ചെങ്ങന്നൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷ രാജിവെച്ചു
text_fieldsചെങ്ങന്നൂർ: വിവാദങ്ങൾക്ക് ഒരു കാലത്തും ക്ഷാമമില്ലാതെ തുടർന്നു പോകുന്ന ചെങ്ങന്നൂർ നഗരസഭയിൽ വീണ്ടുമൊരു രാഷ്ട്രീയ പോരിനു തിരികൊളുത്തി വനിത കൗൺസിലർ അർച്ചന കെ. ഗോപി വെള്ളിയാഴ്ച വൈകിട്ട് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം രാജിവെച്ചു.
ഭരണകക്ഷിയായ യുഡി.എഫിലെ കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിലെ ജനപ്രതിനിധിയാണ്. ഇതേ പാർട്ടിയിലെ സംസ്ഥാന നേതാവും കൗൺസിലറും മുൻ നഗരസഭാധ്യക്ഷനുമായ രാജൻ കണ്ണാട്ട് കഴിഞ്ഞ മാസത്തെ കൗൺസിലിൽ ദളിത് വിരുദ്ധ പരാമർശം നടത്തിയതായി പരാതിയുണ്ടായിരുന്നു. ഒരാഴ്ച മുൻപ് ചേർന്ന കൗൺസിൽ യോഗത്തിൽ ഈ പരാമർശം പിൻവലിക്കണമെന്നു പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നെങ്കിലും കൗൺസിലർ വിഷയത്തിൽ പ്രതികരിച്ചില്ല.
തുടർന്ന് ബി.ജെ.പി.യുടെ കൗൺസിലർമാർ നഗരസഭാ സെക്രട്ടറിക്കു പരാതി നൽകിയിരുന്നു. തൊട്ടടുത്ത ദിവസമാണ് ഇതേ വിഭാഗത്തിൽപ്പെടുന്ന കേരള കോൺഗ്രസിന്‍റെ വനിതാ കൗൺസിലർ രാജി സമർപ്പിച്ചത്. വിഷയത്തിൽ വനിതാ കൗൺസിലറെ മാനസികമായി ബുദ്ധിമുട്ടിച്ചതായി മറ്റു കൗൺസിലർമാരുടെ ആക്ഷേപം. സംഭവത്തിൽ കേരള ദളിത് പാന്തേഴ്‌സ് അടക്കമുള്ള സംഘടനകൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച് നഗരസഭയിൽ വീണ്ടും വിഷയങ്ങൾ ഉണ്ടാകുവാനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ല.
രാജി വിവാദമാക്കുന്നത് ദുരുദ്ദേശപരം -അർച്ചന കെ. ഗോപി
ചെങ്ങന്നൂർ: വ്യക്തിപരമായ കാരണങ്ങളാണ് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തു നിന്നും തന്‍റെ രാജിക്ക് പിന്നിലെന്ന് വ്യക്തമായി പറഞ്ഞിട്ടും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിന് പിന്നിൽ ചിലരുടെ ദുരുദ്ദേശങ്ങളുണ്ടെന്ന് വ്യക്തമാണെന്നു നഗരസഭ കൗൺസിലർ അർച്ചന കെ. ഗോപി പറഞ്ഞു.
യാതൊരു ദളിത് വിരുദ്ധ പരാമർശവും കൗൺസിൽ യോഗത്തിൽ കൗൺസിലർ രാജൻ കണ്ണാട്ട് നടത്തിയിട്ടില്ലെന്നുള്ളത് വ്യക്തമായ കാര്യമാണ്. ആഗസ്റ്റ് മാസം നടന്ന കൗൺസിൽ യോഗത്തിന്‍റെ മിനിറ്റ്സിൽ വിവാദ പരാമർശം രേഖപ്പെടുത്തിയത് മന:പൂർവ്വമാണ്. അതിന്‍റെ പിന്നിലുള്ള ലക്ഷ്യം ഇപ്പോൾ വ്യക്തമാണ്. കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിൽ മിനിറ്റ്സ് കിട്ടുന്നതുവരെ ഇതേക്കുറിച്ച് ഒരു കൗൺസിലർമാരും ഒരു പരാതിയും പറഞ്ഞിട്ടില്ല. മിനിറ്റ്സ് കിട്ടിയതിനുശേഷം പ്രതികരണവുമായി രംഗത്തുവന്നത് വിചിത്രമാണ്.
കൗൺസിൽ യോഗത്തിൽ അത്തരത്തിലുള്ള പദപ്രയോഗം നടത്തിയിരുന്നുവെങ്കിൽ അപ്പോൾ തന്നെ പ്രതികരിക്കേണ്ടിയിരുന്നു. രാജിക്ക് പിന്നിൽ തെറ്റായ കാരണങ്ങൾ കണ്ടെത്തി കേരള കോൺഗ്രസ് പാർട്ടിയുമായി തന്നെ തെറ്റിക്കാൻ നടത്തുന്ന ഗൂഢശ്രമങ്ങൾ വിലപ്പോകില്ലെന്നും അർച്ചന കെ. ഗോപി പറഞ്ഞു.
തെറ്റായ കാര്യങ്ങൾ കണ്ടാൽ അതിനെതിരെ താൻ ശക്തമായി പ്രതികരിക്കും. പക്ഷേ പറയാത്ത ഒരു പദപ്രയോഗത്തിന്‍റെ പേരിൽ തന്‍റെ രാജിയുമായി കൂട്ടിയിണക്കുന്നത് നീതികേടാണെന്നും അർച്ചന പറഞ്ഞു. തന്‍റെ രാജി തീർത്തും വ്യക്തിപരം മാത്രമാണെന്നും മറ്റ് യതൊന്നുമായി അതിനെ ബന്ധിപ്പിക്കേണ്ട കാര്യമില്ലെന്നും, എന്നും കേരള കോൺഗ്രസ് പാർട്ടിയുടെയും, ഐക്യജനാധിപത്യമുന്നണിയുടെയും തീരുമാനങ്ങൾക്ക് അനുസൃതമായി ജനങ്ങളോടൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.