മനസ്സിലിരുപ്പ്. ഇതോടൊപ്പം ബി.ജെ.പി നേതാക്കൾ തമ്മിൽ നടത്തിയ കാലുവാരലും അവർക്ക് ക്ഷീണമുണ്ടാക്കി. കനത്ത തിരിച്ചടിയാണ് ബി.ജെ.പിക്ക് കിട്ടിയത്. അതേസമയം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അപ്രസക്തനായി. െഎ ഗ്രൂപ്പിൽനിന്ന് എ ഗ്രൂപ്പിലേക്ക് എത്തിയ വിജയകുമാറിനോട് ചെന്നിത്തലക്ക് വലിയ താൽപര്യമില്ലായിരുന്നു. സ്ഥാനാർഥിയും അപ്രസക്തനാണ്. അതിനാൽ വിജയിക്കണമെന്ന് കോൺഗ്രസും ആഗ്രഹിച്ചില്ല. ഗ്രൂപ്പുകൾ തമ്മിലുള്ള തമ്മിലടിയിലേക്ക് ചെങ്ങന്നൂർ ഫലം കോൺഗ്രസിനെ എത്തിക്കും.
വികസനം കാംക്ഷിക്കുന്നത് കൊണ്ടാണ് സജി ചെറിയാന് വലിയ ഭൂരിപക്ഷം ലഭിച്ചത്. പിണറായി വിജയനെ പോലുള്ള കെൽപ്പുള്ള മുഖ്യമന്ത്രിയുടെ ഭരണത്തിൽ ചെങ്ങന്നൂരിെൻറ ജനപ്രതിനിധിയായി സജി ചെറിയാൻ വരണമെന്ന് എല്ലാ വിഭാഗം ജനങ്ങളും ആഗ്രഹിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിക്ക് കിട്ടിയത് തിരിച്ചടി -തുഷാർ വെള്ളാപ്പള്ളി
ചേർത്തല: ബി.ജെ.പിയുടെ കേന്ദ്ര-സംസ്ഥാന നേതാക്കൾക്ക് ബി.ഡി.ജെ.എസ് പ്രവർത്തകരുടെ മറുപടിയാണ് ചെങ്ങന്നൂരിലെ വോട്ട് കുറവെന്ന് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. നേതൃത്വം പറഞ്ഞില്ലെങ്കിലും പ്രവർത്തകർ തിരിച്ച് വോട്ട് ചെയ്തതാണ് ബി.ജെ.പി സ്ഥാനാർഥിക്ക് ഇത്ര വോട്ട് കുറയാൻ കാരണം.
ബി.ജെ.പിെക്കതിരെ ബി.ഡി.ജെ.എസ് പ്രവർത്തകർ പരസ്യമായി പ്രവർത്തിച്ചിരുന്നെങ്കിൽ വോട്ടിൽ ഗണ്യമായ കുറവുണ്ടാകുമായിരുന്നു. സി.പി.എമ്മും കോൺഗ്രസും കഴിഞ്ഞാൽ സ്വന്തമായി വോട്ടുബാങ്കുള്ള പാർട്ടിയാണ് ബി.ഡി.ജെ.എസ്. ഇത് മനസ്സിലാക്കാതെ ബി.ജെ.പി, ബി.ഡി.ജെ.എസുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാത്തതാണ് തിരിച്ചടിക്ക് കാരണം. ചെങ്ങന്നൂരിൽ മുന്നണിയെന്ന തരത്തിൽ ബി.ജെ.പിക്ക് ഒപ്പം ഒരു പ്രവർത്തനവും നടത്തിയിരുന്നില്ലെന്നും അദ്ദേഹം വാർത്തലേഖകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.