ചെങ്ങറ പാക്കേജ് നടപ്പാക്കൽ: പ്രക്ഷോഭ പരമ്പരയുമായി സമര സമിതി
text_fieldsപത്തനംതിട്ട: ചെങ്ങറ പാക്കേജിെൻറ ഭാഗമായി പട്ടയം ലഭിച്ച ഭൂരഹിതർക്ക് വാസയോഗ്യവും കൃഷിയോഗ്യവുമായ ഭൂമി സ്വന്തം ജില്ലകളിൽ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭ പരമ്പര ആരംഭിക്കാൻ പത്തനംതിട്ടയിൽ നടന്ന ഭൂസമര പ്രഖ്യാപന കൺവെൻഷൻ തീരുമാനിച്ചു.
ചെങ്ങറ പാക്കേജിെൻറ ഭാഗമായി ആയിരത്തിലേറെ ഭൂരഹിതർ പട്ടയം കൈപ്പറ്റി ഒരു ദശകം കഴിഞ്ഞിട്ടും ഭൂമി ലഭിക്കാത്തതിനാലാണ് സഹനസമരത്തിന് തുടക്കം കുറിക്കാൻ തീരുമാനിച്ചത്. ആദ്യഘട്ടത്തിൽ നവംബർ 29, 30 തീയതികളിൽ ഭൂരഹിതരുടെയും പട്ടയ ഉടമകളുടെയും 48 മണിക്കൂർ നീളുന്ന രാപ്പകൽ സമരം പത്തനംതിട്ട സിവിൽ സ്റ്റേഷൻ പരിസരത്ത് നടക്കും.
ഡിസംബർ മൂന്നാം വാരം തിരുവനന്തപുരം കേന്ദ്രമായി 'ചെങ്ങറ പാക്കേജും രേഖകൾ ഇല്ലാത്ത ഹാരിസൺ ജന്മിയും' വിഷയത്തിൽ ഭൂഅവകാശ സെമിനാറും ചെങ്ങറ പാക്കേജ് നിലവിൽ വന്ന ജനുവരി രണ്ടിന് തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കൽ 101 മണിക്കൂർ നീളുന്ന റിലേ സത്യഗ്രഹവും നടക്കും.
പത്തനംതിട്ടയിൽ നടന്ന ഭൂസമര കൺവെൻഷന് ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡൻറ് ശ്രീരാമൻ കൊയ്യോൻ അധ്യക്ഷത വഹിച്ചു. ആദിവാസി ഗോത്ര മഹാസഭ കൺവീനർ എം. ഗീതാനന്ദൻ ഉദ്ഘാടനം ചെയ്തു. കെ.ഡി.പി പ്രസീഡിയം അംഗം കെ. അംബുജാക്ഷൻ മുഖ്യപ്രഭാഷണം നടത്തി.
ഡി.എച്ച്.ആർ.എം സെക്രട്ടറി സലീന പ്രക്കാനം, സാംബവ മഹാസഭ യൂത്ത് വിങ് പ്രസിഡൻറ് സതീഷ് മല്ലശേരി, അരിപ്പ ഭൂസമര കൺവീനർ വി. രമേശൻ, ചെങ്ങറ ഭൂ സമര നേതാക്കളായ പി.പി. നാരായണൻ, സരോജിനി വാലുങ്കൽ, കെ.ആർ. രാജേന്ദ്രൻ, സാധുജന സംയുക്ത വേദി നേതാക്കളായ അച്യുതൻ കോന്നി, പാറ്റൂർ സുഗതൻ, ചെങ്ങറ പുനരധിവാസ സമിതി കാസർകോട് കൺവീനർ തങ്കപ്പൻ എരുമേലി, എം.ജി. മനോഹരൻ എന്നിവർ സംസാരിച്ചു. കൺവെൻഷന് മുന്നോടിയായി നഗരത്തിൽ ഭൂ അവകാശ റാലികൾ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.